വിം വെൻഡേഴ്സ് (ജനനം – 1945 ഓഗസ്റ്റ് 14)

വിം വെൻഡേഴ്സ് (ജനനം – 1945 ഓഗസ്റ്റ് 14) Wim Wenders

1960കളുടെ ഒടുവിൽ ഉദയം ചെയ്ത് 1970കളിൽ സജീവമായി മാറിയ ജർമൻ നവസിനിമ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന് ജർമൻ സിനിമയിലെയും ലോകസിനിമയിലെ തന്നെയും മികച്ച സംവിധായകരിലൊരാളായി മാറിയ ചലച്ചിത്രകാരനാണ് വിം വെൻഡേഴ്സ്. തിരക്കഥാകൃത്ത്, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ കൂടി ശ്രദ്ധേയനായ വിം മികച്ച ഒരു ഡോക്യുമെന്ററി ചലച്ചിത്രകാരൻ കൂടിയാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ ഒട്ടേറെ ശ്രദ്ധേയങ്ങളായ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ഒരു മികച്ച നിശ്ചലഛായാഗ്രാഹകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്.

ജർമനിയിലെ ഡുസൽഡോഫിലുള്ള ഒരു പരമ്പരാഗത കത്തോലികാ കുടുംബത്തിലാണ് ഏൺസ്റ്റ് വിൽഹെം വെൻഡേഴ്സ് എന്ന വിം വെൻഡേഴ്സ് ജനിച്ചത്. ഫ്രെയ്ബർഗ് സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രവും ഡുസൽഡോഫ് സർവകലാശാലയിൽ നിന്ന് ഫിലോസഫിയും പഠിക്കാനാരംഭിച്ചുവെങ്കിലും ഇത് പൂർത്തിയാക്കാതെ പാരിസിലേക്ക് പെയ്ന്റിങ് പഠിക്കുവാൻ പോയി. അക്കാലത്ത് സിനിമയിൽ താൽപര്യം ജനിച്ച വെൻഡേഴ്സ് പാരീസിലെ സിനിമാ സ്കൂളിൽ അപേക്ഷിച്ചുവെങ്കിലും പ്രവേശനം നേടാനായില്ല. തുടർന്ന് ജർമനിയിൽ തിരിച്ചെത്തിയ അദ്ദേഹം യുനൈറ്റഡ് ആർടിസ്റ്റ്സിന്റെ ഡുസൽഡോഫ് ഓഫീസിൽ ചേരുകയും പിന്നീട് സിനിമാപഠനത്തിനായി പുതുതായി ആരംഭിച്ച മ്യൂണിച് ടെലിവിഷൻ ഏന്റ് ഫിലിം സർവകലാശാലയിൽ ചേരുകയും ചെയ്തു. 1970ൽ കോഴ്സ് പൂർത്തിയാക്കുന്നതിന് മുന്നോടിയായി അദ്ദേഹം ഒട്ടേറെ 16 എം എം ഹ്രസ്വചിത്രങ്ങൾ എടുത്തിരുന്നു. ഈ കോഴ്സിന്റെ ഭാഗമായി 1970 ൽ സംവിധാനം ചെയ്ത സമ്മർ ഇൻ ദ് സിറ്റി ആണ് അദ്ദേഹത്തിന്റെ ആദ്യഫീച്ചർ സിനിമ. ജർമനിയിൽ സിനിമാവിതരണത്തിനായി 1971ൽ സ്ഥാപിക്കപ്പെട്ട Filmverlag der Autoren എന്ന കമ്പനിയുടെ പതിമൂന്ന് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു വിം വെൻഡേഴ്സ്.

 

The Goalkeeper’s Fear of the Penalty (1972), The Scarlet Letter (1973), Alice in the Cities (1974), The Wrong Move (1975), Kings of the Road (1976) (അവസാനത്തെ മൂന്നെണ്ണം വെൻഡേഴ്സിന്റെ റോഡ് സിനിമാത്രയത്തിലെ മൂന്ന് ചിത്രങ്ങളാണ്),The American Friend (1977), The State of Things (1982), Paris, Texas (1984), Wings of Desire (1987), Until the End of the World (1991), Faraway, So Close! (1993), Lisbon Story (1994), Beyond the Clouds (1995), A Trick of Light (1995), The End of Violence (1997), The Million Dollar Hotel (2000), Ten Minutes Older (2002), Other Side of the Road (2003), Land of Plenty (2004), Don’t Come Knocking (2005), To Each His Own Cinema (2007), Palermo Shooting (2008), If Buildings Could Talk (2010), Every Thing Will Be Fine (2015), The Beautiful Days of Aranjuez (2016), Submergence (2017), United States vs. Reality Winner (2021) എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലത്.

 

അദ്ദേഹത്തിന്റെ ഡോക്യുമെന്ററി ചിത്രങ്ങളും വളരെ പ്രശസ്തമായവയാണ്. Docu Drama (1984), Pope Francis: A Man of His Word (2018), The Soul of a Man (2003), ക്യൂബൻ സംഗീതത്തെക്കുറിച്ചുള്ള Buena Vista Social Club (1999), Notebook on Cities and Clothes (1989), Tokyo-Ga (1985), ബ്രസീലിയൻ നിശ്ചലഛായാഗ്രാഹകനായ സെബാസ്റ്റ്യൊ സാൽഗദോയെക്കുറിച്ച് അദ്ദേഹത്തിന്റെ മകനായ ജൂലിയാനൊ റിബെറിയൊ സാൽഗദൊയോടൊപ്പം സംവിധാനം നി‍ർവഹിച്ചThe Salt of the Earth (2014), Ode to Cologne: A Rock ‘N’ Roll Film (2002), Lightning Over Water (1980), ജർമൻ നർത്തകിയായ പിന ബോഷിനെക്കുറിച്ചുള്ള Pina (2011), Invisibles (2007) എന്നിവ അവയിൽ ചിലതാണ്. ഇതിൽ ബ്യുയെന വിസ്ത സോഷ്യൽ ക്ലബ്, സാൾട് ഒഫ് ദ് എർത്, പിന എന്നീ ചിത്രങ്ങൾ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുകയുമുണ്ടായി. തന്റെ സിനിമാ കരിയറിനിടയിൽ സ്വന്തം ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമായി വിം വെൻഡേഴ്സ് പറയുന്നത്  Pope Francis: A Man of His Word എന്ന ചിത്രത്തെയാണ്.

ദ് സ്റ്റേറ്റ് ഒഫ് ദ് തിങ്സ് എന്ന ചിത്രത്തിന് ലഭിച്ച ഗോൾഡൻ ലയൺ പുരസ്കാരം (1982), പാരിസ്, ടെക്സാസ് എന്ന ചിത്രത്തിന് ലഭിച്ച പാം ഡി ഓർ പുരസ്കാരം (1984), ഫാ‍ർ എവെ, സോ ക്ലോസ്! എന്ന ചിത്രത്തിന് ലഭിച്ച കാൻ ചലച്ചിത്രമേളയിലെ ഗ്രാന്റ് ജൂറി പുരസ്കാരം (1993), ദ് മില്യൺ ഡോളർ ഹോട്ടൽ എന്ന ചിത്രത്തിന് ലഭിച്ച സിൽവർ ബിയർ പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ച നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങളിൽ ചിലതാണ്.

കലാമേഖലയിലെ തുടക്കക്കാലം തൊട്ട് തന്നെ നിശ്ചലഛായാഗ്രഹണത്തിന്റെ മേഖല അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്ന ഒന്നായിരുന്നു. പാരീസ്, ടെക്സാസ് എന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് അമേരിക്കയിലുടനീളം നടത്തിയ യാത്രയുടെ ഫലമെന്നോണം റിട്ടൺ ഇൻ ദ് വെസ്റ്റ് എന്ന പേരിൽ ഒരു ഫോട്ടോഗ്രഫി പ്രദർശനം അദ്ദേഹം നടത്തിയിരുന്നു. പിക്ചേഴ്സ് ഫ്രം ദ് സർഫസ് ഒഫ് ദ് എർത് ആയിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ എക്സിബിഷൻ. ഓസ്ട്രേലിയ, ക്യൂബ, ഇസ്രയേൽ, അർമേനിയ, ജപ്പാൻ തുടങ്ങി രാജ്യങ്ങളിലൂടെ നടത്തിയ യാത്രകളിൽ നിന്നായിരുന്നു ഈ പ്രദർശനത്തിനു വേണ്ട വിഭവങ്ങൾ അദ്ദേഹം ശേഖരിച്ചത്. ലോകത്തെ വിഖ്യാതമായ വിവിധ മ്യൂസിയങ്ങളിൽ വിം വെൻഡേഴ്സിന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ചുവരുന്നുണ്ട്.

 

2012ൽ ഭാര്യയായ ഡൊനാറ്റയുമായി ചേർന്ന് ഡുസൽഡോഫിൽ അദ്ദേഹം വിം വെൻഡേഴ്സ് സ്റ്റിഫ്റ്റുങ് എന്ന ഒരു പ്രസ്ഥാനം ആരംഭിച്ചു. സാഹിത്യവും സിനിമയുമുൾപ്പെടെയുള്ള വിവിധ കലാരംഗങ്ങളിലെ വിം വെൻഡേഴ്സിന്റെ സംഭാവനകൾ നേരിട്ട് പൊതുജനങ്ങളിലേക്ക് ഭംഗിയായി എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രസ്ഥാനം ആരഭിച്ചത്. അതിന്റെ പ്രവർത്തനങ്ങളിലും ചലച്ചിത്രനിർമാപ്രവർത്തനങ്ങളിലുമായി അദ്ദേഹം ഇപ്പോഴും വളരെ സജീവമാണ്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍

Summer in the City 1970

Wings of Desire (1987)

 

 


Write a Reply or Comment

Your email address will not be published. Required fields are marked *