അപർണ സെൻ (1945 ഒക്ടോബർ 25)

ജന്മദിന സ്മരണ

അപർണ സെൻ (ജനനം – 1945 ഒക്ടോബർ 25) Aparna Sen

ഇന്ത്യൻ സിനിമയിലെ എന്നല്ല ലോകസിനിമയിലെ തന്നെ സംവിധായകപ്രതിഭകളിൽ ശ്രദ്ധേയയാണ് അപർണ സെൻ. സിനിമാമേഖലയിൽ സംവിധാനത്തിന് പുറമേ നടി, തിരക്കഥാകൃത്ത് എന്നീ നിലകളിൽ കൂടി ശ്രദ്ധേയയാണ് എന്നതിനൊപ്പം ഒരു മികച്ച സോഷ്യൽ ആക്റ്റിവിസ്റ്റ് കൂടിയാണ് അപർണ സെൻ. പുരുഷമേധാവിത്തപാരമ്പര്യത്തിലൂന്നിയ ഇവിടത്തെ പരമ്പരാഗത സിനിമാശൈലികളെ തച്ചുടച്ച് പുതിയ ഒരു കാഴ്ചാസംസ്കാരം സൃഷ്ടിക്കുന്നതിൽ അപർണ സെൻ വഹിച്ച പങ്ക് നിസ്തുലമാണ്.

1947ൽ സത്യജിത് റോയിക്കൊപ്പം കൽകട്ടാ ഫിലിം സൊസൈറ്റി സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ചലച്ചിത്രകാരനും നിരൂപകനുമായ ചിദാനന്ദ ദാസ്ഗുപ്തയുടെയും കോസ്റ്റ്യൂം ഡിസൈനറായ സുപ്രിയ ദാസ്ഗുപ്തയുടെയും മകളായി ഇന്നത്തെ ബംഗ്ലാദേശിൽ പെടുന്ന ചിത്തഗോംഗിലാണ് ജനിച്ചത്. പക്ഷെ ബാല്യകാലവും വിദ്യാഭ്യാസവും കൊൽകത്തയിലായിരുന്നു.

1961ൽ സത്യജിത് റോയിയുടെ തീൻ കന്യ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു അപർണസെന്നിന്റെ സിനിമയിലേക്കുള്ള പ്രവേശനം. കോളേജ് പഠനത്തിന് ശേഷം മൃണാൾ സെന്നിന്റെ ആകാശ് കുസും എന്ന ചിത്രത്തിലഭിനയിച്ചു. ഈ ചിത്രം അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യജിത് റോയിയുടെ തന്നെ ജൻ ആരണ്യ, അരണ്യേർ ദിൻരാത്രി എന്നീ സിനിമകളിലും തുടർന്ന് അഭിനയിച്ചു. മെർചന്റ് ഐവറി പ്രൊഡക്‍ഷൻസിന്റെ ചില ഇംഗ്ലീഷ് സിനിമകളിലും ചില ഹിന്ദി ചിത്രങ്ങളിലും ഒക്കെ പിന്നീട് അവർ അഭിനയിച്ചിരുന്നു.

1981ലാണ് ആദ്യചിത്രം സംവിധാനം ചെയ്തത്. 36ചൗരിങ്കി ലെയ്ൻ എന്ന ഈ ചിത്രത്തിൽ അഭനിയിച്ചത് ജെന്നിഫർ കെന്റാൾ, ധൃതിമാൻ ചാറ്റർജി, ദേബശ്രീ റോയ് തുടങ്ങിയവർ ഉൾപ്പെടുന്ന പ്രമുഖരായിരുന്നു. അന്നത്തെ പ്രമുഖതാരം ശശി കപൂർ ആണ് ഈ ചിത്രം നിർമിച്ചിരുന്നത്. ആദ്യ ചിത്രമായ ഇതിന് തന്നെ അപർണ സെന്നിന് മികച്ച സംവിധായിക പ്രതിഭയ്ക്കുള്ള ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി.

പരോമ (1984), സതി (1989), പിക്നിക് (1989), യുഗാന്ത് (1995), പരോമിതാർ ഏക് ദിൻ (2000), മിസ്റ്റർ ഏന്റ് മിസിസ് അയ്യർ (2002), 15 പാർക് എവന്യു (2005), ദ് ജാപ്പനീസ് വൈഫ് (2010), ഇതി മൃണാളിനി (2011), ഗൊയ്നാർ ബാക്‍ഷൊ (2013), സാരീരാത് (2015), ആ‍ർഷി നഗർ (2015), സൊനാറ്റ (2017), ഘരെ ബെയ്‍രെ ആജ് (2019), ദ് റേപിസ്റ്റ് (2021) എന്നിവയാണ് അപർണ സെൻ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. ഏറ്റവുമൊടുവിൽ 2021 ൽ എടുത്തിട്ടുള്ള ദി റേപ്പിസ്റ്റ് എന്ന  ചിത്രം ബുസാൻ ചലച്ചിത്രമേളയിൽ പുരസ്കാരം നേടുകയുണ്ടായി.

