മൃണാൾ സെൻ (ജനനം – 1923 മെയ് 14) Mrinal Sen
ഇന്ത്യൻ നവതരംഗസിനിമകളുടെ പ്രധാനവക്താവായി വിശേഷിപ്പിക്കപ്പെടുന്ന ചലച്ചിത്രകാരനാണ് മൃണാൾ സെൻ. മൃണാൾ സെന്നിനോടൊപ്പം സത്യജിത് റോയ്, ഋത്വിക് ഘട്ടക് എന്നിവർ കൂടി ഉൾപ്പെട്ട വിഖ്യാത സംവിധായകരുടെ കൂട്ടായ്മയെയാണ് ഇന്ത്യൻ സംവിധായകത്രയം എന്ന് വിശേഷിപ്പിക്കുന്നത്. ബാംഗാളിയിലും ഹിന്ദിയിലുമായാണ് അദ്ദേഹം പ്രധാനമായും സിനിമകൾ സംവിധാനം ചെയ്തത്. രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക യാഥാർത്ഥ്യങ്ങൾ അന്വേഷിക്കുവാനുള്ള ശ്രമങ്ങളാണ് സിനിമകളിലൂടെ അദ്ദേഹം നടത്തിയത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായ ഫരീദ്പൂർ എന്ന സ്ഥലത്താണ് (ഇന്നത്തെ ബംഗ്ലാദേശിൽ) മൃണാൾ സെൻ ജനിച്ചത്. അവിടെ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഉപരിപഠനാർത്ഥം കൽക്കത്തയിലെത്തി. കൽകത്താ സർവകലാശാലയിലെ വിദ്യാഭ്യാസകാലത്ത് അദ്ദേഹം കമ്യൂണിസ്റ്റ് പാർടിയുടെ സാംസ്കാരികവിഭാഗവുമായി സഹകരിച്ച് പ്രവർത്തിച്ചു. ജീവിതത്തിൽ ഒരിക്കൽ പോലും കമ്യൂണിസ്റ്റ് പാർടികളിലേതിലും അംഗത്വമെടുത്തില്ലെങ്കിലും പുരോഗമനോന്മുഖമായ കമ്യൂണിസ്റ്റ് ആശയങ്ങൾക്കൊപ്പം അദ്ദേഹം എക്കാലത്തും നിലകൊണ്ടിരുന്നു. ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ – IPTA) എന്ന സാംസ്കാരികസംഘവുമായുള്ള ബന്ധം സാംസ്കാരികരംഗത്തെ ഒട്ടേറെ സമാനമനസ്കരുമായി അടുത്തിടപഴകുവാനുള്ള അവസരം സെന്നിന് ഉണ്ടാക്കിക്കൊടുത്തു. അദ്ദേഹം പലപ്പോഴും സ്വയം വിശേഷിപ്പിച്ചിരുന്നത് ഒരു ‘സ്വകാര്യ മാർക്സിസ്റ്റ്’ എന്നായിരുന്നു.
സിനിമയുടെ സൗന്ദര്യശാസ്ത്രം സംബന്ധിച്ച റുഡോൾഫ് ആർനെയിമിന്റെ ഫിലിം ഏസ് ആർട് എന്ന പുസ്തകം വായിച്ചതാണ് അദ്ദേഹത്തിന് സിനിമയിൽ താൽപര്യം ജനിക്കാനുള്ള പ്രധാന കാരണം. മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലിയാണ് ആദ്യം ലഭിച്ചത് എന്നതിനാൽ അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് കൽക്കത്ത വിട്ടുപോകേണ്ടതായി വന്നു. ഇത് മതിയാക്കി കൽക്കത്തിയിൽ തിരിച്ചെത്തിയ അദ്ദേഹം ഒരു ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യന്റെ ജോലി ചെയ്യുവാനാരംഭിച്ചു. അവിടെയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് തുടക്കമാവുന്നത്.
രാഥ് ഭോറെ എന്ന ആദ്യചിത്രം സംവിധാനം ചെയ്യുന്നത് 1953ലാണ്. അത് മൃണാൾ സെൻ തന്നെ മറക്കാനാഗ്രഹിക്കുന്ന ഒരധ്യായമാണെന്ന് പല സ്ഥലത്തും അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടാമത് സംവിധാനം ചെയ്ത നീലെ ആകാഷേർ നീചെ എന്ന ചിത്രമാണ് ഒരു സംവിധായകൻ എന്ന നിലയിൽ മൃണാൾ സെന്നിന് ബംഗാളിൽ പ്രാദേശികമായ പ്രസിദ്ധി നേടിക്കൊടുത്തത്. പിന്നീട് 1960ൽ പുറത്തുവന്ന ചിത്രമായ ബൈഷെ ശ്രാവൺ എന്ന ചിത്രമാണ് അദ്ദേഹത്തെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനാക്കിയത്.
1969ൽ ഭുവൻ ഷോം ഇറങ്ങുന്നതോടെയാണ് ഇന്ത്യൻ സിനിമയിൽ അവഗണിക്കാനാവാത്ത ഒരു സാന്നിദ്ധ്യമായി അദ്ദേഹം മാറുന്നത്. ആ വർഷം മികച്ച ചിത്രം, സംവിധായകൻ, നടൻ (ഉത്പൽ ദത്തിന്) എന്നീ വിഭാഗത്തിലുള്ള ദേശീയ അവാർഡുകൾ ആ ചിത്രം നേടുകയുണ്ടായി. അമിതാഭ് ബച്ചൻ ആദ്യമായി ശബ്ദം നൽകിയ ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഇന്ത്യയിൽ നവസിനിമാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച സിനിമയായി ഇതിനെ പല നിരൂപകരും വിശേഷിപ്പിക്കുന്നുണ്ട്.
