സത്യജിത് റോയ് (ജനനം – 1921 മെയ് 2)

ജന്മദിന സ്മരണ

സത്യജിത് റോയ് (ജനനം – 1921 മെയ് 2) Satyajit Ray

ഇന്ത്യയിലെ ഏറ്റവും മഹാനായ ചലച്ചിത്രകാരൻ എന്ന് ഒറ്റ വാചകത്തിൽ ചുരുക്കി വിശേഷിപ്പിക്കാവുന്ന ലോകപ്രസിദ്ധചലച്ചിത്രകാരനാണ് സത്യജിത് റോയ്. ചലച്ചിത്രം എന്ന കലാരൂപം ഇന്ത്യയിലും വളരെ ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട് എന്ന് ആദ്യമായി ലോകത്തിന് കാണിച്ചു കൊടുത്തത് സത്യജിത് റോയ് ആയിരുന്നു. “ഒരാൾ സത്യജിത് റോയിയുടെ സിനിമകൾ കാണാതിരിക്കുന്നത്, ഭൂമിയിൽ ജീവിച്ചിരിന്നിട്ടും സൂര്യചന്ദ്രന്മാരെ കാണാത്തതിന് സമാനമാണ്” എന്നാണ് ലോകപ്രസിദ്ധ ചലച്ചിത്രകാരനായ അകിര കുറൊസാവ, റോയിയുടെ സിനിമകളെക്കുറിച്ച് വിശേഷിപ്പിച്ചത്. സംവിധായകൻ, തിരക്കഥാകൃത്ത്, ഡോക്യുമെന്ററി ചലച്ചിത്രകാരൻ, എഴുത്തുകാരൻ, ഗാനരചയിതാവ്, മാസിക എഡിറ്റർ, ചിത്രകാരൻ, പോസ്റ്റർ ഡിസൈനർ, സംഗീത സംവിധായകൻ എന്നിങ്ങനെ സിനിമയുമായി നേരിട്ട് ബന്ധമുള്ളതും അല്ലാത്തതുമായ ഒട്ടേറെ മേഖലകളിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഒറു ബഹുമുഖപ്രതിഭയാണ് റോയ്. അതോടൊപ്പം മരണം വരെയും ഫിലിം സൊസൈറ്റികളുടെ സജീവസംഘാടകനും പ്രവർത്തകനും കൂടിയായിരുന്നു റോയ്.

കൊൽകൊത്തയിലാണ് റോയ് ജനിച്ചത്. ബാല്യകാലത്തിൽ തന്നെ അച്ഛൻ മരിച്ചുപോയതിനാൽ അമ്മയുടെ അമ്മാവന്റെയും തണലിലാണ് റോയ് വളർന്നത്. കൊൽകത്ത പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടിയതിനു ശേഷം അദ്ദേഹം ശാന്തിനികേതനിൽ കലാപഠനം നടത്തുവാനായി ചേർന്നു. നന്ദലാൽ ബോസ്, ബിനോദ് ബിഹാരി മുഖർജി തുടങ്ങിയ, ഇന്ത്യയിൽ മോഡേൺ ആർട് പ്രസ്ഥാനത്തിന് തുടക്കമിട്ട വിഖ്യാത കലാകാരനാമാരുടെ കീഴിലാണ് അദ്ദേഹം അഭ്യസിച്ചിരുന്നത്.

പഠനനാനന്തരം ഒരു ബ്രിട്ടീഷ് പരസ്യക്കമ്പനിയിൽ അദ്ദേഹം ജോലി നോക്കിയിരുന്നു. പിന്നീട് സിഗ്നിറ്റ് പ്രസ് എന്ന പുതിയ ഒരു കമ്പനിയിൽ പുസ്തകങ്ങളുടെ കവർ രൂപകല്പന ചെയ്യുന്ന ജോലിയിൽ അദ്ദേഹം പ്രവേശിച്ചു. നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ അടക്കമുള്ള പ്രസിദ്ധ കൃതികളുടെ കവർ ഡിസൈൻ ചെയ്യാൻ ഇവിടെ അദ്ദേഹത്തിന് അവസരം ലഭിച്ചു. ബിഭൂതിഭഷൺ ബന്ദോപാദ്ധ്യായയുടെ പഥേർ പാഞ്ചലി എന്ന പുസ്തകവും ഇവിടെ വച്ചാണ് അദ്ദേഹം പരിചയപ്പെടുന്നത്. അപ്പോൾത്തന്നെ അതിൽ സിനിമയ്ക്ക് ഉതകുന്ന ഒരാശയം ഉള്ളതായി അദ്ദേഹത്തിന് തോന്നിയിരുന്നു.

1947ലാണ് അദ്ദേഹവും ചിദാനന്ദ് ദാസ്ഗുപ്തയും ചേർന്ന് കൽകട്ട ഫിലിം സൊസൈറ്റി സ്ഥാപിച്ചത്. അവരുടെ പ്രദർശനങ്ങളിൽ വന്നുപോയ വിദേശ ചലച്ചിത്രങ്ങളെക്കുറിച്ചെല്ലാം റോയ് വളരെ ഗൗരവമായിത്തന്നെ പഠിക്കാനാരംഭിച്ചു. ദ് റിവർ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് 1949ൽ കൽകത്തയിലെത്തിയ ലോകപ്രസിദ്ധ ഫ്രഞ്ച് ചലച്ചിത്രകാരൻ ഴാങ് റെന്വയെ പരിചയപ്പെടാനും അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും റോയിക്ക് അവസരം കിട്ടിയിരുന്നു. പഥേർ പാഞ്ചലി ചലച്ചിത്രമാക്കുന്ന ആശയത്തെ റെന്വയും പ്രോത്സാഹിപ്പിച്ചിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 1950ൽ റോയിക്ക് ലണ്ടൻ സന്ദർശിക്കേണ്ടിവന്നു. അന്ന് അവിടെ  ആറ് മാസക്കാലം താമസിച്ച വേളയിൽ നൂറോളം മികച്ച സിനിമകൾ കാണാൻ റോയിക്ക് അവസരം ലഭിച്ചിരുന്നു. അക്കാലത്താണ് വിറ്റൊറിയൊ ഡിസീക്കയുടെ ബൈസിക്ക്ൾ തീവ്സ് എന്ന ചിത്രം അദ്ദേഹം കാണുന്നത്. തന്റെ മനസ്സിലുണ്ടായിരുന്ന പാഥേർ പാഞ്ചാലി എന്ന സിനിമയുടെ ആശയം മൂർത്തരൂപം കൈവരിക്കുന്നത് ഡിസീക്കയുടെ ചിത്രം കണ്ടതോടുകൂടിയാണ്. ലണ്ടൻ യാത്ര കഴിഞ്ഞ് ഇന്ത്യയിലേക്കുള്ള മടക്കകപ്പൽ യാത്രയ്ക്കിടയിൽ അദ്ദേഹം പഥേർ‍ പാഞ്ചാലിയുടെ തിരക്കഥാ രചന ആരംഭിച്ചു. ഇതാണ് റോയിയിൽ ബൈസിക്ക്ൾ തീവ്സ് ഉണ്ടാക്കിയ പ്രചോദനം. മുപ്പതിലേറെ തവണ റോയി ബൈസിക്ക്ൾ തീവ്സ് എന്ന സിനിമ കണ്ടിരുന്നു. പിന്നീട് ആ അനുഭവത്തെക്കുറിച്ച് റോയ് ഇങ്ങനെ പറയുന്നു:

“എന്റെ മനസ്സിൽ ആഴത്തിലുള്ള സ്വാധീനമുണ്ടാക്കിയ ഒരു ചിത്രമാണ് വിറ്റോറിയൊ ഡിസീക്കയുടെ ബൈസിക്ക്ൾ തീവ്സ്. ആ ചിത്രം ചെലുത്തിയിട്ടുള്ള സ്വാധീനത്തെക്കുറിച്ച് വർണിക്കാൻ വെറുംവാക്കുകൾ മതിയാവില്ല. ഞാൻ സിനിമ എടുക്കുമ്പോൾ ഏത് രീതിയിൽ ചെയ്യണമെന്നാണോ കരുതിയിരുന്നത് അതു പോലെത്തന്നെയുള്ള ഒരു ചിത്രമാണിത് എന്ന കാര്യമാണ് ഇതിൽ എന്നെ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ കാര്യം. അനുഭവജ്ഞാനമില്ലാത്തവരെ അഭിനയിപ്പിക്കാൻ സാധിക്കില്ലെന്ന് ആരാണ് പറഞ്ഞത്? മഴ പെയ്യുമ്പോൾ ഷൂട്ടിങ് നടക്കില്ലെന്ന് ആരാണ് പറഞ്ഞത്? മേക്കപ്പ് ഒഴിവാക്കാനാവില്ലെന്ന് പറഞ്ഞതാരാണ്? ഞാനൊരു സിനിമയെടുക്കുന്ന സമയത്ത്, ആ സിനിമയിലൂടെ വിപ്ലവകരമായി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന കാര്യത്തിൽ എന്റെ മനസ്സ് വ്യാപൃതമായിരുന്ന ആ കാലത്ത്, ഡിസീക്കയുടെ ഈ ചിത്രത്തിലൂടെ ഞാനവയെല്ലാം കണ്ടെത്തുകയായിരുന്നു.”

