യാസുജിറോ ഓസു (ജനനം 1903 ഡിസംബര്‍ 12)

ജന്മദിന സ്മരണ

യസുജിറൊ ഒസു (1903 ഡിസംബർ 12) Yasujirō Ozu

സിനിമയുടെ അടിസ്ഥാനവ്യാകരണത്തെ കലാപരമായിത്തന്നെ അപ്പാടെ തലകീഴാക്കി മറിച്ചുകൊണ്ടും, പാശ്ചാത്യസിനിമകളും മറ്റും നിരന്തരം മുന്നോട്ടുവെച്ചതും അക്കാലത്ത് നിലനിൽക്കുന്നതുമായ സിനിമാസങ്കല്പങ്ങളെ നിരാകരിച്ചുകൊണ്ടും ഉള്ള വിഖ്യാതസിനിമകളിലൂടെ ലോകസിനിമയിലെ ശ്രദ്ധേയസാന്നിദ്ധ്യമായി മാറുകയും, ലോകം മുഴുവൻ എക്കാലവും അംഗീകരിക്കപ്പെടുന്ന നിരവധി സിനിമകൾ നിർമിക്കുകയും ചെയ്ത ജാപ്പനീസ് സംവിധായകനാണ് യസുജിറൊ ഒസു. മറ്റേത് ജാപ്പനീസ് ചലച്ചിത്രസംവിധായകരേക്കാളും ജപ്പാനീസത (Japaneseness) നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ എടുത്ത വ്യക്തി എന്ന നിലയിലും ഒസു വ്യാപകമായി വിലയിരുത്തപ്പെടുന്നു. സംവിധായകൻ എന്നതിനോടൊപ്പം മികച്ച തിരക്കഥാകൃത്ത് കൂടിയാണ് ഒസു.

ടോക്യൊയിലെ ഫുക്കാഗവ ജില്ലയിൽ ഒരു വളം കച്ചവടക്കാരന്റെ മകനായാണ് ഒസു ജനിച്ചത്. ഒമ്പതാം വയസ്സിൽ അദ്ദേഹത്തെയും സഹോദരങ്ങളെയും അച്ഛന്റെ ജന്മനാടായ മാറ്റ്സുസാകയിലേക്ക് കൊണ്ടുപോയി. പ്രാഥമിക വിദ്യാഭ്യാസവും മറ്റു കാര്യങ്ങളും അവിടെയാണ് നടന്നത്. അക്കാലത്ത് ബോഡിങ്ങിൽ താമസിച്ച് പഠിച്ച വിദ്യാർത്ഥിയായതുകൊണ്ടുതന്നെ ക്ലാസ് കട്ട് ചെയ്ത് സിനിമകൾ കാണുന്ന ശീലം ഉണ്ടായിരുന്നു. പതിനഞ്ചാം വയസ്സിൽ കണ്ട സിവിലൈസേഷൻ എന്ന സിനിമയാണ് സിനിമാക്കാരനാകണം എന്ന തീവ്രമായ അഭിലാഷം അദ്ദേഹത്തിൽ ഉണർത്തിയത്. ഹൈസ്കൂൾ പഠനാനന്തരം ചില പ്രവേശനപരീക്ഷകളൊക്കെ എഴുതിയെങ്കിലും അതിലൊന്നും വിജയിക്കാൻ കഴിയാഞ്ഞതിനാൽ ആ പ്രദേശത്തു തന്നെയുള്ള ഒരു സ്കൂളിൽ പകരം അധ്യാപകനായി കുറച്ചുകാലം ജോലി നോക്കി. പിന്നീട് 1923ൽ ടോക്യോയിലേക്ക് തന്നെ തിരിച്ചുവന്നു.

അമ്മാവന്റെ സ്വാധീനം ഉപയോഗിച്ച് അന്ന് ടോക്യോയിലെ പ്രസിദ്ധമായ ഷോചികു ഫിലിം കമ്പനിയിൽ അസിസ്റ്റന്റ് ക്യാമറാമാനായി അദ്ദേഹത്തിന് കയറാൻ സാധിച്ചു. അതേ വർഷം തന്നെ ഒരു വർഷത്തെ പട്ടാള സേവനത്തിന് അദ്ദേഹം നിയോഗിക്കപ്പെട്ടു. 1923ൽ ടോക്യോയിൽ ഉണ്ടായ അതിതീവ്രമായ ഭൂകമ്പത്തിൽ ആ നഗരം അപ്പാടെ ഇല്ലാതായിപ്പോകുന്ന സാഹചര്യമുണ്ടായി. ഇതിന് ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങളാണ് ജപ്പാനിലേക്ക് ആധുനികതയെ എത്തിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചതെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നുണ്ട്. അത്തരം പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഒസുവും സിനിമാമേഖലയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്.

1926ൽ ഷോചികു സ്റ്റുഡിയോയിൽ അസിസ്റ്റന്റ് ഡയറക്റ്റർ ആയി മാറിയ ഒസു 1927ൽ അവിടെത്തന്നെ പിര്യേഡ് സിനിമാ വിഭാഗത്തിൽ ഡയറക്റ്ററായി ഉയർത്തപ്പെട്ടു. ആദ്യചിത്രമായ സ്വോഡ് ഒഫ് പെനിറ്റൻസ് സംവിധാനം ചെയ്തത് ഇവിടെ വെച്ചാണെങ്കിലും അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയിരുന്നു. തുടർന്ന് സ്റ്റുഡന്റ് റൊമാൻസ്: ഡെയ്സ് ഒഫ് ദ് യൂത്ത് (1930), ഐ ഗ്രാജ്വേറ്റഡ്, ബട്ട്… (1929), ഏൻ ഇൻട്രൊഡക്ഷൻ റ്റു മാര്യേജ് (1930), ദാറ്റ് നൈറ്റ്സ് വൈഫ് (1930), യങ് മിസ് (1930), ടോക്യൊ കോറസ് (1931), സ്പ്രിങ് കംസ് ഫ്രം ദ് ലേഡീസ് (1932), ഐ വാസ് ബോൺ, ബട്ട്… (1932), അൺടിൽ ദ് ഡെ വി മീറ്റ് എഗെയ്ൻ (1932), വുമൺ ഒഫ് ടോക്യൊ (1933), ഡ്രാഗ്നെറ്റ് ഗേൾ (1933), പാസിങ് ഫാൻസി (1933), എ മദർ ഷുഡ് ബി ലവ്ഡ് (1934), എൻ ഇന്നസന്റ് മെയ്ഡ് (1935), എൻ ഇൻ ഇൻ ടോക്യൊ (1935), കോളേജ് ഈസ് എ നൈസ് പ്ലേസ് (1936) തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാരംഗത്ത് വളരെ ശ്രദ്ധേയനായി മാറി. ഇതിൽ പല സിനിമകളുടെയും പ്രിന്റുകൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് കഴിഞ്ഞവയാണ്. ഇവയെല്ലാം നിശബ്ദചിത്രങ്ങളുമായിരുന്നു.

സിനിമയിൽ ശബ്ദം ഉപയോഗിക്കാവുന്ന സാങ്കേതിവിദ്യ വികസിച്ചതിനുശേഷവും കുറേക്കാലം ഒസു സംഭാഷണമില്ലാത്ത ചിത്രങ്ങൾ തന്നെയാണ് സംവിധാനം ചെയ്തുകൊണ്ടിരുന്നത്. ഒസു ചെയ്ത ആദ്യ സംഭാഷണ ചിത്രം 1936ൽ പുറത്തുവന്ന ദ് ഒൺലി സൺ ആണ്. തുടർന്നാണ് കഗാമി ജിഷി (1936), വാട് ഡിഡ് ദ് ലേഡി ഫോർഗോട് (1937), ബ്രദേഴ്സ് ഏന്റ് സിസ്റ്റേഴ്സ് ഒഫ് തോട ഫാമിലി (1941), ദേർ വാസ് എ ഫാദർ (1942), എ ഹെൻ ഇൻ ദ് വിൻഡ് (1948), ലേറ്റ് സ്പ്രിങ് (1949), ദ് മുനേകത സിസ്റ്റേഴ്സ് (1950), ഏർലി സമ്മർ (1951), ദ് ഫ്ലേവർ ഒഫ് ഗ്രീൻ ടീ ഓവർ റൈസ് (1952), ടോക്യൊ സ്റ്റോറി (1953), ഏർലി സ്പ്രിങ് (1956), ടോക്യൊ ട്വിലൈറ്റ് (1957) തുടങ്ങിയ സുപ്രധാന ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തത്. ഇവ മുഴുവനും ബ്ലാക് ഏന്റ് വൈറ്റിൽ ചെയ്ത ചിത്രങ്ങളുമാണ്. സിനിമയിൽ കളർ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ വന്നതിനുശേഷം അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ ചിലത് ഈക്വിനൊക്സ് ഫ്ലവർ (1958), ഗുഡ് മോണിങ് (1959), ഫ്ലോട്ടിങ് വീഡ്സ് (1959), ലേറ്റ് ഓട്ടം (1960), ദ് എൻഡ് ഒഫ് സമ്മർ (1961), ഏൻ ഓട്ടം ആഫ്റ്റർനൂൺ (1962) എന്നിവയാണ്.

ജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധ തരത്തിലുള്ള പോരാട്ടങ്ങളെയാണ് പ്രധാനമായും ഒസുവിന്റെ ചിത്രങ്ങൾ വരച്ചുകാട്ടയിത്. ജനനത്തിനും മരണത്തിനും ഇടയിലെ ചാക്രിക ബന്ധങ്ങൾ, ബാല്യത്തിൽ നിന്നും കൌമാരത്തിലേക്കും യൌവനത്തിലേക്കുമുള്ള മാറ്റങ്ങൾ, പരമ്പരാഗതവും ആധുനികവും തമ്മിലുള്ള സംഘർഷങ്ങൾ, വിവാഹം-കുടുംബബന്ധങ്ങൾ എന്നിവയെല്ലാം ഈ രീതിയിൽ ഒസു ചിത്രങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പല സിനിമകളുടെയും പേരുകളിൽ ഋതുക്കളുടെ പേരുകൾ കടന്നുവരുന്നത് ഈയൊരു തരത്തിലുള്ള മനുഷ്യാനുഭവങ്ങളിൽ വരുന്ന മാറ്റങ്ങളെ പ്രതീകാത്മകമായി സൂചിപ്പിക്കുവാനാണെന്ന് പരക്കെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുടുംബം, വിവാഹം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതോടൊപ്പം അദ്ദേഹം ചർച്ച ചെയ്ത ഒരു പ്രധാനവിഷയം വീട്, വിദ്യാലയം, ഓഫീസ് എന്നിവയായിരുന്നു. ഇവ തമ്മിലുള്ള പാരസ്പര്യത്തെയും പിരിക്കാനാകാത്ത വിധം ചേർന്നുനിൽക്കുന്ന ഇവയ്കിടയിലുള്ള ബന്ധത്തെയും കുറിച്ച് അദ്ദേഹം സിനിമകളിലൂടെ നിരന്തരം സംസാരിച്ചിരുന്നു.

ആദ്യകാലത്ത് അദ്ദേഹം ധാരാളം അമേരിക്കൻ സിനിമകൾ കാണാറുണ്ടായിരുന്നു. ഏൺസ്റ്റ് ലൂബിഷിന്റെ ചിത്രങ്ങളായിരുന്നു ഇവയിലേറെയും. അതുപോലെ ഷോചികു സ്റ്റുഡിയോയിൽ വച്ച് ധാരാളം ജാപ്പനീസ് ചിത്രങ്ങളും അദ്ദേഹം കണ്ടിരുന്നു. തനിക്ക് സീനിയർ ആയിട്ടുള്ള സംവിധായകരുടെ സാങ്കേതികസവിശേഷതകൾ മനസ്സിലാക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഇതിന് പിറകിലുണ്ടായിരുന്നതെന്ന് അദ്ദേഹം പിൽക്കാലത്ത് പറഞ്ഞിരുന്നു. പക്ഷെ ഇവയൊന്നും അദ്ദേഹത്തിലെ സംവിധായകനിൽ സ്വാധീനം ചെലുത്തിയിട്ടുള്ളതായി അദ്ദേഹം സമ്മതിക്കുന്നില്ല.
“മറ്റുള്ളവരെ വെറുതേ അനുകരിക്കാൻ പോകാതെ, സ്വന്തമായ ഒരു സംവിധാനശൈലി എന്റെ തലച്ചോറിനകത്തു തന്നെ രൂപ്പെപ്പെടുത്തിയെടുക്കുകയാണ് ഞാൻ ചെയ്യുന്നത്… എന്നെ സംബന്ധിച്ച് അധ്യാപകർ എന്ന ഒന്നില്ല. എന്റെ തന്നെ കഴിവിനെ മാത്രമാണ് ഞാനെന്നും ആശ്രയിച്ചിരുന്നത്” എന്ന് ഒസു ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും അദ്ദേഹത്തിന്റെ സിനിമകളിൽ കടന്നുവന്നിട്ടില്ല. കോളേജ്, ഓഫീസ്, വിവാഹം എന്നിവ ഒസുവിന്റെ ചിത്രത്തിന്റെ പ്രധാനവിഷയങ്ങളായിരിക്കെ തന്നെ ഇവ മൂന്നുമായും ഒസുവിന് ഒരു തരത്തിലും ബന്ധമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അതുപോലെ അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്ന പട്ടാളജീവിതമോ, പ്രവിശ്യാജീവിതമോ ഒന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ സംസാരിച്ചതേയില്ല. അദ്ദേഹത്തിന്റെ തന്നെ ജീവിതത്തിന് പുറത്തുനിന്നായിരുന്നു അദ്ദേഹത്തിന് പ്രചോദനം ലഭിച്ചിരുന്നത്. അത് അദ്ദേഹത്തിന്റെ മനസ്സിൽ നിന്നോ മറ്റുള്ളവരെ അദ്ദേഹം നിരീക്ഷിക്കുന്നതിൽ നിന്നോ ആയിരുന്നു താനും. അതോടൊപ്പം 180 ഡിഗ്രി റൂൾ ഉൾപ്പെടെയുള്ള അന്നത്തെ അടിസ്ഥാന സിനിമാ വ്യാകരണത്തെ നിരാകരിച്ചുകൊണ്ടായിരുന്നു അദ്ദേഹം ചിത്രങ്ങൾ സംവിധാനം ചെയ്തതും.

സൈറ്റ് & സൌണ്ട് തിരഞ്ഞെടുപ്പിൽ 2012ൽ ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തെത്തിയ ചിത്രമാണ് ടോക്യൊ സ്റ്റോറി. അതേ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ലോകത്താകമാനമുള്ള സംവിധായകരിലെയും സിനിമാപ്രവർത്തകരിലെയും 358 പേർ ഐക്യകണ്ഠേന ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് നിർദേശിച്ച ചിത്രം കൂടിയാണ് ടോക്യൊ സ്റ്റോറി.

തൊണ്ടയിലെ അർബുദരോഗബാധയെത്തുടർന്ന് ഒസുവിന്റെ അറുപതാം ജന്മദിനമായ 1963 ഡിസംബർ 12ന് ടോക്യോവിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.


Write a Reply or Comment

Your email address will not be published. Required fields are marked *