മൊഹ്സിൻ മഖ്മൽബഫ് (ജനനം – 1957 മെയ് 29)

ജന്മദിന സ്മരണ

മൊഹ്സിൻ മഖ്മൽബഫ് (ജനനം – 1957 മെയ് 29) Mohsen Makhmalbaf

പ്രസിദ്ധനായ ഇറാനിയൻ ചലച്ചിത്രകാരനാണ് മൊഹ്സിൻ മഖ്മൽബഫ്. ഇറാനിയൻ സിനിമ ഇന്ന് കാണുന്ന രീതിയിൽ അന്താരാഷ്ട്രപ്രസിദ്ധി നേടുന്നതിന്ന് കാരണമായ സിനിമാനവതരംഗത്തിന്റെ അമരക്കാരനായി അറിയപ്പെടുന്നത് മഖ്മൽബഫ് ആണ്. സംവിധയകൻ എന്നതിനൊപ്പം എഴുത്തുകാരനും സിനിമാ എഡിറ്ററും നിർമാതാവും കൂടിയാണ്.

ഇറാനിലെ ടെഹ്റാനിൽ ഒരു ദരിദ്രകുടുംബത്തിലാണ് മഖ്മൽബഫ് ജനിച്ചത്. പതിനഞ്ചാം വയസ്സിൽ തന്നെ ഇറാനിൽ ഷാ ഭരണത്തിനെതിരായി നടക്കുന്ന സമരത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. ഒരു പോലീസുകാരനെ കുത്തിയതിനെത്തുടർന്ന് 1974ൽ, പതിനേഴാം വയസ്സിൽ ജയിലിലടയ്ക്കപ്പെട്ടു. കൊടിയ പീഡനങ്ങളാണ് ജയിലിൽ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നിരുന്നത്. ഏതാണ്ട് അഞ്ച് വർഷത്തെ ജയിൽവാസത്തിന് ശേഷം ആയത്തൊള്ളാ ഖൊമേനിയുടെ നേതൃത്വത്തിൽ നടന്ന ഇറാൻ വിപ്ലവകാലത്ത് 1978ൽ അദ്ദേഹം ജയിൽമോചിതനായി. ജയിലിലെ കാലയളവിൽ ധാരാളം പുസ്തകങ്ങൾ വായിക്കുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ജയിൽവാസാനന്തരം അദ്ദേഹം എഴുത്ത് ആരംഭിച്ചു. നോവലുകൾ, ചെറുകഥകൾ, തിരക്കഥകൾ എന്നിവ അദ്ദേഹം ഇക്കാലത്ത് രചിച്ചിരുന്നു. പതിയെ അദ്ദേഹത്തിന്റെ ശ്രദ്ധ സിനിമയിലേക്ക് തിരിഞ്ഞു. നാസൂസ് റിപെന്റൻസ് (1982), ഇസ്തിയേസാ (1983), റ്റു സൈറ്റ് ലെസ് ഐസ് (1983) എന്നിവയാണ് ആദ്യം സംവിധാനം ചെയ്ത ചിത്രങ്ങൾ. 1980കളുടെ അവസാനമാകുമ്പോഴേക്കും സിനിമയിൽ കുറച്ചുകൂടി ഗൌരവതരമായ ഇടപെടലുകൾ നടത്താവുന്ന രീതിയിൽ അദ്ദേഹത്തിലെ കലാകാരൻ വികാസം പ്രാപിച്ചു. 1985ൽ ഇറങ്ങിയ ബോയ്കോട് എന്ന ചിത്രം കമ്യൂണിസ്റ്റ് ആശങ്ങൾ വച്ചുപുലർത്തുന്നു എന്നതിനാൽ ജയിലിലടക്കപ്പെടുന്ന ഒരു വിപ്ലവകാരിയുടെ കഥയാണ് പറയുന്നത്. മഖ്മൽബഫിന്റെ തന്നെ ആത്മകഥാംശമുള്ള ഒരു സിനിമയാണ് ഇത്. ഇതിൽ നായകകഥാപാത്രത്തെ അവതരിപ്പിച്ചത് പിൽക്കാലത്ത് ഇറാൻ സിനിമയിലെ ശ്രദ്ധേയസംവിധായകനായി മാറിയ മജീദ് മജീദിയാണ്. തുടർന്ന് ദ് പെഡ്ലർ (1986), ദ് സൈക്ലിസ്റ്റ് (1987) എന്നീ സിനിമകൾ പുറത്തുവന്നു. ടൈം ഒഫ് ലൌ (1991), സയാന്തെ റുദ് നൈറ്റ്സ് (1990), വൺസ് അപോൺ എ ടൈം, സിനേമ (1991), ദ് ആക്റ്റർ (1992) എന്നീ ചിത്രങ്ങൾ തൊണ്ണൂറുകളുടെ ആദ്യപാതിയിൽ പുറത്തുവന്നവയാണ്. ഇക്കലമാകുമ്പോഴേക്കും ഇറാൻ സിനിമയിലെ മാറ്റിനർത്താനാവാത്ത സാന്നിധ്യമായി മഖ്മൽബഫ് ഉയർന്നുകഴിഞ്ഞിരുന്നു. സലാം സിനേമ (1994), എ മൊമന്റ് ഒഫ് ഇന്നസെൻസ് (1995), ഗബ്ബെ (1995) എന്നീ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ ഇന്ത്യയിലുൾപ്പെടെ ലോകത്താകമാനം നടക്കുന്ന വിവിധ ചലച്ചിത്രമേളകളിലെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമായി മഖ്മൽബഫ് മാറി.

തൊണ്ണൂറുകളുടെ അവസാനവർഷത്തിൽ അയൽരാജ്യമായ അഫ്ഘാനിസ്ഥാനിലെ അങ്ങേയറ്റം നരകതുല്യമായ ജീവിതയാഥാർത്ഥ്യങ്ങളെക്കുറിച്ച് മഖ്മൽബഫ് അന്വേഷണമാരംഭിച്ചു. തുടർന്ന് അദ്ദേഹം ദീർഘകാലത്തേക്ക് അഫ്ഘാനിസ്ഥനെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടത്തി. തന്റെ അയൽരാജ്യത്ത് ഏതാണ്ട് നാൽപത് ശതമാനത്തോളംവരുന്ന ജനത ഇതിനോടകം ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതിനെത്തുടർന്നാണ് അഫ്ഘാനിസ്ഥാൻ പ്രശ്നം ലോകജനതക്ക് മുമ്പിലെത്തിക്കുവാനായി ഖാണ്ഡഹാർ എന്ന ചിത്രം 2001ൽ അദ്ദേഹം സംവിധാനം ചെയ്യുന്നത്. ഇറങ്ങിയ ഉടൻ ഈ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചില്ലെങ്കിലും 2001ലെ 9/11 അക്രമണത്തോടുകൂടി ഈ ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങി.

ഖാണ്ഡഹാർ സിനിമയെക്കുറിച്ചുള്ള മൊഹ്സിൻ മഖ്മൽബഫിന്റെ വാക്കുകൾ ഇങ്ങനെയാണ്: “ഈ സിനിമ നിർമിക്കുന്നതിലേക്ക് കടന്നപ്പോഴാണ്, ഞാനൊരു സിനിമ ചെയ്യുകയല്ല മറിച്ച് ഒരു വൻദുരന്തത്തെക്കുറിച്ച് ലോകത്തെ അറിയിക്കുവാനായി സിനിമ എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തുക മാത്രമാണ് എന്നെനിക്ക് തോന്നിയത്. ഇങ്ങനെ തോന്നിയ എന്റെ ഒരേയൊരു പ്രൊജക്റ്റായിരുന്നു ഈ സിനിമ. കാരണം 9/11ന് മുമ്പ് ആരും അഫ്ഘാനെക്കുറിച്ച് സംസാരിക്കുകയോ വേവലാതിപ്പെടുകയോ ചെയ്തിരുന്നില്ല. അഫ്ഘാനിസ്ഥാനകത്തെ സാഹചര്യത്തെക്കുറിച്ച് പറയുന്ന ഒരേയൊരു ഫീച്ചർ സിനിമയായിരുന്നു ഖാണ്ഡഹാർ.”

2001ൽ ടൈം മാഗസിൻ എക്കാലത്തെയും മികച്ച 100 സിനിമകൾ കണ്ടെത്തുവാനായി നടത്തിയ തിരഞ്ഞെടുപ്പിനെത്തുടർന്ന് ആ ലിസ്റ്റിൽ ഇടം നേടിയ ചിത്രമായിരുന്നു ഖാണ്ഡഹാർ. അതുപോലെ UNESCOയുടെ ഫെഡറികൊ ഫെല്ലിനി അവാർഡും ആ ചിത്രം നേടുകയുണ്ടായി. ആ അവാർഡ് വിതരണവേളയിൽ അഫ്ഘാനിസ്ഥാനിലെ കുട്ടികളുടെ അവസ്ഥയെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമിക്കുവാൻ യുനെസ്കൊ മഖ്മൽബഫിനെ ചുമതലപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഫലമായി ഉണ്ടായ ഡോക്യുമെന്ററിയാണ് ദ് അഫ്ഘാൻ ആൽഫബെറ്റ് (2002). ഇറാൻ അഫ്ഘാനിസ്ഥാൻ അതിർത്തിയിലുള്ള സഹേദാൻ അഭയാർത്ഥി ക്യാംപിലായിരുന്നു ആ ഡോക്യുമെന്ററി ഷൂട്ട് ചെയ്തിരുന്നത്.

സെക്സ് ഏന്റ് ഫിലോസഫി (2005), സ്ക്രീം ഒഫ് ദ് ആന്റ്സ് (2006), ദ് ഗാർഡ്നർ (2012), ദ് പ്രസിഡന്റ് (2014), മാർഗെ ഏന്റ് ഹെർ മദർ (2019) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് സുപ്രധാന ചിത്രങ്ങൾ.

അദ്ദേഹത്തിന്റെ എ മൊമന്റ് ഒഫ് ഇന്നസെൻസ് ഉൾപ്പെടെയുള്ള പല ചിത്രങ്ങളും ഇറാനിൽ തന്നെ നിരോധിക്കുകയുണ്ടായി. തൊണ്ണൂറുകളുടെ ഒടുവിൽ ഇറാനിൽ ഉദയം ചെയ്ത നവീകരണപ്രസ്ഥാനങ്ങളോട് ആദ്യമൊക്കെ മഖ്മൽബഫ് അടുപ്പം കാട്ടിയിരുന്നുവെങ്കിലും, പിൽക്കാലത്ത് അതിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന് അദ്ദേഹം തിരിച്ചറിയുകയും, അതിനെത്തുടർന്ന് 2005ൽ അദ്ദേഹം ഇറാനിൽ നിന്ന് പോവുകയുമാണുണ്ടായത്. ഇപ്പോൾ അദ്ദേഹം പാരീസിലാണ് ജീവിക്കുന്നത്.

ലോകത്തിലെ ഏറെ പ്രശസ്തമായ അമ്പതിലേറെ പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങൾ നേടിയിട്ടുണ്ട്. ഒട്ടേറെ അന്താരാഷ്ട്ര ഫെസ്റ്റിവെലുകളിൽ പ്രധാന ജൂറി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതുപോലെ ലോകത്തിലെ എല്ലാ മികച്ച അന്താരാഷ്ട്ര ഫെസ്റ്റിവെലുകളിലും അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

അദ്ദേഹത്തിന്റെ ഭാര്യയായ മാർസിയെ മെഷ്കിനി, പെൺമക്കളായ സമീറ മഖ്മൽബഫ്, ഹന മഖ്മൽബഫ് എന്നിവരും പ്രസിദ്ധ ചലച്ചിത്രസംവിധായകരാണ്. മകനായ മെയ്സാമും സിനിമാ എഡിറ്ററും ഛായാഗ്രാഹകനും നിർമാതാവുമാണ്. ഇവരെല്ലാവരും ചേർന്ന സിനിമാനിർമാണക്കമ്പനിയായ മഖ്മൽബഫ് ഫിലിം ഹൌസ് ലണ്ടനിൽ പ്രവർത്തിക്കുന്നു. ഫീച്ചർ, ഡോക്യുമെന്ററി, ഹ്രസ്വ ചിത്രവിഭാഗങ്ങളിലായി അമ്പതിലേറെ ചിത്രങ്ങൾ ഈ കമ്പനി നിർമിച്ച് സംവിധാനം ചെയ്തിട്ടുണ്ട്.

(മഖ്മൽബഫിന്റെ സിനിമയെയും ജീവിതത്തെയും പരിചയപ്പെടുത്തുന്ന മീഡിയാ വണ്‍ ചാനല്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി കാണാം.)

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


1 Comment
  1. Ramesh

    May 29, 2021 at 7:52 am

    Good effort.kudos to the team.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *