റെയ്നർ വെർനർ ഫാസ്ബിന്റർ (ജനനം – 1945 മെയ് 31)

ജന്മദിന സ്മരണ

റെയ്നർ വെർനർ ഫാസ്ബിന്റർ

(ജനനം – 1945 മെയ് 31)

Rainer Werner Fassbinder

15 വർഷത്തിൽ താഴെ മാത്രം നീണ്ട ഹ്രസ്വമായ സിനിമാജീവിതത്തിനിടയിൽ വിഖ്യാതമായ രചനകൾ സൃഷ്ടിച്ച ജർമൻ സിനിമയിലെ അതികായനായ സംവിധായകനാണ് റെയ്നർ വെർനർ ഫാസ്ബിന്റർ. തന്റെ സിനിമകളിലും സ്വന്തം ജീവിതത്തിലും, അക്കാലത്ത് നിലനിൽക്കുന്ന വ്യവസ്ഥതികളെയെല്ലാം വെല്ലുവിളിച്ച ഒരു വിഗ്രഹഭഞ്ജകനായിരുന്നു ഫാസ്ബിന്റർ. അതേ സമയം ഒരു പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റിന്റെ ജ്വലിക്കുന്ന തീവ്രതയോടെയായിരുന്നു അദ്ദേഹം കലയെ സമീപിച്ചിരുന്നത്. തിരക്കഥാകൃത്തും എഡിറ്ററും കലാസംവിധായകനും നടനും കൂടിയായിരുന്ന ഈ പ്രതിഭ അപൂർവം അവസരങ്ങളിൽ സിനിമാ ഛായാഗ്രഹണത്തിലും നിർമാണത്തിലും കൈ കടത്തിയിട്ടുണ്ട്. നാടകങ്ങളിൽ രചയിതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ അസാമാന്യപ്രതിഭ തെളിയച്ചതിന് ശേഷം വെള്ളിത്തിരയിലേക്കെത്തിയ സംവിധായകൻ കൂടിയാണ് ഫാസ്ബിന്റർ.

രണ്ടാംലോകയുദ്ധത്തിൽ ജർമനി പൂർണമായും അമേരിക്കൻ സൈന്യത്തിന് കീഴടങ്ങിയ ദിവസങ്ങളിലൊന്നിലാണ് ഒരു ബൂർഷ്വാ കുടുംബത്തിൽ ഫാസ്ബിന്റർ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ഹെൽമുട് ഫാസ്ബിന്റർ ഒരു ഡോക്ടറും അമ്മ ലിസെലോട് പെംപെയ് ഒരു വിർത്തകയുമായിരുന്നു. വളരെ ചെറുപ്പം തൊട്ട് തന്നെ അദ്ദേഹം ധാരാളമായി സിനിമകൾ കാണുമായിരുന്നു, ദിവസേന നാല് സിനിമകളൊക്കെ കാണാറുണ്ടായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അമ്മയുടെ ആഗ്രഹപ്രകാരമാണ് അദ്ദേഹം നാടകപഠനത്തിന് ചേർന്നത്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളിലെ പ്രധാനനടിയായി മാറിയ ഹന്ന ഷിഗുളയുമായി പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. ഇക്കാലയളവിൽ ധാരാളം 8 എം എം ചിത്രങ്ങൾ നിർമിക്കുകയും എഴുതുകയും ചെയ്തിരുന്നു. ബെർലിൻ ഫിലിം സ്കൂളിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പ്രവേശനം ലഭിച്ചിരുന്നില്ല.

തുടർന്ന് അദ്ദേഹം തിയറ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകി. 1967ലാണ് അദ്ദേഹം മ്യൂണിച്ച് ആൿഷൻ തിയറ്ററിൽ എത്തുന്നത്. ആന്റിതിയറ്റർ എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുന്നതും ഇക്കാലത്തായിരുന്നു.

ഫ്രൻസ് വാൽഷ് എന്ന അപരനാമത്തിലായിരുന്നു 1969ൽ അദ്ദേഹം ആദ്യത്തെ ഫീച്ചർ സിനിമയായ ലവ് ഈസ് കോൾഡർ ദാൻ ഡെത്ത് സംവിധാനം ചെയ്തത്. നാടകത്തിന്റെ രീതിയിൽ തന്നെയായിരുന്നു ആദ്യകാലത്തെ ചിത്രങ്ങളെല്ലാം അദ്ദേഹം സംവിധാനം ചെയ്തിരുന്നത്. സ്റ്റാറ്റിക് ക്യാമറകളുപയോഗിച്ച് തീർത്തും സ്വാഭാവികത തോന്നാത്ത സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടവയായിരുന്നു ആ ചിത്രങ്ങൾ.

