വെർനർ ഹെർസോഗ് (ജനനം – 1942 സെപ്റ്റംബർ 5)

വെർനർ ഹെർസോഗ് (ജനനം – 1942 സെപ്റ്റംബർ 5) Werner Herzog

ഫാസിബിന്ററും, ഷ്ലോൻഡ്രോഫും ഉൾപ്പെടുന്ന ജർമൻ നവസിനിമാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രമുഖ ജർമൻ ചലച്ചിത്രകാരനാണ് വെർനർ ഹെർസോഗ്. ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ചലച്ചിത്രമേഖലയിലും എഴുത്തുകാരൻ, ഓപെറ സംവിധായകൻ എന്നീ നിലകളിൽ ചലച്ചിത്രേതരമായ മറ്റ് മേഖലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഒരു മികച്ച കലാകാരൻ കൂടിയാണ് ഹെർസോഗ്.

ജർമനിയിലെ മ്യൂണിച്ചിൽ ജനിച്ച ഹെർസോഗിന് രണ്ട് വയസ്സുള്ളപ്പോൾ, രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് വർഷത്തിൽ കിടപ്പാടം നഷ്ടമായതിനെത്തുടർന്ന് സൗകര്യങ്ങൾ ഒന്നുമില്ലാത്ത പുതിയ ഒരു സ്ഥലത്തേക്ക് താമസം മാറേണ്ടിവന്നു. വിദ്യാഭ്യാസകാലത്ത്, പഠനത്തിൽ വലിയ താൽപര്യം കാട്ടിയിരുന്നില്ലെങ്കിലും, കവിതകളും തിരക്കഥകളും രചിക്കുന്നതിൽ അതിയായ താൽപര്യമുണ്ടായിരുന്നു. പതിനേഴാം വയസ്സിലാണ് ആദ്യതിരക്കഥ രചിച്ചതെങ്കിലും നിർമാതാക്കളെ കിട്ടാഞ്ഞതിനാൽ ഈ തിരക്കഥ അഭ്രപാളിയിലെത്താതെ പോയി. 1962ൽ മ്യൂണിച്ച് സർവകലാശാലയിൽ ചരിത്രവും സാഹിത്യവും പഠിക്കുവാനായി ചേർന്നു. അതിന് തൊട്ടുമുമ്പാണ് ഹെറാക്ലസ് എന്ന ഹ്രസ്വചിത്രം അദ്ദേഹം നിർമിച്ചത്. ഗേം ഇൻ ദ് സാൻഡ് (1964), ദ് അൺപ്രെസിഡെന്റഡ് ഡിഫൻസ് ഒഫ് ദ് ഫോർട്രസ് ഡ്യൂഷ്ക്രൂഷ് (1966), ലാസ്റ്റ് വേഡ്സ് (1968) എന്നീ ഹ്രസ്വചിത്രങ്ങൾ അതിനെത്തുടർന്ന് പുറത്തുവന്നു.

1968ൽ പുറത്തുവന്ന സൈൻസ് ഒഫ് ലൈഫ് ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ ഫീച്ചർ സിനിമ. പിന്നീട് മികച്ച സിനിമകളുടെ ഒരു വലിയ നിരതന്നെ അദ്ദേഹം സംവിധാനം ചെയ്തു. ഈവൻ ഡ്വാർഫ്സ് സ്റ്റാർടഡ് സ്മാൾ (1970), അഗ്വിരെ, ദ് റാത് ഒഫ് ഗോഡ് (1972), ദ് എനിഗ്മ ഒഫ് കാസ്പർ ഹോസർ (1974), പാർട് ഒഫ് ഗ്ലാസ് (1976), സ്ട്രോസെക് (1977), നോസ്ഫെറാതു ദ് വാംപയ്ർ (1979), വോയ്സെക് (1979), ഫിറ്റ്സ്കെറാൾഡൊ (1982), വേർ ദ് ഗ്രീൻ ആന്റ്സ് ഡ്രീം (1984), കോബ്ര വെർദെ (1987), സ്ക്രീം ഒഫ് സ്റ്റോൺ (1991), ഇൻവിൻസിബ്ൾ (2001), ദ് വൈൽഡ് ബ്ലൂ യോണ്ടർ (2005), റെസ്ക്യു ഡോൺ (2006), ബാഡ് ലഫ്റ്റനന്റ്: പോർട് ഒഫ് കാൾ ന്യൂ ഓർലിയൻസ് (2009), മൈ സൺ, മൈ സൺ വാട് ഹാവ് യു ഡൺ (2009), ക്വീൻ ഒഫ് ദ് ഡിസെർട് (2015), സാൾട് ഏന്റ് ഫയർ (2016), ഫാമിലി റൊമാൻസ്, എൽ എൽ സി (2019) എന്നിവയാണ് അദ്ദേഹത്തിന്റെ സുപ്രധാന ഫീച്ചർ സിനിമകൾ.

