വിറ്റോറിയൊ ഡിസീക്ക (ജനനം – 1901 ജൂലൈ 7)
ഇറ്റാലിയൻ നിയോറിയലിസം എന്ന പേരിൽ വിശ്വവിഖ്യാതമായ സിനിമാപ്രസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധായകനായി പരിഗണിക്കപ്പെടുന്നയാളാണ് വിറ്റോറിയൊ ഡിസീക്ക. ഡിസീക്കയെക്കുറിച്ച് പരാമർശിക്കാതെ ലോകസിനിമയുടെ കലാപരമോ ചരിത്രപരമോ ആയ സവിശേഷതകൾ ഒന്നിനെക്കുറിച്ചുപോലും പറയുക അസാധ്യമാണ് എന്നിടത്താണ് അദ്ദേഹത്തിന്റെ മഹത്വം കുടികൊള്ളുന്നത്. ഇന്ത്യൻ സിനിമയെ ആദ്യമായി ലോകനിലവാരത്തിലേക്ക് ഉയർത്തിയ വിഖ്യാതചലച്ചിത്രകാരൻ സത്യജിത് റോയിയുടെ ചലച്ചിത്രശൈലിയെ ഏറ്റവുമധികം പ്രചോദിപ്പിച്ച സംവിധായകനും കൂടിയാണ് വിറ്റൊറിയൊ ഡിസീക്ക. സംവിധായകൻ എന്നതിനൊപ്പം ചലച്ചിത്രനടൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്.
ഇറ്റലിയെ സോറ പ്രദേശത്താണ് ഡിസീക്ക ജനിച്ചത്. അവിടെ നിന്നും നേപ്പ്ൾസിലേക്കും പിന്നീട് ഫ്ലോറൻസിലേക്കും അവിടെ നിന്ന് ഒടുവിൽ റോമിലേക്കും ആ കുടുംബം സ്ഥലം മാറിക്കൊണ്ടിരുന്നു. ഏറെ ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്തെ നിശബ്ദചിത്രങ്ങൾക്ക് പിയാനോ വായിക്കുവാൻ അദ്ദേഹത്തിന്റെ അച്ഛൻ ഇടയ്ക്കൊക്കെ പോകാറുണ്ടായിരുന്നു. അപ്പോൾ അച്ഛന്റെ കൂടെപ്പോയാണ് ഡിസീക്കയ്ക്ക് സിനിമയുമായുള്ള ബന്ധം ആരംഭിക്കുന്നത്. എക്കൗണ്ടിങും പട്ടാളസേവനവുമാണ് അഭ്യസിച്ചിരുന്നതെങ്കിലും നന്നായി പാടാനും അഭിനയിക്കാനുമുള്ള കഴിവ് ചെറുപ്പം തൊട്ടേ ഡിസീക്കയ്ക്കുണ്ടായിരുന്നു. 1920കളുടെ തുടക്കത്തിൽ തന്നെ നാടകങ്ങളിൽ അഭിനയിക്കാനാരംഭിച്ചു. 1932ൽ തന്നെ സിനിമാ അഭിനയത്തിലും സജീവമാവാൻ തുടങ്ങി. മരിയോ കമേരിനിയുടെ സിനിമകളിലാണ് ആദ്യമൊക്കെ പ്രധാനമായും അഭിനയച്ചത്. അതോടെ മികച്ച അഭിനേതാവ് എന്ന നിലയിൽ ഡിസീക്ക ഇറ്റലിയിൽ മുഴുവൻ ശ്രദ്ധിക്കപ്പെടുവാനാരംഭിച്ചു. 1933ൽ, പ്രമുഖനടിയും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയുമായിത്തീന്ന ജുഡീത്ത റിസോൺ, നടനായ സെർജിയൊ തൊഫാനൊ എന്നിവരുമായി ചേർന്ന് സ്വന്തമായി തിയറ്റർ കമ്പനി തുടങ്ങി.
കമേരിനിയോടൊപ്പം സിനിമകൾ ചെയ്യുന്നതിനിടയിലാണ് സിസേർ സവാറ്റിനിയെ പരിചയപ്പെടുന്നത്. ഈ പരിചയം ലോകസിനിമയുടെ തന്നെ മുഖച്ഛായ മാറ്റിമറിക്കുന്ന ചലച്ചിത്രകാരനിലേക്കുള്ള വളർച്ചയായി മാറുകയായിരുന്നു. ഇറ്റാലിയൻ സിനിമയിൽ നിയോറിയലിസം എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടയാളായി അറിയപ്പെടുന്നത് റോബർടൊ റോസല്ലിനിയാണെങ്കിലും സിസേർ സവാറ്റിനിയാണ് നിയോറിയലിസ്റ്റുകളുടെ സൈദ്ധാന്തിക വക്താവായി അറിയപ്പെടുന്നത്. സിസേർ സവാറ്റിനിയായിരുന്നു ഡിസീക്കയുടെ മിക്ക സിനിമകളുടെയും തിരക്കഥാകൃത്ത്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സംവിധായക-തിരക്കഥാകൃത്ത് കൂട്ടുകെട്ടുകളിലൊന്നാണ് ഡിസീക്കയുടേയും സവാറ്റിനിയുടേതും.
1940ൽ റ്റു ഡസൻ റെഡ് റോസസ് എന്ന ചിത്രമാണ് ഡിസീക്ക ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് സീറോ ഫോർ കണ്ടക്റ്റ്, മാദ്മോയ്സെൽ ഫ്രൈഡെ എന്നീ തമാശ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തു. 1943ൽ സംവിധാനം ചെയ്ത ദ് ചിൽഡ്രൻ ആർ വാച്ചിങ് അസ് എന്ന ചിത്രമാണ് ഡിസീക്കയെ സംവിധായകൻ എന്ന നിലയിൽ ആദ്യമായി അടയാളപ്പെടുത്തിയത്. 1944ൽ ഹിറ്റലറുടെ ആശയപ്രചരണ മന്ത്രിയായിരുന്ന ഗീബൽസ് അവർക്കുവേണ്ടി ഒരു സിനിമയുണ്ടാക്കുവാൻ പ്രാഗിലേക്ക് ഡിസീക്കയെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പോപ്പിന്റെ വത്തിക്കാനിലെ കേന്ദ്രത്തിൽ നിന്ന് മറ്റൊരു സിനിമയ്ക്കുള്ള ക്ഷണം കിട്ടിയതിനാൽ ഗീബൽസിന്റെ ആഗ്രഹം നടന്നില്ല. ദ് ഗേറ്റ്സ് ഒഫ് ഹെവൻ എന്ന 1945ൽ ഇറങ്ങിയ ഈ വത്തിക്കാൻ സ്പോൺസേഡ് ചിത്രം പക്ഷെ പള്ളിക്ക് തൃപ്തി നൽകുന്ന ഒന്നായിരുന്നില്ല.
രണ്ടാംലോകയുദ്ധം ആരംഭിക്കുന്നതിന് മുമ്പും രണ്ടാംലോകയുദ്ധകാലത്തും ഇറ്റലിയിൽ സിനിമ സജീവമായുണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ ചലച്ചിത്രമേളയായ വെനീസ് ഇന്റർനാഷണൽ ഫെസ്റ്റിവെൽ 1932ൽ ആരംഭിക്കുന്നത് ഫാഷിസ്റ്റ് ഇറ്റലിയുടെ ഭരണാധിപനായ ബെനിറ്റോ മുസോളിനിയുടെ അനുഗ്രഹത്തോടെയായിരുന്നു എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. എന്നാൽ യുദ്ധാനന്തരലോകം തീർത്തും വ്യത്യസ്തമായിരുന്നു. എങ്ങും തൊഴിലില്ലായ്മയും ദാരിദ്ര്യവും കഷ്ടപ്പാടുകളും മാത്രം. പട്ടിണി രൂക്ഷമായി മാറി. ഈ സാമൂഹ്യയാഥാർത്ഥ്യത്തെ അംഗീകരിക്കാതെ, അതിനെ യാഥാർത്ഥ്യബോധത്തോടെ അഭിസംബോധന ചെയ്യാതെ സിനിമ ഉൾപ്പെടെയുള്ള കലാപ്രവർത്തനങ്ങൾ കൊണ്ട് യാതൊരു കാര്യവുമില്ല എന്ന തിരിച്ചറിവ് കുറച്ച് പേർക്കെങ്കിലും ഉണ്ടായി. ആ തിരിച്ചറിവാണ് ലോകസിനിമയിലെ എക്കാലത്തെയും ശ്രദ്ധേയമായ ഇറ്റാലിയൻ നിയോറിയലിസം എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് കാരണമായത്. അതുവരെ സ്റ്റുഡിയോകൾക്കുള്ളിൽ താരങ്ങൾക്ക് ചുറ്റും കറങ്ങിനടന്ന് ഏതോ കാലത്തെ രാജാക്കന്മാരുടെയും വീരശൂരപരാക്രമികളുടെയും കഥകളും സാധാരണക്കാരനുമായി ഒരു ബന്ധവുമില്ലാത്ത വീരേതിഹാസങ്ങളും ചിത്രീകരിച്ചിരുന്ന ക്യാമറകൾ സാധാരണമനുഷ്യന്റെ പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതം ഒപ്പിയെടുക്കാൻ പുറത്തേക്ക്-തെരുവുകളിലേക്കും ജനങ്ങളിലേക്കും-ഇറങ്ങിയത് നിയോറിയലിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. സ്റ്റുഡിയോയിൽ നിന്ന് സിനിമ തെരുവിലേക്ക് വന്നപ്പോൾ തന്നെ താരങ്ങളെ ഉപയോഗിക്കുന്ന പ്രവണതയും ഒഴിവാക്കി. സാധാരണ മനുഷ്യരുടെ കഥകൾ പറയുവാൻ അവർക്കിടയിൽ നിന്നുതന്നെ അഭിനേതാക്കളെ കണ്ടെത്തി ഉപയോഗിക്കാനാരംഭിച്ചു. 1946ൽ അദ്ദേഹം സംവിധാനം ചെയ്ത ഷൂഷൈൻ എന്ന ചിത്രം ഒരു മികച്ച ഉദാഹരണമാണ്. ഇറ്റാലിയൻ നിയോറിയലിസത്തിന്റെ സുപ്രധാന അടിസ്ഥാനശിലകളിലൊന്നായ ഡിസീക്കയുടെ ബൈസിക്ക്ൾ തീവ്സ് എന്ന വിഖ്യാതചിത്രം 1948ൽ പിറക്കുന്നതിന്റെ പശ്ചാത്തലവും ഇത് തന്നെയാണ്. സിസേർ സവാറ്റിനി തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയത്.
ലാംബെർറ്റൊ മാഗിയോരാനി എന്ന സാധാരണക്കാരനാണ് ബൈസിക്ക്ൾ തീവ്സ് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ അന്റോണിയൊ റിച്ചിയെ അവതരിപ്പിക്കുന്നത്. നടന്മാർ എന്ന നിലയിൽ ഏതെങ്കിലും തരത്തിൽ പേരെടുത്തവരെയൊന്നും ഈ കഥാപാത്രത്തിനായി പരിഗണിക്കാതിരുന്നത് ഡിസീക്കയുടെ ബോധപൂർവമുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെയാണ്. ഒരു നടൻ എന്ന നിലയിൽ തനിക്കുള്ള അനുഭവജ്ഞാനവും ഈ തീരുമാനങ്ങളിൽ ഡിസീക്കയ്ക്ക് കൂട്ടായുണ്ടായിരുന്നു. ഗോൺ വിത് ദ് വിൻഡ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ നിർമാതാവായ പ്രമുഖ അമേരിക്കൻ ചലച്ചിത്രവ്യവസായി ഡേവിഡ് സ്ലെസ്നിക്, ബൈസിക്ക്ൾ തീവ്സ് നിർമിക്കാനുള്ള സന്നദ്ധത ഡിസീക്കയെ അറിയിച്ചിരുന്നതാണ്. ഇതിനായി സ്ലെസ്നിക് മുന്നോട്ടുവച്ച ഒരേയൊരു വ്യവസ്ഥ അക്കാലത്തെ പ്രമുഖ നടനായ കാരി ഗ്രാന്റിനെ ചിത്രത്തിലെ നായകവേഷം ചെയ്യിക്കണം എന്നതായിരുന്നു. എന്നാൽ സ്ലെസ്നികിന്റെ ഈ വ്യവസ്ഥ തീർത്തും സ്വീകാര്യമല്ലാത്തതിനാൽ ഡിസീക്ക ആ ഓഫർ വന്നപ്പോൾ തന്നെ നിരസിക്കുകയായിരുന്നു. അതിനോടകം തന്നെ നടൻ എന്ന രീതിയിൽ അറിയപ്പെട്ടിരുന്ന കാരി ഗ്രാന്റിന് അന്റോണിയൊ റിച്ചിയുടെ റോൾ നൽകുന്നത് അസംബന്ധമാകുമെന്ന് ഡിസീക്ക വിലയിരുത്തി. ഡിസീക്കയുടെ തീരുമാനം പൂർണമായും ശരിവെക്കുന്ന തരത്തിലായിരുന്നു മാഗിയോരാനി ആ കഥാപാത്രത്തെ അവതരിപ്പിച്ചതും.
Miracolo a Milano (മിറാക്ൾ ഇൻ മിലാൻ, 1951), ഉംബർടൊ ഡി (1952), La Ciociara (റ്റു വിമ്ൻ, 1960), Il Giudizio universale (ദ് ലാസ്റ്റ് ജഡ്ജ്മെന്റ്, 1961), Ieri, oggi e domani (യെസ്റ്റർഡെ, റ്റുഡെ ഏന്റ് റ്റുമോറോ, 1963), Matrimonio all’italiana (മാര്യേജ് ഇറ്റാലിയൻ സ്റ്റൈൽ, 1964), Un monde nouveau (എ ന്യൂ വേൾഡ്, 1966), I Girasoli (സൺഫ്ലവർ, 1970), Il Giardino dei Finzi-Contini (ദ് ഗാർഡൻ ഒഫ് ദ് ഫിൻസി-കോൺടിനീസ്, 1970), Dal referendum alla costituzione: Il 2 giugno (ഫ്രം റഫറണ്ടം റ്റു ദ് കോൺസ്റ്റിറ്റ്യൂഷൻ: 2 ജൂൺ, ഡോക്യുമെന്ററി, 1971), Lo chiameremo Andrea (വി വിൽ കാൾ ഹിം ആൻഡ്രിയ, 1972), Una Breve vacanza (എ ബ്രീഫ് വെക്കേഷൻ, 1973), Il viaggio (ദ് വോയെജ്, 1974) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാനചിത്രങ്ങൾ.
ഓസ്കാർ പുരസ്കാരം (ഷൂഷൈൻ, ബൈസിക്ക്ൾ തീവ്സ്, യെസ്റ്റർഡെ റ്റുഡെ ഏന്റ് റ്റുമോറോ, ദ് ഗാർഡൻ ഒഫ് ദ് ഫിൻസി-കോൺടിനീസ് എന്നിവയ്ക്ക്), കാനിലെ വിവിധ പുരസ്കാരങ്ങൾ, ബെർലിൻ, മോസ്കൊ ചലച്ചിത്രമേളകളിലെ പുരസ്കാരങ്ങൾ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഏണസ്റ്റ് ഹമിങ്‍വെയുടെ എ ഫേർവെൽ റ്റു ആംസ് എന്ന കൃതി ചാൾസ് വിഡോർ ചലച്ചിത്രമാക്കിയപ്പോൾ അതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ഡിസീക്ക ആയിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് 1957ലെ മികച്ച നടനുള്ള ഓസ്കാർ നാമനിർദേശവും ഡിസീക്കയ്ക്ക് ലഭിച്ചിരുന്നു.
റ്റു വിമ്ൻ എന്ന ചിത്രത്തിലെ അഭിനയത്തിന് സോഫിയ ലോറൻ എന്ന വിഖ്യാതനടിക്ക് ഓസ്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. ഒരു വിദേശഭാഷാ ചിത്രത്തിലെ അഭിനയത്തിന് ലഭിക്കുന്ന ആദ്യ ഓസ്കാർ പുരസ്കാരമായിരുന്നു അത്. ഇതേ നടിക്ക് ഡിസീക്കയുടെ തന്നെ മാര്യേജ് ഇറ്റാലിയൻ സ്റ്റൈൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ നാമനിർദേശം ലഭിച്ചിരുന്നു.