1971 തൊട്ടുള്ള സിനിമകളിൽ അദ്ദേഹത്തിന്റെ ശൈലി മാറുകയും അവയെല്ലാം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടാനാരംഭിക്കുകയും ചെയ്തു. ഡഗ്ലസ് സർക് എന്ന വിഖ്യാതസംവിധായകൻ ഹോളിവുഡിൽ ചെയ്ത സിനിമകളുടെ നിന്ദാനുകരണം എന്ന രീതിയിലായിരുന്നു ആ ചിത്രങ്ങൾ പലതും പുറത്തുവന്നത്. വംശം, ലിംഗം, ലൈംഗികാഭിമുഖ്യം, രാഷ്ട്രീയം, വർഗം തുടങ്ങിയവയെക്കുറിച്ചുള്ള മുൻവിധികൾ എന്തുമാത്രം ആഴത്തിലാണ് സമൂഹത്തിൽ വേരോടിയിരിക്കുന്നത് എന്ന് അദ്ദേഹം ഈ ചിത്രങ്ങളിലൂടെ അന്വേഷിച്ചു. അതേസമയം കുടുംബബന്ധങ്ങളിലും സുഹൃദ്ബന്ധങ്ങളിലും ഉൾച്ചേർന്നിട്ടുള്ള ദൈനംദിന ഫാഷിസത്തെയും അദ്ദേഹം സിനിമകൾക്ക് വിഷയമാക്കി.

ഗോഡ്സ് ഒഫ് ദ് പ്ലേഗ് (Götter der Pest, 1969), ദ് കോഫി ഹൌസ് (Das Kaffeehaus, 1970), വൈറ്റി (1970), വൈൽഡ് ഗേം (Wildwechsel, 1972), ബ്രെമെൻ കോഫി (Bremer Freiheit, 1972), ഫിയർ ഈറ്റ്സ് ദ് സോൾ (Angst essen Seele auf, 1973), ഫോക്സ് ഏന്റ് ഹിസ് ഫ്രന്റ്സ് (Faustrecht der Freiheit, 1974), സാതാൻസ് ബ്ര്യൂ (Satansbraten, 1976), ചൈനീസ് റൂലെറ്റ് (Chinesisches Roulette, 1976), ദ് മാര്യേജ് ഒഫ് മരിയ ബ്രൊൺ (Die Ehe der Maria Braun, 1978), ഇൻ എ ഇയർ വിത് 13 മൂൺസ് (In einem Jahr mit 13 Monden, 1978), ബെർലിൻ അലക്സാണ്ടർപ്ലാറ്റ്സ് (1979-80, ഒരു മണിക്കൂറോളം നീളമുള്ള പതിമൂന്ന് ഭാഗങ്ങളായി ചെയ്ത സിനിമ), ലോല (1981), വെറോണിക വോസ് (Die Sehnsucht der Veronkia Voss, 1982), ക്വറെൽ (1982) എന്നിവയാണ് അദ്ദേഹത്തിന്റെ സുപ്രധാന ചിത്രങ്ങളിൽ ചിലത്. ഇതിൽ ദ് മാര്യേജ് ഒഫ് മരിയ ബ്രൊൺ, ലോല, വെറോണിക വോസ് എന്നീ ചിത്രങ്ങൾ സ്ത്രീചിത്രത്രയം എന്നറിയപ്പെടുന്നു.