വളരെയധികം രാഷ്ട്രീയസ്വഭാവമുള്ള സിനിമകളായിരുന്നു സെന്നിന്റേത്. അതേ സമയം അവ ഇരുണ്ടതും വിഷാദം മുറ്റിനിൽക്കുന്നവയും കൂടിയായിരുന്നു. സ്വന്തം സിനിമകളുടെ രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തന്നെ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്:
“സിനിമ ഒരു തോക്കാണെന്ന ഗോദാർദിന്റെ നിലപാടിനോട് എനിക്കേതായാലും യോജിക്കാനാവില്ല. അത് അങ്ങേയറ്റം കാല്പനികമായ ഒരു വിശേഷണമാണ്. ഒരു ‘പൊടെംകിൻ’ ഉണ്ടാക്കി എന്നുവച്ച് നിങ്ങൾക്ക് ഒരു സർക്കാറിനെ അട്ടിമറിക്കാനൊന്നും സാധിക്കില്ല. പത്ത് ‘പൊടെംകിനു’കൾ ഉണ്ടാക്കിയാൽ പോലും അത് സാധ്യമല്ല. ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റ് പ്രവണതകൾ കാണിക്കുന്നതുമായ ഒരു സമൂഹത്തിൽ, ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാവുന്ന ഒരു പരിസരം സൃഷ്ടിക്കുക എന്നത് മാത്രമേ നിങ്ങൾക്ക് സാധിക്കൂ.”
കൽക്കത്ത ത്രയം എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇന്റർവ്യൂ (1971), കൽകട്ട 71 (1972), പദാധിക് (1973) എന്നിവ. കലാമൂല്യമുള്ള സിനിമകളല്ല, മറിച്ച് എനിക്ക് നിർമിക്കേണ്ടത് അസ്വസ്ഥപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന സിനിമകളാണ് എന്നാണ് അദ്ദേഹം ഇക്കാലത്ത് അഭിപ്രായപ്പെട്ടിരുന്നത്.
കോറസ് (1974), മൃഗയ (1976), ഏക് ദിൻ പ്രതിദിൻ (1979), അകാലേർ സന്താനെ (1980), ഖാണ്ഡഹാർ (1983), ജനെസിസ് (1986), ഏക് ദിൻ അചാനക് (1987), അന്തരീൻ (1993), അമർ ഭുബൻ (2002) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയചിത്രങ്ങൾ. ഒറിയ ഭാഷയിൽ മതിര മനിഷ (1966) എന്ന ചിത്രവും തെലുങ്കിൽ ഒക്ക ഊരി കഥ (1977) എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. കയ്യൂർ സമരവുമായി ബന്ധപ്പെട്ട് മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്ന ആഗ്രവുമായി അദ്ദേഹം കേരളത്തിൽ എത്തിയിരുന്നെങ്കിലും ആ പദ്ധതി വെളിച്ചം കാണാതെ പോവുകയാണുണ്ടായത്.
1953ൽ അദ്ദേഹം ഗീത ഷോം (പിന്നീട് ഗീത സെൻ എന്നറിയപ്പെട്ടു) എന്ന ചലച്ചിത്രനടിയെ വിവാഹം ചെയ്തു. സെന്നിന്റെ എല്ലാ ചിത്രങ്ങളുടെയും പിറകിൽ പ്രവർത്തിച്ച ശക്തിയായി എക്കാലത്തും വർത്തിച്ചിരുന്നത് ഗീതാ സെൻ ആയിരുന്നു. അവരുടെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് പ്രമുഖ ചലച്ചിത്രസംവിധായകൻ ശ്യാം ബെനെഗൽ ഇങ്ങനെ പറയുന്നു:
“കൂടെയുള്ളവർക്ക് ആശ്വാസമേകുവാൻ ഗീതാ ദീദിക്ക് ഒരു പ്രത്യേകരീതിയുണ്ടായിരുന്നു. ചലച്ചിത്രകലാഘടനയെക്കുറിച്ച് അഗാധമായ അവഗാഹമുണ്ടായിരുന്ന ഒരു പ്രതിഭാശാലിയായ അഭിനേത്രി കൂടിയായിരുന്നു അവർ. അവരുടെ സ്ഥിരം ഫാനായിരുന്നു മൃണാൾ ദാ.”
18 ദേശീയ സിനിമാപുരസ്കാരങ്ങളും പത്മഭൂഷൺ ഉൾപ്പെടെയുള്ള സിവിലിയൻ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച്, റഷ്യൻ സർക്കാരുകൾ അവരുടെ പരമോന്നത ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ സിനിമാരംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ ഫാൽകെ അവാർഡ് 2003ൽ അദ്ദേഹത്തിന് ലഭിച്ചിരുന്നു. സത്യജിത് റായിക്ക് പുറമേ, ലോകത്തെ ബിഗ് ത്രീ എന്നറിയപ്പെടുന്ന വൻകിട ചലച്ചിത്രമേളകളായ കാൻ, ബെർലിൻ, വെനീസ് എന്നിവയിലെല്ലാം അവാർഡ് ലഭിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ സംവിധായകൻ കൂടിയാണ് മൃണാൾ സെൻ.
2018 ഡിസംബർ 30ന് കൊൽകത്തയിലാണ് അദ്ദേഹം അന്തരിച്ചത്.
Mrinal Sen: An Era in Cinema എന്ന ഡോക്യുമെന്ററി കാണാം
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