ചലച്ചിത്രകാരനാകും എന്ന് തീരുമാനിച്ചുറപ്പിച്ച് ഇന്ത്യയിൽ തിരിച്ചെത്തിയ ഉടനെ പഥേർ പാഞ്ചലിയുടെ നി‍ർമാണവുമായി ബന്ധപ്പെട്ട ജോലികളിലേക്ക് അദ്ദേഹം പ്രവേശിച്ചുവെങ്കിലും സാമ്പത്തിക പരിമിതികൾ തളർത്തിയത് കാരണം 1955ൽ മാത്രമാണ് ഈ ചിത്രം പൂർത്തിയാക്കാൻ സാധിച്ചത്. അഭിനയത്തിൽ പരിചയമില്ലാത്തവരെ ഉപയോഗിച്ച് തീർത്തും അമെച്വർ ആയ രീതികളായിരുന്നു ഈ ചിത്രത്തിൽ റോയ് സ്വീകരിച്ചത്. സുബ്രതൊ മിത്ര ആദ്യമായി ക്യാമറ ചലിപ്പിച്ചത് ഈ ചിത്രത്തിനായിട്ടായിരുന്നു. രവിശങ്കർ സംഗീതസംവിധാനം നി‍ർവഹിച്ച ആദ്യസിനിമയും ഇതായിരുന്നു. ഇതാണ് അപുത്രയം എന്ന് പിൽക്കാലത്ത് പ്രസിദ്ധമായ സിനിമാപരമ്പരയിലെ ആദ്യചിത്രവും.

പിന്നീടുള്ളതെല്ലാം ചരിത്രമാണ്. അപുത്രയത്തിലെ മറ്റ് രണ്ട് ചിത്രങ്ങളായ അപരാജിതൊ 1956ലും അപുർ സൻസാർ 1959ലും എടുത്തു. പരസ് പഥ്ഥർ (1957), ഝൽസാ ഘർ (1958), ദേവി (1960), രബിന്ദ്രനാഥ് ടാഗോർ (ഡോക്യുമെന്ററി, 1961) തീൻ കന്യ (1961) കാഞ്ചൻ ജംഗ (1962) അഭിജാൻ (1962) മഹാനഗർ (1963) ചാരുലത (1964) റ്റു (1964) കാപുരുഷ്-ഒ-മഹാപുരുഷ് (1965-രണ്ട് ഭാഗങ്ങൾ) നായക് (1966) ചിഡിയാഖാന (1967) ഗൂപി ഗായെൻ ബാഗാ ബായ്നെ (1968) ആരണ്യേർ ദിൻ രാത്രി (1969) പ്രതിധ്വനി (1970) സീമാബദ്ധ (1971) ദ് ഇന്നർ ഐ (ബിനോദ് ബിഹാരി മുഖർജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി, 1972) അശനി സങ്കേത് (1973) സൊനാർ കെല്ല (1974) ജന അരണ്യ (1975) സത്‍രഞ്ജ് കെ ഖിലാഡി (1977) ഹിരക് രാജാർ ദേഷെ (1980) സദ്ഗതി (1981) ഘരെ ബയ്‍രെ (1984) ഗണശത്രു (1989) ആഗന്തുക് (1991) എന്നിവയാണ് അദ്ദേഹത്തിന്റെ സുപ്രധാന സിനിമകൾ.

ദേവി എന്ന സിനിമ മതാത്മകതയുടെയും അന്ധവിശ്വാസങ്ങളുടെയും അപകടം പ്രവചിക്കുന്ന ഒരു മികച്ച സിനിമയായിരുന്നു. അതുപോലെ ചാരുലത എന്ന ചിത്രം സ്ത്രീയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഒരു ചിത്രമാണ്. ഈ ചിത്രമാണ് സത്യജിത് റോയിയുടെ ഏറ്റവും മികച്ച ചിത്രമായി പലരും കണക്കാക്കുന്നത്. “എന്റെ ചിത്രങ്ങളിൽ പിഴവുകൾ ഏറ്റവും കുറവുള്ള ചിത്രം” എന്നാണ് റോയി തന്നെ ചാരുലതയെ വിശേഷിപ്പിക്കുന്നത്.  അവസരം കിട്ടുകയാണെങ്കിൽ താങ്കളുടെ ചിത്രങ്ങളെല്ലാം വീണ്ടും സംവിധാനം ചെയ്യാൻ ഒരുക്കമാണോ എന്ന ചോദ്യത്തിനോടുള്ള റോയിയുടെ മറുപടി “ചാരുലത ഒഴികെ ബാക്കിയെല്ലാം” എന്നായിരുന്നു.

തന്റെ അച്ഛൻ മുൻപ് നടത്തുകയും അദ്ദേഹത്തിന്റ കാലശേഷം പൂട്ടിപ്പോവുകയും ചെയ്ത സന്ദേശ് എന്ന പേരുള്ള കുട്ടികളുടെ മാസിക1961ൽ റോയ് വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. സിനിമാതിരക്കുകൾക്കിടയിലും ഇതിനായി എഴുതാനും വരക്കാനും ധാരാളം സമയം അദ്ദേഹം കണ്ടെത്തിയിരുന്നു.

സത്യജിത് റോയിയെപ്പെല സിനിമയിൽ സ്വന്തം നിയന്ത്രണം പൂർണമായും നടപ്പിലാക്കിയിരുന്ന മറ്റ് സംവിധായകരില്ല എന്നുതന്നെ വേണമെങ്കിൽ പറയാം. സിനിമയുമായി ബന്ധപ്പെട്ട എഴുത്ത് ജോലികൾ, കാസ്റ്റിങ്, സംവിധാനം, സംഗീതരചന, ക്യാമറാ ചലനങ്ങൾ, എഡിറ്റിലും കലാസംവിധാനത്തിലും അടുത്തുനിന്നുള്ള പ്രവർത്തനങ്ങൾ എന്നിവ മാത്രമല്ല സിനിമയുടെ ടൈറ്റിൽ ക്രഡിറ്റ്, പോസ്റ്ററുകൾ ഉൾപ്പെടെയുള്ള പബ്ലിസിറ്റി മെറ്റീരിയലുകൾ എന്നിവയുടെ രൂപകല്പനയും റോയ് തന്നെയാണ് നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ സിനിമ എന്നത് റോയിയെ സംബന്ധിച്ച് ഏതാണ്ട് പൂർണമായ അർത്ഥത്തിൽ തന്നെയുള്ള ആത്മപ്രകാശനമാണ്.

“എന്റെ ആദ്യചിത്രമായ പഥേർ പാഞ്ചലി എടുക്കുന്നതിന് മുമ്പ് ബംഗാളി ഗ്രാമീണ ജിവിതം എന്താണെന്നതിനെക്കുറിച്ച് ഉപരിപ്ലവമായ അറിവ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നിലിപ്പോൾ എനിക്കത് സാമാന്യം നന്നായി അറിയാം. അതിന്റെ മണ്ണ്, ഋതുക്കൾ, മരങ്ങൾ, കാടുകൾ, പൂക്കൾ എന്നിവയെല്ലാം അറിയാം. വയലിൽ ജോലി ചെയ്യുന്ന പുരുഷന്മാരെയും കിണറ്റുകരയിൽ സൊറ പറയുന്ന സ്ത്രീകളെയും അറിയാം; ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്ന പോലെ വെയിലു കൊള്ളുന്ന മഴ നനയുന്ന കുട്ടികളെയുമറിയാം. എന്റെ സ്വന്തം നഗരമായ കൽക്കത്തയെക്കുറിച്ചും, അതിനെക്കുറിച്ച് ഒരു സിനിമ കൂടി എടുത്തിട്ടുള്ളതുകൊണ്ട്, എനിക്ക് നന്നായറിയാം. ലോകത്തിലെ മറ്റൊരു നഗരം പോലെയുമല്ല ഇത്.  ലണ്ടനിലും ന്യൂയോർക്കിലും ടോക്യൊയിലുമെന്ന പോലെ ഇവിടെയും മനുഷ്യർ ജനിക്കുകയും ജീവിക്കുകയും പ്രണയിക്കുകയും അധ്വാനിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളെ അതിശയിപ്പിക്കുന്നതും സിനിമയോട് കടപ്പെട്ടവരായി തോന്നിപ്പിക്കുന്നതും ഇതാണ്: ഇന്ത്യയിലെ ബംഗാളിൽ വേരുറച്ചിരിക്കുമ്പോൾ തന്നെ നിങ്ങൾ ഒരു വലിയ പദ്ധതിയുടെ, ഒരു സാർവലൗകിക ക്രമത്തിന്റെ ഭാഗമാണെന്ന കണ്ടെത്തൽ. ഈ അനന്യതയും സാർവലൗകികതയും അവയുടെ സഹവർതിത്വവുമാണ് എന്റെ സിനിമകളിലൂടെ ഞാൻ പ്രധാനമായും മുന്നോട്ടുവെക്കാൻ ശ്രമിക്കുന്നത്” എന്ന അദ്ദേഹത്തിന്റെ വാചകങ്ങളിൽ സിനിമയെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകൾ സുവ്യക്തമാണ്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ള, കാണുന്ന ആർക്കും ഇക്കാര്യം ബോധ്യപ്പെടുകയും ചെയ്യും.