ഫ്രാൻസിൽ1960കളിൽ രൂപം കൊണ്ട, സിനിമാ വെരിറ്റെ എന്ന ഡോക്യുമെന്ററി സിനിമാ പ്രസ്ഥാനത്തിന്റെ ശക്തനായ വിമർശകനായിരുന്നു ഹെർസോഗ്. ദ്സീഗാ വിയെർതോഫ് മുന്നോട്ടുവെച്ച ‘ക്യാമറ കണ്ണാകണം’ (Kino eye) എന്ന ആശയത്തെ അടിസ്ഥാനമാക്കി ഉയർന്നുവന്ന ഈ പ്രസ്ഥാനം സത്യം ഉള്ളതുപോലെ തന്നെ, പക്ഷം പിടിക്കാതെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. ഇവിടെ ക്യാമറ ഒരു ദൃക്സാക്ഷി മാത്രമാണ്. ഇതിനെതിരായി ഹെ‍‍ർസോഗ് 1999ൽ ഡോക്യുമെന്ററി സിനിമയിലെ സത്യവും വസ്തുതയും: ഇരുട്ടിന്റെ പാഠങ്ങൾ എന്ന പേരിൽ ഈ വിഷയത്തിള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. മിനെസോറ്റ പ്രഖ്യാപനം എന്നറിയപ്പെടുന്ന ഈ നിലപാട് രേഖയിൽ 12 കാര്യങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്.

ദ് ഫ്ലൈയിങ് ഡോക്ടേർസ് ഒഫ് ഈസ്റ്റ് ആഫ്രിക (1969), ഹാന്റികാപ്ഡ് ഫ്യൂചർ (1971), ലാന്റ് ഒഫ് സൈലൻസ് ഏന്റ് ഡാർക്നസ് (1971), ജഗ് മന്ദിർ (1991), ദ് ട്രാൻസ്ഫൊർമേഷൻ ഒഫ് വേൾഡ് ഇൻറ്റു മ്യൂസിക് (1994), ലിറ്റില്‍ ഡയറ്റര്‍ നീഡ്സ് ടു ഫ്ലൈ (1997), വിങ്സ് ഒഫ് ഹോപ് (1998), വീൽ ഒഫ് ടൈം (2003), ഇൻ റ്റു ദ് ഇൻഫെ‍ർണൊ (2016), മീറ്റിങ് ഗോർബചേവ് (2018), ഫയർബോൾ: വിസിറ്റേഴ്സ് ഫ്രം ഡാർകർ വേൾഡ്സ് (2020) എന്നിവ അദ്ദേഹത്തിന്റെ ചില ശ്രദ്ധേയ ഡോക്യുമെന്ററി ചിത്രങ്ങളാണ്.

ക്ലോസ് കിൻസ്കി എന്ന പ്രമുഖനായ ജർമൻ അഭിനേതാവും ഹെർസോഗും തമ്മിലുള്ള ബന്ധം എളുപ്പത്തിൽ നിർവചിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നില്ല. കിൻസ്കി പൊതുവെ ഒരു കിറുക്കനായി വിളിക്കപ്പെടുന്ന നടനായതുകൊണ്ടുതന്നെ, അവരൊരുമിച്ച് ചെയ്ത സിനിമകളിലെല്ലാം രണ്ടുപേരും തമ്മിൽ അങ്ങേയറ്റത്തെ വാക്കേറ്റവും കയ്യാങ്കളിയും പതിവാണ്. ഫിറ്റ്സ്കെറാൾഡൊ ചിത്രീകരണം നടക്കുന്നതിനിടയിൽ കിൻസ്കിയെ കൈത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തേണ്ടിവന്ന കഥ പൊതുവിൽ ഹെർസോഗ്-കിൻസ്കി ബന്ധത്തെക്കുറിച്ച്പറയുമ്പോൾ കേൾക്കാറുള്ളതാണ്. കിൻസ്കിയുമായുള്ള ബന്ധത്തെക്കുറിച്ച് 1999ൽ ഹെർസോഗ് നിർമിച്ച ഡോക്യുമെന്ററിയാണ് മൈ ബെസ്റ്റ് ഫ്രന്റ്: ക്ലോസ് കിൻസ്കി (ഈ ചിത്രത്തിന്റെ ജർമൻ പേര് Mein liebster Feind – Klaus Kinskiഎന്നാണ്. ഇതിന് എന്റ പ്രിയപ്പെട്ട ശത്രു: ക്ലോസ് കിൻസ്കി എന്ന ഒരർത്ഥം കൂടിയുണ്ട്. ശത്രു, മിത്രം എന്നീ രണ്ടർത്ഥങ്ങളും വായിച്ചെടുക്കാവുന്ന  തരത്തിലുള്ള ഒരു പേരാണ് ഹെർസോഗ് ഈ ചിത്രത്തിനായിതിരഞ്ഞെടുത്തത്.).

സിനിമ ഔപചാരികമായി സ്കൂളുകളിൽ ചേർന്ന് പഠിക്കേണ്ട ഒന്നല്ല എന്നതാണ് ഹെർസോഗിന്റെ വാദം. നിലവിൽ ഉള്ള ഫിലിം സ്കൂളുകളുടെ രീതികളെല്ലാം തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം അദ്ദേഹത്തിന്റേതായ രീതികൾക്കനുസരിച്ച് സിനിമ പഠിപ്പിക്കുവാനായി 2009ൽ റോഗ് ഫിലിം സ്കൂൾ എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. സിനിമ എന്ന മാധ്യമത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം “എനിക്ക് തോന്നുന്നത്, മറ്റേതൊരു മാധ്യമത്തേക്കാളും മികച്ച രീതിയിൽ നമ്മുടെ കൂട്ടായ സ്വപ്നങ്ങളെ പ്രകാശിപ്പിക്കാൻ പറ്റുന്നത് സിനിമയിലൂടെയാണെന്നാണ്; അതുതന്നെയായിരിക്കണം ഒരുപക്ഷെ, ഉറപ്പായും അതിനുള്ള പ്രാധാന്യവും” എന്നതാണ്.

ഒരു അഭിമുഖത്തിൽ നിങ്ങൾ എന്തിനുവേണ്ടിയണ്, ആർക്കുവേണ്ടിയാണ് സിനിമകളെടുക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി വളരെ ശ്രദ്ധേയാണ്: “കുറച്ച് സിനിമയല്ലാതെ എന്റെ ജീവിതത്തിൽ മറ്റൊന്നും ഞാൻ പഠിച്ചിട്ടില്ല. അത് സ്വാഭാവികമായും എന്നിലേക്ക് വരികയായിരുന്നു. ഉദാഹരണത്തിന്, ചെറിയ കുട്ടികൾ പെട്ടെന്നൊരു ദിവസം ഒരു സംഗീതോപകരണം വായിക്കണമെന്ന് ആഗ്രഹിക്കുകയും അവർ സംഗീതജ്ഞർ ആയിത്തീരുകയും ചെയ്യുന്നത് പോലെയായിരുന്നു അത്. അതിനെക്കുറിച്ച് അധികം ചോദ്യവും പറച്ചിലുമൊന്നുമില്ല; മുഖവുരകളില്ല. അതങ്ങിനെ സ്വാഭാവികമായി വരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ സിനിമ എന്നിലേക്ക് വന്നത് അങ്ങിനെയാണ്.” അതേ അഭിമുഖത്തിൽ പുതിയതായി ചലച്ചിത്രരംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർക്കുള്ള ഉപദേശമായി അദ്ദേഹം പറഞ്ഞത് “വായിക്കുക, വായിക്കുക, വായിക്കുക, വായിക്കുക, വായിക്കുക, വായിക്കുക……. വായിച്ചുകൊണ്ടേയിരിക്കുക. വായനയില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഒരു ചലച്ചിത്രകാരാവാനാവില്ല” എന്നായിരുന്നു.

ചലച്ചിത്രകാരൻ എന്നതുപോലെത്തന്നെ വളരെ പ്രസിദ്ധനായ എഴുത്തുകാരനും കൂടിയാണ് ഹെർസോഗ്. ഓഫ് വാക്കിങ് ഇൻ ഐസ് (1978), കോൺക്വസ്റ്റ് ഒഫ് ദ് യൂസ്‍ലെസ് (2004) എന്നിവ അദ്ദേഹത്തിന്റെ ഏറെ വായിക്കപ്പെട്ട കൃതികളാണ്. ഹെർസോഗിന്റെ പ്രിയപ്പെട്ട സുഹൃത്തും മാ‍ഗദർശിയുമൊക്കെയായിരുന്ന പ്രമുഖ ജർമൻ-ഫ്രഞ്ച് ചലച്ചിത്രനിരൂപകയും എഴുത്തുകാരിയുമായ ലോട്ടെ എയ്സ്നർ ഗുരുതരമായ രോഗം ബാധിച്ച് പാരീസിൽ മരണശയ്യലിലാണെന്ന് അറിഞ്ഞതിനെത്തുടർന്ന് “അവരങ്ങനെ മരിക്കേണ്ടവരല്ല, അവരങ്ങനെ മരിക്കരുത്, ഞാനതിന് അനുവദിക്കില്ല” എന്ന് തീരുമാനിച്ച് മ്യൂണിച്ചിലെ തന്റെ താമസസ്ഥലത്തുനിന്ന് ഒറ്റയ്ക്ക് കാൽനടയായി പാരീസിലെ ലോട്ടെ എയ്സ്നറുടെ വസതിയിലേക്ക് യാത്ര ചെയ്തയാളാണ് ഹെർസോഗ്. അതും ശൈത്യകാലത്തിന്റെ തുടക്കത്തിൽ. 1974 നവംബർ 23 മുതൽ ഡിസംബ‍ർ 14 വരെ നടത്തിയ ആ കാൽനടയാത്രയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകളാണ് ഓഫ് വാക്കിങ് ഇൻ ഐസ് എന്ന കൃതി. താൻ സിനിമയിൽ ചെയ്തതെല്ലാം ലോകം വിസ്മരിച്ചാലും തന്റെ ഈ രണ്ട് പുസ്തകങ്ങൾ വളരെയേറെക്കാലം നിലനിൽക്കും എന്ന് ഹെർസോഗ് തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതിപ്രശസ്തങ്ങളായ ഇരുപതോളം ഒപെറകളുടെ സംവിധായകൻ കൂടിയാണ് ഹെർസോഗ്.     Doktor Faust (1986), Lohengrin (1987), Il Guarany (1993), Tannhäuser (1997, 1998) എന്നിവ അവയിൽ ശ്രദ്ധേയമായ ചിലതാണ്. അദ്ദേഹത്തിന്റെ ഫിറ്റ്സ്കറാൾഡൊ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ഓപെറ എന്ന കലാരൂപം അദ്ദേഹത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം എത്രത്തോളമാണെന്നത് കാണാവുന്നതാണ്. ഈ ഒരു ക്ലാസിക്കൽ സംഗീത പശ്ചാത്തലമാണ്, പാശ്ചാത്യ ശാസ്ത്രീയസംഗീതത്തെ വളരെ മനോഹരമായി തന്റെ സിനിമകളിൽ ഉപയോഗിക്കുവാൻ ഹെർസോഗിനെ പ്രേരിപ്പിച്ചത്.

ലോകസിനിമയ്ക്ക ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന ചലച്ചിത്രകൃതികളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുവാൻ തന്റെ എഴുപത്തിയൊമ്പതാം വയസ്സിലും വെർനർ ഹെർസോഗ് സജീവമാണ്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍

Aguirre, the Wrath of God

Fitzcarraldo

https://youtu.be/Ti1u4ltg5oc

Little Dieter Needs to Fly

The Wild Blue Yonder

 

 


Write a Reply or Comment

Your email address will not be published. Required fields are marked *