ഘരെ ബെയ്‍രെ ആജ് എന്ന സിനിമ  ടാഗോറിന്റെ  നോവലിനെ അടിസ്ഥാനമാക്കി നേരത്തെ റോയി നിർമ്മിച്ച ചിത്രത്തിന്റെ  രീതിയിൽ തന്നെയുള്ള വ്യത്യസ്തമായ മറ്റൊരു ചിത്രമാണ്. അതിനകത്ത് വലതുപക്ഷ രാഷ്ട്രീയം, ദേശീയത, ഗൗരി ലങ്കേഷ് വധം തുടങ്ങിയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. സൊനാറ്റ എന്ന 2017ലെ ചിത്രത്തിൽ അപർണയോടൊപ്പം ശബാന ആസ്മിയും ലിലെറ്റ് ദുബെയുമാണ് അഭിനയിക്കുന്നത്. ഒരുമിച്ച് താമസിക്കുന്ന മൂന്ന് സ്ത്രീകൾക്കിടയിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. പുരുഷമേധാവിത്തം, സവർണാധിപത്യം, അന്യമത വിദ്വേഷം ഇതൊക്കെ സമൂഹത്തിൽ വരുത്തുന്ന ദുരന്തങ്ങൾ എന്തെന്ന് കാണിച്ചു തരുന്ന ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് അയ്യർ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചിത്രമായിരുന്നു.

1986 മുതൽ 2005 വരെ സാനന്ദ എന്ന ബംഗാളി സ്ത്രീമാസികയുടെ എഡിറ്ററായി പ്രവർത്തിച്ചിരുന്നു. തുടർന്ന് ഒരു വർഷത്തിലേറെക്കാലം കൊൽകത്ത ടിവി എന്ന ചാനലിന്റെ ക്രിയേറ്റീവ് ഡയറക്റ്ററുമായിരുന്നു.

പ്രമുഖ ഇന്ത്യൻ നടിയായ നടി കൊങ്കൊണ സെൻ ശർമ, അപർണ സെന്നിന്റെ മകളാണ്.

ഒമ്പത് ദേശീയ ചലച്ചിത്രപരസ്കാരങ്ങളും ഒമ്പത് അന്തർദേശീയ ചലച്ചിത്രോത്സവ പുരസ്കാരങ്ങളും അപർണ സെന്നിന് ലഭിച്ചിട്ടുണ്ട്. എട്ട് BFJA (Bengal Film Journalists’ Association) അവാർഡുകളും സെന്നിന് ലഭിച്ചു. ഇന്ത്യയിലെ ഉന്നത സിവിലിയൻ പുരസ്കാരമായ പത്മശ്രീയും 1987ൽ അപർണ സെന്നിനെ തേടിയെത്തിയിരുന്നു.

സിനിമാ ലോകത്തെ മറ്റ് മിക്ക മായിക വ്യക്തിത്വങ്ങളെയും പോലെ കേവലമൊരു ചലച്ചിത്ര കലാകാരി മാത്രമായി ഒതുങ്ങിയിരുന്നില്ല അപർണ സെൻ.  വളരെ ശ്രദ്ധേയമായ എല്ലാ സാമൂഹിക പ്രശ്നങ്ങളിലും തന്റെ  നിലപാട് സ്പഷ്ടമായി വ്യക്തമാക്കുന്ന ഒരാൾ കൂടിയാണ് അവർ. നന്ദിഗ്രാമിലെ പ്രക്ഷോഭത്തിന് പിന്തുണ കൊടുത്തതും തൃണമൂലിന്റെ  അമിതാധികാരത്തെ എതിർത്തതും പൗരത്വനിയമത്തെ എതിർത്തതും ഒക്കെ ഉദാഹരണങ്ങളാണ്. മതനിരപേക്ഷതയിൽ ഉറച്ചുവിശ്വസിക്കുന്ന, ഇന്ത്യയുടെ വൈവിധ്യത്തിൽ ഉറച്ചുവിശ്വസിക്കുന്ന, മാനുഷിക-മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, സാമൂഹിക പ്രതിബദ്ധതയുള്ള  ഒരു കലാകാരിയാണ് അപർണ സെൻ; അതേ സമയം ചലച്ചിത്ര സൗന്ദര്യശാസ്ത്രമവലംബിച്ച് കൊണ്ട് നടത്തിയ രചനകളിലൂടെ ലോകശ്രദ്ധ നേടിയെടുത്ത ഒരു സ്ത്രീപക്ഷ ചലച്ചിത്രകാരിയുമാണ്.

(അപർണ സെന്നിന്റെ മൂന്നു ശ്രദ്ധേയ സിനിമകള്‍ ഉള്‍പ്പെടുത്തി ഓപ്പണ്‍ ഫ്രെയിം സംഘടിപ്പിക്കുന്ന അപര്‍ണ സെന്‍ ഫിലിം ഫെസ്റ്റ് ഇന്ന് വൈകുന്നേരം ആറു മണിമുതല്‍ https://openframe.online/ എന്ന സൈറ്റില്‍ ആരംഭിക്കും. ഡോ പ്രിയ എസ് അപര്‍ണ സെന്‍ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എല്ലാ സുഹൃത്തുക്കളെയും അപര്‍ണ സെന്‍ ഫിലിം ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു.)

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍


Write a Reply or Comment

Your email address will not be published. Required fields are marked *