പ്രകടമായ ക്യാമറാചലനങ്ങളും നീണ്ട ട്രാക്കിങ് ഷോട്ടുകളുമെല്ലാം ഡിസീക്ക തന്റെ ചിത്രങ്ങളിൽ പരമാവധി ഒഴിവാക്കിയിരുന്നു. എഡിറ്റിങും പരമാവധി കുറച്ചു മാത്രമേ അദ്ദേഹം ചെയ്തുള്ളൂ. അഭിനേതാക്കളുടെ പ്രകടനം നിർണയിക്കുന്നതിലും ഷോട്ടുകൾ സംവിധാനം ചെയ്യുന്നതിലുമുള്ള അദ്ദേഹത്തിന്റെ അസാധ്യമായ കഴിവാണ് ഇറ്റാലിയൻ നിയോറിയലിസ്റ്റ് ധാരയിലെ എക്കാലത്തെയും സുപ്രധാനനാഴികക്കല്ലായി അദ്ദേഹത്തെ നിലനിർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ച ഘടകം.
വിറ്റൊറിയൊ ഡിസീക്കയുടെ സിനിമാനിർമാണരീതികളെക്കുറിച്ച് പ്രമുഖ ചലച്ചിത്രകാരനും സിനിമാ എഴുത്തുകാരനുമായ ആന്ദ്രെയ് ബാസെ(ൻ) ഇങ്ങനെ പറയുന്നു: “ക്യാമറ നമുക്ക് കാണിച്ചുതരുന്ന കാഴ്ചകളിലേക്ക് മാത്രമായി യാഥാർത്ഥ്യങ്ങളെ പരിമിതപ്പെടുത്തുകയും എന്നിട്ട് അവയെ വിശകലനം ചെയ്യുകയും ചെയ്തിരുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി, ഡിസീക്ക യാഥാർത്ഥ്യത്തോടും യാഥാർത്ഥ്യം ഡിസീക്കയോടും നേരിട്ട് സംവദിക്കുകയാണ് ചെയ്തത്. അക്കാലത്ത് സ്റ്റുഡിയോകളിൽ നിന്ന് പതിവായി പുറത്തിറങ്ങിക്കൊണ്ടിരുന്ന ശുഭപര്യവസായി/ പരിഹാരനിർദേശകസിനിമകളിൽ തീർത്തും ഇല്ലായിരുന്ന, യഥാർത്ഥ അനുഭവം എന്ന അവസ്ഥയെ അവതരിപ്പിക്കുകയാണ് ഇതിലൂടെ ഡിസീക്ക ചെയ്തത്.”
ശ്വാസകോശാർബുദബാധയെത്തുടർന്നുള്ള ശസ്ത്രക്രിയക്കൊടുവിൽ പാരീസിൽ വച്ച് 1974 നവംബർ 13നാണ് വിറ്റോറിയൊ ഡിസീക്ക അന്തരിച്ചത്.
എഴുത്ത് : ആർ നന്ദലാൽ
ഡിസൈൻ : പി പ്രേമചന്ദ്രൻ
ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി
വിറ്റോറിയൊ ഡിസീക്കയുടെ അഞ്ച് സിനിമകൾ കാണാം.
Shoeshine (1946)
https://youtu.be/mBGIdmCXQnE
Bicycle Thieves (1948)
https://youtu.be/YD-lAH3XEmQ
Umberto D (1952)
https://youtu.be/swMghSNC4V8
The Guardian of The Finzi-Continis
https://youtu.be/PxSPu25xbQw
A Brief Vacation (1973)
https://youtu.be/5l-tlzbSR78
Balachandran Chirammal
July 9, 2021 at 7:34 pmരണ്ട് ലോക മഹായുദ്ധങ്ങളിലൂടെ കടന്ന് പോയ ആളാണ് ഡി സീക്ക. അത് കൊണ്ട് തന്നെ യുദ്ധം മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന തീക്ഷ്ണമായ മുറിവുകളുടെ വേദന കൃത്യമായി അറിയുന്ന ആളാണ് അദ്ദേഹം. യുദ്ധം മാനവരാശിയെ മഹാദുരന്തത്തിലൂടെയാണ് നടത്തിച്ചത്. കമ്പോളത്തേ മാത്രമല്ല കലയേയും അത് സാരമായി ബാധിച്ചു. നിലവിലുള്ള എല്ലാത്തിനേയും പൊളിച്ച് മാറ്റാതെ ഇനി ഒന്നും സാധ്യമല്ല എന്ന രീതിയിൽ ലോകം മാറി.
യുദ്ധത്തിൽ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും ഏറ്റവുമധികം നശിപ്പിക്കപ്പെട്ട രാജ്യങ്ങളിലൊന്നായ ഇറ്റലി. എന്നാൽ ഈ തകർച്ചയിൽ നിന്നും ഇറ്റലി വലിയ വീണ്ടെടുക്കൽ നടത്തി. അത് സാമ്പത്തികമായി മാത്രമല്ല കലയിലും സിനിമയിലും കൂടി ഉയർത്തെഴുന്നേറ്റു. നിയോറിയലിസം യുദ്ധാനന്തര ആധുനികതയുടെ ഇറ്റാലിയൻ സിനിമയിലെ ഏറ്റവും വ്യതിരിക്തമായ ശാഖകളിൽ ഒന്നായി മാറി.
നിയോറിയലിസത്തിന്റെ വേരുകൾ-ലളിതവും സത്യസന്ധവുമായ സ്റ്റോറി ലൈനുകൾക്ക് ഊന്നൽ, ഒരു ഡോക്യുമെന്ററി ശൈലി, കുട്ടികളെ കഥാനായകന്മാരായി ഇടയ്ക്കിടെ ഉപയോഗിക്കുന്നത്, ഓൺ-ലൊക്കേഷൻ ഷൂട്ടിംഗ്, സാമൂഹിക പ്രമേയങ്ങൾ, മനുഷ്യന്റെ സാഹോദര്യത്തിലുള്ള വിശ്വാസം-ഇതൊക്കെയായിരുന്നു.
ഇറ്റാലിയൻ നിയോറിയലിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്ന ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും നടനുമായ വിറ്റോറിയോ ഡി സിക്ക,(ജനനം: ജൂലൈ 7, 1902, സോറ, ഇറ്റലി—മരണം: 1974 നവംബർ 13, പാരീസ്, ഫ്രാൻസ്)
അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ – പ്രത്യേകിച്ച് ഷൂഷൈൻ(1946),ബൈസിക്കിൾ തീവ്സ്(1948),ഉംബെർട്ടോ ഡി(1952) – ഒക്കെ നിയോറിയലിസ്റ്റിൿ ചിത്രങ്ങളുടെ മികച്ച ഉദാഹരണങ്ങളാണ്.
ഡി സിക്ക സ്വയം “പാവപ്പെട്ട ഒരു കലാകാരൻ” എന്ന് വിളിച്ചു, പ്രൊഫഷണൽ അഭിനേതാക്കളേക്കാൾ സാധാരണ തൊഴിലാളികളെയും തെരുവ് ബാലന്മാരേയും അദ്ദേഹം സിനിമകളിൽ ഉപയോഗിച്ചു, തെരുവുകളിലും ഇടവഴികളിലും വൃത്തികെട്ട അപ്പാർട്ട്മെന്റുകളിലും ലഭ്യമായ വെളിച്ചത്തിൽ ഒക്കെയാണ് അദ്ദേഹം സിനിമ ഷൂട്ട് ചെയ്തത.
തിരക്കഥാകൃത്ത് സീസർ സവാറ്റിനി യുമായുള്ള സഹകരണം- സിനിമാ ചരിത്രത്തിൽ അദ്ദേഹത്തിന്റെ കൂടുതൽ സ്വാധീനമുള്ള സംഭാവനയായി കണക്കാക്കപ്പെടുന്നു. അവർ ഒരുമിച്ച് ചെയ്ത നാലു സിനിമകൾക്ക് ഓസ്കാർ ലഭിച്ചിട്ടുണ്ട്. ഇറ്റാലിയൻ നോവലിസ്റ്റ് സീസർ പാവേസ് അദ്ദേഹത്തെ ഇറ്റലിയിലെ എക്കാലത്തെയും മികച്ച സിനിമക്കാരനായി വാഴ്ത്തിയിട്ടുണ്ട്.
അദ്ദേഹത്തിൻറെ സിനിമകൾ മിക്കതും പ്രത്യാശയുടെ സന്ദേശമാണ് നൽകുന്നത്. ബൈസിക്കിൾ തീവ്സിലും ഉംബെർട്ടോ ഡിയിലും ഒക്കെ പരാജയപ്പെട്ട നായകന്മാർ ഒടുവിൽ ആൾക്കൂട്ടത്തോടൊപ്പം ചേർന്ന് ജീവിതത്തെ മുന്നോട്ട് നയിക്കുകയാണ്, പരാജയം അവരെ പിന്തിരിഞ്ഞോടാനല്ല പ്രേരിപ്പിക്കുന്നത്.