അമീബ / മനോജ് കാന

അമീബ
മനോജ് കാന

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലോകത്തെ ചില മനുഷ്യരുടെ ജീവിതമാണ് മനോജ് കാന തന്റെ രണ്ടാമത്തെ ചിത്രമായ അമീബയിലൂടെ പറയുന്നത്. അമീബയുടെ മുഖ്യ കഥ നാരായണേട്ടന്റെയും കുടുംബത്തിന്റെയുമാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളിയാണ് അയാള്‍. ഈ കുടുംബത്തിന്റെ ദുരന്തങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ അവര്‍ക്ക് ചുറ്റുമുള്ള ലോകത്തേക്ക് കൂടി കണ്ണോടിക്കുന്നു. അതില്‍ ശരീരം ശുഷ്കിച്ച് വീട്ടിനകത്ത് അടച്ചിരിക്കുന്ന യുവതിയും ഭര്‍ത്താവിനെയും മകനെയും കൊന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയും അനുദിനം കടത്തിലേക്ക് ആണ്ടുകൊണ്ടിരിക്കുന്ന കുടുംബങ്ങളെ വീണ്ടും വീണ്ടും പിഴിയുന്ന പലിശക്കാരനും ഒക്കെ കാണാം.

ഏത് ഘട്ടത്തിലും ഒരു ഡോക്യുമെന്ററി ഫോര്‍മാറ്റിലേക്ക് വഴുതി വീഴാമായിരുന്ന സിനിമയെ ഒരു കുടുംബം കടന്നു പോകുന്ന അതിജീവന ശ്രമങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ‘അമീബ’യുടെ വിജയം. പ്രസവിക്കേണ്ടിവരും എന്നു ഭയന്ന് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്ന നാരായണന്റെ മൂത്തമകള്‍ മനീഷ ആ സമൂഹം കടന്നു പോകുന്ന മാനസിക ആഘാതത്തിന്റെ ആഴം വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ വിചിത്ര രൂപീകളായ മാനസിക വളര്‍ച്ചയില്ലാത്ത മനുഷ്യരുടെ ദുരിതത്തെക്കാള്‍ ഭയാനകമാണ് അവരുടെ കൂട്ടിരുപ്പുകാരുടെ മാനസിക ലോകം എന്നു പറഞ്ഞുവെക്കുന്നുണ്ട് സിനിമ.

സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം രോഗികളുടെ ഞെട്ടലുണ്ടാക്കുന്ന ദൃശ്യങ്ങള്‍ കാണിക്കാതെ തന്നെ അ ദുരന്തത്തിന്റെ വ്യാപ്തി പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ സംവിധായകന് കഴിയുന്നു എന്നുള്ളതാണ്. സ്വര്‍ഗ്ഗയിലെ മനുഷ്യരെ ആലംബഹീനരാക്കിയത് പോലെ കോര്‍പ്പറേറ്റ് നീരാളിക്കൈകള്‍ പുതുതലമുറയേയും ധൃതരാഷ്ട്രാലിംഗനത്തില്‍ ഞെരിക്കുന്നത് എങ്ങനെയാണ് എന്നു പറയാന്‍ ശ്രമിക്കുന്നുണ്ട് സിനിമ.

തങ്ങള്‍ ഇടപെടുന്ന പ്രാദേശികമായ സാമൂഹ്യ സാംസ്കാരിക ചുറ്റുപാടില്‍ നിന്നു കൊണ്ട് സിനിമ എടുക്കുന്നു എന്നതാണ് മനോജ് കാനയെ പോലുള്ള പുതുതലമുറ സംവിധായകരുടെ പ്രത്യേക. വലിയ ഫെസ്റ്റിവലുകളില്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ വേണ്ടിയല്ല ഈ സിനിമകള്‍. മറിച്ച് താന്‍ നിലകൊള്ളുന്ന സമൂഹത്തിനോട് സംവദിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. ജനങ്ങളില്‍ നിന്നും സംഭാവനയായി കിട്ടുന്ന ചെറിയ തുകകള്‍ സ്വരുക്കൂട്ടി മനോജിനെ പോലുള്ളവര്‍ സാക്ഷാത്കരിക്കുന്ന സിനിമകള്‍ ഏറ്റെടുക്കേണ്ടത് തീര്‍ച്ചയായും പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.


Write a Reply or Comment

Your email address will not be published. Required fields are marked *