ഒരു സമൂഹത്തിലേക്ക്, അതിന് പുറത്തുനിന്നെത്തിച്ചേരുന്ന മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് വളരെ അനുകമ്പയോടു കൂടി സംസാരിച്ചവയാണ് ഫാസ്ബിന്ററുടെ സിനിമകൾ മിക്കതും. പ്രണയത്തിൽ ആയവർക്കിടയിൽ മിക്കപ്പോഴും കണ്ടുവരുന്ന അധികാരബന്ധത്തെക്കുറിച്ചുള്ള കയ്പേറിയ ധാരണകളെക്കുറിച്ചുള്ള കൃത്യമായ വിശകലനം അദ്ദേഹത്തിന്റെ സിനിമകൾ പലപ്പോഴും മുന്നോട്ടുവെക്കുന്നുണ്ട്. എന്നാലതേ സമയം ഫാസ്ബിന്ററുടെ വ്യക്തിജീവിതം പലപ്പോഴും പ്രശ്നകലുഷിതമായിരുന്നു. വിവാഹം എന്ന സ്ഥാപനത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. എങ്കിലും ഇൻഗ്രിഡ് കേവൻ എന്ന നടിയെ വിവാഹം ചെയ്തിരുന്നു. പക്ഷെ രണ്ട് വർഷത്തിലേക്കപ്പുറം ആ ബന്ധത്തിന് ആയുസ്സുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വർഗലൈംഗികാഭിമുഖ്യം പലപ്പോഴും സങ്കീർണമായ ഒന്നായിരുന്നു.

വിവാദങ്ങൾ എന്നും അദ്ദേഹത്തെ പിന്തുടർന്നിരുന്നു. അദ്ദേഹത്തിന്റെ അരാജകജീവിതവും പരമ്പരാഗത രീതികളോടുള്ള അങ്ങേയറ്റത്തെ വെറുപ്പും പലപ്പോഴും യാഥാസ്ഥിതികരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അവർ എല്ലാ സമയത്തും ഫാസ്ബിന്ററെ എതിർത്തിരുന്നു. എട്ട് എപ്പിസോഡുകളായി സംപ്രേഷണം ചെയ്യേണ്ടിയിരുന്ന അദ്ദേഹത്തിന്റെ എയ്റ്റ് അവേഴ്സ് ഡോണ്ട് മെയ്ക്ക് എ ഡെ എന്ന ടെലിവിഷൻ പരമ്പര ഈ യാഥാസ്ഥിതികരുടെ എതിർപ്പ് കാരണം അഞ്ച് എപ്പിസോഡുകളായി ചുരുക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീവിരുദ്ധതയുടെ പേരിൽ ഫെമിനിസ്റ്റുകളുടെ ഭാഗത്തുനിന്നും ലെസ്ബിയൻ സമൂഹത്തിൽ നിന്നും നിരന്തരമായ വിമർശനങ്ങൾ നേരിടേണ്ടി വന്ന അദ്ദേഹത്തിന് ചില ചിത്രങ്ങളുടെ പേരിൽ ഗെ സമൂഹത്തിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. യാഥാസ്ഥിതികർ ഫാസ്ബിന്ററിനെ തീവ്ര ഇടതുപക്ഷവാദി എന്ന് വിമർശിച്ചപ്പോൾ സ്വന്തം ആശയങ്ങൾ വിറ്റുതുലച്ച ഒരാളായി മാർക്സിസ്റ്റുകളും അദ്ദേഹത്തെ വിമർശിച്ചിരുന്നു.

മയക്കുമരുന്നിന് അടിമപ്പെട്ടുപോയ ഫാസ്ബിന്ററുടെ ജീവിതം മുപ്പത്തിയെട്ടാം വയസ്സിൽ പൊടുന്നനെ 1982 ജൂൺ 10ന് അവസാനിക്കുകയായിരുന്നു. ജർമനിയിലെ മ്യൂണിച്ചിലെ തന്റെ വീടിന്റെ ബെഡ്റൂമിലായിരുന്നു അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്ന് കൂടിയ അളവിൽ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിരുന്നു. റോസ ലക്സംബർഗിനെക്കുറിച്ച് എടുക്കാൻ പോകുന്ന റോസ എൽ എന്ന അടുത്ത ചിത്രത്തെക്കുറിച്ചുള്ള നോട്ടുകൾ വായിച്ച് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു ആ കലാജീവിതം എന്നെന്നേക്കുമായി അവസാനിച്ചത്.

(ഫാസ്ബിന്ററുടെ കലാജീവിതത്തെ വിശദീകരിക്കുന്ന Rainer Werner Fassbinder എന്ന  Documentary കാണാം.)

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


1 Comment
  1. Valsaraj. K. P

    May 31, 2021 at 4:14 pm

    Thank you👍

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *