മിഗേൽ ലിറ്റിൻ (ജനനം – 1942 ഓഗസ്റ്റ് 9) Miguel Littín
ലാറ്റിനമേരിക്കൻ സിനിമയിലെ വിപ്ലവസാന്നിധ്യമെന്ന് വിശേഷിപ്പിക്കാവുന്ന ചിലിയൻ സംവിധായനാണ് മിഗേൽ ലിറ്റിൻ. സ്വേച്ഛാധിപത്യഭരണകൂടം നാടുകടത്തിയ സ്വദേശത്തേക്ക്, ജീവൻ പോലും പണയം വെച്ച്, വേഷപ്രച്ഛന്നനായി തിരിച്ചെത്തി സ്വന്തം ദേശത്തെക്കുറിച്ചും അവിടെ തുടരുന്ന സ്വേച്ഛാധിപത്യപ്രവണതകൾക്കെതിരെയും സിനിമയെടുത്ത ധീരനായ ചലച്ചിത്രകാരൻ കൂടിയാണ് ലിറ്റിൻ. തിരക്കഥാകൃത്തും നിർമാതാവും കൂടിയായ അദ്ദേഹം, ഒരു നോവലിസ്റ്റ് എന്ന നിലയിലും ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ സവിശേഷസാന്നിധ്യവുമാണ്.
ചിലിയിലെ കൊൽചാഗ്വ പ്രവിശ്യയിലുള്ള പാൽമിലയിലാണ് ലിറ്റിൻ ജനിച്ചത്. പിതാവ് ഫലസ്തീൻകാരനും അമ്മ ഗ്രീക്കുകാരിയുമാണ്. 1959 മുതൽ 62 വരെയുള്ള കാലത്ത് ചിലി സർവകലാശാലയിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
1969ൽ സംവിധാനം ചെയ്ത ദ് ജക്കൽ ഒഫ് നൗഎൽതൊറൊ എന്ന ചിത്രത്തോടെയാണ് അദ്ദേഹം ചലച്ചിത്രസംവിധായകൻ എന്ന രീതിയിൽ ലബ്ധപ്രതിഷ്ഠനാകുന്നത്. തന്റെ ആദ്യ ഫീച്ചർ ചിത്രത്തിലൂടെ തന്നെ ചിലിയിലെ സാമൂഹ്യരാഷ്ട്രീയ അവസ്ഥയെക്കുറിച്ചുള്ള ലിറ്റിന്റെ പരിഗണന വ്യക്തമാകുന്നു.
ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ അലൻഡെ ഭരണകാലത്ത് ചിലിയിലെ സർക്കാർ സിനിമാനിർമാണ കമ്പനിയുടെ ഡയറക്റ്റർ ആയി അദ്ദേഹം മാറുന്നു. തുടർന്നാണ്, 1971ൽ Compañero Presidente (Comrade President) എന്ന ഡോക്യുമെന്ററി അദ്ദേഹം നിർമിക്കുന്നത്.
1973ൽ The Promised Land എന്ന ലിറ്റിൻ ചിത്രത്തിന്റെ നിർമാണപ്രവത്തനങ്ങൾ പുരോഗമിച്ചുവരവേയാണ്, സാൽവദോർ അലൻഡെയുടെ നേതൃത്വത്തിൽ ജനാധിപത്യപരമായ രീതിയിൽ രൂപം കൊണ്ട ചിലിയൻ സർക്കാറിനെ സി ഐ എ പിന്തുണയോടെയുള്ള പട്ടാള അട്ടിമറിയിലൂടെ തൂത്തെറിഞ്ഞ്, ഒഗസ്റ്റെ പിനോഷെ എന്ന സ്വേച്ഛാധിപതി ചിലിയുടെ ഭരണം കൈക്കലാക്കിയത്. തുടർന്ന് പട്ടാളഭരണകൂടം ലിറ്റിനെ മെക്സിക്കോയിലേക്ക് നാടുകടത്തി. ദ് പ്രോമിസ്ഡ് ലാന്റ് എന്ന ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത് ക്യൂബയിൽ വെച്ചാണ്. പിന്നീട് ഈ ചിത്രം കാൻ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്നുള്ള ചിത്രങ്ങൾ അദ്ദേഹം മെക്സിക്കോയിൽ വച്ചാണ് സംവിധാനം ചെയ്തിരുന്നത്. പിന്നീട് അദ്ദേഹം നികരാഗ്വയിലേക്കും അവിടെ നിന്ന് സ്പെയിനിലേക്കും താമസം മാറുകയുണ്ടായി.
1984ൽ സ്പെയിനിൽ കഴിഞ്ഞുവരവേയാണ്, വീണ്ടും ചിലിയിലേക്ക് മടങ്ങാനും അവിടത്തെ നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെക്കുറിച്ച് ഒരു സിനിമ ചിത്രീകരിക്കുന്നതിനും ഉള്ള ആശയം അദ്ദേഹത്തിൽ ഉടലെടുക്കുന്നത്. നാടുകടത്തിയ രാജ്യത്തേക്ക് നിയമവിരുദ്ധമായി തിരിച്ചുപോവുക എന്നതുതന്നെ ഗുരുതരമായ പ്രശ്നമുണ്ടാക്കും എന്നതിന് പുറമേ ആ പോക്ക് സർക്കാറിനെതിരായ സിനിമ നിർമിക്കുവാനാണ് എന്നത് പ്രശ്നങ്ങൾ ഇരട്ടിയാക്കുയും ചെയ്യും. അദ്ദേഹം പരസ്പരം പരിചയമില്ലാത്ത മൂന്ന് സിനിമാ നിർമാണ സംഘങ്ങളെ പല വിഷയങ്ങളിലുള്ള സിനിമ പിടിക്കുവാനെന്ന മട്ടിൽ ചിലിയിലേക്ക് അയക്കുന്നു. പിന്നീട് ഒരു യുറുഗ്വായ് ബിസിനസസ്സുകാരനായി വേഷം മാറി കള്ള പാസ്പോർടിൽ ലിറ്റിനും ചിലിയിലേക്ക് തിരിക്കുന്നു. ഈ വേഷപ്പകർച്ച കണ്ട് സ്വന്തം അമ്മയ്ക്കും അടുത്ത സുഹൃത്തുക്കൾക്കം ഒന്നും ലിറ്റിനെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല എന്ന് ലിറ്റിൻ പിന്നീട് പറയുന്നുണ്ട്. ഈ രീതിയിൽ അതിസാഹസികമായി പൂർത്തിയാക്കിയ ഡോക്യുമെന്ററി സിനിമയാണ് Acta General de Chile. നാല് ഭാഗങ്ങളുള്ള ദീർഘമായ ഈ ഡോക്യുമെന്ററി ചിലിയൻ പ്രതിരോധത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും കുറിച്ച് വളരെ വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. ലിറ്റിന്റെ മേഷം മാറിയുള്ള ചിലി സന്ദർശനത്തെയും ഈ ചിത്രത്തിന്റെ നിർമാണത്തെയും കുറിച്ച് പ്രതിപാദിക്കുന്ന വളരെ ശ്രദ്ധേയമായ ഒരു സാഹിത്യകൃതിയാണ് ക്ലാൻഡസ്റ്റൈൻ ഇൻ ചിലി – ദ് അഡ്വെഞ്ചേഴ്സ് ഒഫ് മിഗ്വെൽ ലിറ്റിൻ. ഇത് എഴുതിയത് വിശ്വപ്രസിദ്ധ സാഹിത്യകാരനായ ഗബ്രിയേൽ ഗാർഷ്യ മാർക്വെസ് ആണ്.
“ഒരാളെ സംബന്ധിച്ച് സ്വരാജ്യം എന്നത് അയാൾ ജനിച്ച സ്ഥലമാണ്, അതേ സമയം അയാൾക്ക് സുഹൃത്തുക്കളുള്ള ഒരു സ്ഥലം കൂടിയാണത്, നീതി നിലനിൽക്കുന്ന ഒരു സ്ഥലവുമാണത്, അയാൾക്ക് സ്വന്തം കല കൊണ്ട് എന്തെങ്കിലും സംഭാവനകൾ നൽകാൻ പറ്റിയ ഒരു സ്ഥലവുമാണത്” എന്നാണ് ലിറ്റിൻ സ്വരാജ്യത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ എടുത്തുപറയുന്ന ഒരു കാര്യം.
On vous parle du Chili: Ce que disait Allende (Documentary short-1975), Letters from Marusia (1976), Crónica de Tlacotalpan (Documentary short-1978), La viuda de Montiel (1979), The Recourse to the Method (1979), Acuacultura – Granjas de agua (Documentary short-1980), Alsino and the Condor (1982), Sandino (1991), Los Náufragos (1994), Aventureros del fin del mundo (TV Movie-1998), Tierra del fuego (2000), Crónicas palestinas (Documentary-2001), El abanderado (2002), La Última Luna (2005), Dawson Isla 10 (2009), Allende en su laberinto (2014) എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകൾ.
സൊളാനസിലൂടെയും ഗെറ്റിനോയിലൂടെയും പുറത്തുവന്ന മൂന്നാം സിനിമ എന്ന ആശയത്തിന് പുതിയൊരു തലം സൃഷ്ടിക്കുക കൂടിയായിരുന്നു മിഗ്വെൽ ലിറ്റിൻ എന്ന ചലച്ചിത്രകാരൻ ചെയ്തത്.
Zeinul Hukuman N H
August 9, 2021 at 9:06 amഇദ്ദേഹം തിരുവനന്തപുരം IFFI യിൽ വന്നപ്പോൾ ചെയ്ത അഭിമുഖം റെഡ് ഫ്ലാഗ് പ്രസിദ്ധീകരിച്ചിരുന്നു. Copy നഷ്ടപ്പെട്ടു. ഫോട്ടോ തിരഞ്ഞാൽ കിട്ടും. Clandestine in Chile ആവേശത്തോടെ വായിച്ച പിന്തുണയും ഉണ്ടായിരുന്നു.
MohananC
August 9, 2021 at 10:50 amOK sir….