വെനീസ്, ബെ‍ർലിൻ, കാൻ തുടങ്ങിയ വിഖ്യാത ചലച്ചിത്രമേളകളിൽ നിന്നെല്ലാം ഒന്നിലേറെ തവണ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ ചലച്ചിത്ര അവാർഡുകൾ 31 തവണയാണ് റോയിയുടെ സിനിമകൾക്ക് ലഭിച്ചിരുന്നത്. ചാർലി ചാപ്ലിനു ശേഷം ഓക്സ്ഫൊഡ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച ചലച്ചിത്രപ്രതിഭയാണ് റോയ്. 1985ൽ ഫാൽകെ പുരസ്കാരം, 1987ൽ ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത ബഹുമതിയായ ലിജ്യൻ ഒഫ് ഓണർ, 1965ൽ പത്മഭൂഷൺ, 1992ൽ ഭാരതരത്നം എന്നിവയും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1992ൽ സൈറ്റ് & സൗണ്ട് മാഗസിന്റെ ലോകത്തെ എക്കാലത്തെയും മികച്ച പത്ത് സംവിധായകരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ റോയിക്ക് ഏഴാം സ്ഥാനമായിരുന്നു.

ഔവർ ഫിലിംസ് ദെയർ ഫിലിംസ് (1976), ബിഷൊയ് ചലച്ചിത്ര (1976), എകെയ് ബോലെ ഷൂട്ടിങ് (1976) എന്നിവ സിനിമയുമായി ബന്ധപ്പെട്ട അദ്ദേഹം രചിച്ചിട്ടുള്ള പ്രധാനകൃതികളാണ്. കുട്ടികൾക്കായി ധാരാളം ചെറുകഥകളും നോവെല്ലകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഹൃദയസംബന്ധിയായ ഗുരുതരമായ അസുഖത്തെത്തുടർന്ന് 1992 ഏപ്രിൽ 23ന് തന്റെ 71ാം പിറന്നാളിന് വെറും 9 ദിവസങ്ങൾക്ക് മുമ്പ് ലോകം കണ്ട ഏറ്റവും വലിയ ചലച്ചിത്രകാരിലൊരാളായ റായ് അന്തരിച്ചു. മരിക്കുന്നതിന് അല്പം ദിവസങ്ങൾക്ക് മുമ്പാണ് ഓണററി ഓസ്കാരർ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്. രോഗക്കിടക്കയിൽ കിടന്നുകൊണ്ടായിരുന്നു ഈ മഹത്തായ പുരസ്കാരം അദ്ദേഹം സ്വീകരിച്ചത്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


2 Comments
  1. sajna

    May 3, 2021 at 11:20 am

    🙏

    Reply
  2. സനന്ദനൻ

    May 3, 2021 at 8:53 pm

    സത്യജിത്ത് റോയി യെക്കുറിച്ച സമഗ്രമായ ഒരറിവു തന്നതിന് നന്ദി.

    Reply

Leave a Reply to sajna Cancel reply

Your email address will not be published. Required fields are marked *