ബസ്റ്റര്‍ കീറ്റണ്‍ ചലച്ചിത്രോത്സവം

ഒക്ടോ 13 മുതല്‍ 17 വരെ

ചാർലി ചാപ്ലിന് ഒപ്പമോ അദ്ദേഹത്തെക്കാൾ പ്രാധാന്യത്തോടെയോ, തൻറെ അസാധാരണങ്ങളായ ചലച്ചിത്ര സൃഷ്ടികൾ കൊണ്ട് സിനിമയുടെ ചരിത്രത്തിൽ സ്ഥാനംപിടിച്ച പ്രതിഭാശാലിയായി ലോകത്തെ പല ചലച്ചിത്രനിരൂപകരും പ്രസ്ഥാനങ്ങളും കരുതുന്ന ബസ്റ്റര്‍ കീറ്റണ്‍ അഭിനയം, നിര്‍മ്മാണം, സംവിധാനം എന്നിങ്ങനെ സിനിമയുടെ സര്‍വ്വതലത്തെയും മാറ്റിപ്പണിത, എക്കാലവും ലോകസിനിമ വിസ്മയത്തോടെ ഓര്‍ക്കുന്ന മഹാപ്രതിഭാശാലിയാണ്. ആദ്യകാലത്തെ എന്നുമാത്രമല്ല ലോക സിനിമാ ചരിത്രത്തിലെ തന്നെ ഉൽകൃഷ്ടമായ നിരവധി ഹാസ്യ ചലച്ചിത്രങ്ങൾ സിനിമയുടെ ആരംഭകാലത്ത് തന്നെ സാക്ഷാത്കരിക്കാൻ കഴിഞ്ഞ, അസാധാരണ ദൃശ്യബോധവും നർമ്മബോധവും ഉണ്ടായിരുന്ന ബസ്റ്റര്‍ കീറ്റന്റെ ഏറ്റവും മികച്ച സൃഷ്ടികൾ കാണുന്നതിനുള്ള അപൂർവ്വമായ അവസരം പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി ഒരുക്കുകയാണ്. ബസ്റ്റര്‍ കീറ്റന്റെ ഏറ്റവും ശ്രദ്ധേയമായ അഞ്ച് സിനിമകൾ ബെസ്റ്റ് ഓഫ് ബസ്റ്റര്‍ കീറ്റണ്‍ എന്നുപേരിട്ട ഈ ചലച്ചിത്രോത്സവത്തിൽ ഓപ്പണ്‍ ഫ്രെയിം ഓൺലൈനിൽ പ്രദർശിപ്പിക്കുന്നു.

2021 ഒക്ടോബർ 13 മുതൽ 17 വരെ ഓപ്പൺ ഫ്രെയിമിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ https://openframe.online/ ല്‍ ആണ് പ്രദർശനം. എല്ലാ ദിവസവും വൈകുന്നേരം 6.30 ന് സിനിമകൾ സൈറ്റില്‍ ലഭ്യമാകും. ബസ്റ്റര്‍ കീറ്റണ്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുന്നത് മലയാളത്തിലെ ശ്രദ്ധേയനായ ചലച്ചിത്ര നിരൂപകനും ക്യുറേറ്ററുമായ സി എസ് വെങ്കിടേശ്വരൻ ആണ്. മേളയുടെ ഒന്നാം ദിവസം ബസ്റ്റര്‍ കീറ്റന്റെ ഏറ്റവും പ്രശസ്തമായ ‘ജനറൽ’ എന്ന ചിത്രം പ്രദർശിപ്പിക്കും. രണ്ടാം ദിവസം കീറ്റണ്‍ സിനിമയിൽ വേറിട്ടുനിൽക്കുന്ന ‘സെവൻ ചാൻസ്” ആണ് പ്രദർശിപ്പിക്കുക. മേളയുടെ മൂന്നാം ദിവസം പ്രസിദ്ധമായ ‘ദ ക്യാമറാമാൻ’ എന്ന ചിത്രവും നാലാംദിവസം ‘ഷെർലക്ക് ജൂനിയർ’ എന്ന സിനിമയും അവസാനദിവസം ‘നേവിഗേറ്റർ’ എന്ന ചിത്രവും പ്രദർശിപ്പിക്കും. കിറ്റന്റെ അതിസാഹസികമായ പ്രകടനങ്ങളും നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി സന്ദർഭങ്ങളും ഇതിലെ എല്ലാ ചിത്രങ്ങളുടെയും സവിശേഷതയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഉണ്ടായ ഈ സിനിമകളുടെ റീസ്റ്റോർ ചെയ്ത ഭംഗിയുള്ള പ്രിന്റുകളാണ് ഈ പ്രദർശനത്തിനായി ഓപ്പൺ ഫ്രെയിം ഉപയോഗിക്കുന്നത

മുഴുവൻ സുഹൃത്തുക്കളെയും ബെസ്റ്റ് ഓഫ് ബസ്റ്റര്‍ കീറ്റണ്‍ എന്ന ഈ ചലച്ചിത്രോത്സവത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


1 Comment
  1. Shaji k v

    October 12, 2021 at 8:58 am

    Good initiative

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *