ഫെഡെറികൊ ഫെല്ലിനി (1920 ജനുവരി 20)

ജന്മദിന സ്മരണ

ഫെഡെറികൊ ഫെല്ലിനി (1920 ജനുവരി 20) Federico Fellini

ലോകസിനിമയിലെ എക്കാലത്തെയും ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് ഇറ്റാലിയൻ ചലച്ചിത്രകാരനായ ഫെഡെറികൊ ഫെല്ലിനി. സിഗ്മണ്ട് ഫ്രോയിഡും കാൾ യുങും മുന്നോട്ടുവച്ച മനോവിശ്ലേഷണരീതികളെ അവലംബിച്ചുകൊണ്ടും, പ്രത്യയശാസ്ത്ര വച്ചുകെട്ടലുകളെ ഒഴിവാക്കിക്കൊണ്ടും സ്വന്തം അനുഭവങ്ങളിലും സ്വപ്നങ്ങളിലും ഊന്നിക്കൊണ്ട് സിനിമകൾ സംവിധാനം ചെയ്തിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മികച്ച തിരക്കഥാകൃത്ത് കൂടിയായിരുന്നു ഫെല്ലിനി.

ഇറ്റലിയിൽ അഡ്രിയാറ്റിക് കടലിനോട് ചേർന്നു കിടക്കുന്ന റിമിനി എന്ന സ്ഥലത്ത് ഒരു മധ്യവർഗകുടുംബത്തിലാണ് ഫെല്ലിനി ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ചിത്രം വരക്കുന്നതിലും പാവക്കളികൾ നടത്തുന്നതിലും വായനയിലും ഒക്കെ സജീവമായ താൽപര്യവും ശ്രദ്ധയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല പിൽക്കാല കഥാപാത്രങ്ങളും രൂപം കൊള്ളുന്നതിന് പ്രചോദനമായത് ചെറുപ്പകാലത്തെ കോമിക് വായനകളായിരുന്നു. മുസോളിനി ഭരണകാലത്ത് പുരുഷന്മാർ നിർബന്ധമായും ചേരേണ്ടിയിരുന്ന ഫാഷിസ്റ്റ് കൂട്ടായ്മയായ അവാങ്ഗാഡിസ്റ്റയിൽ ഫെല്ലിനിയും സഹോദരനും അംഗമായിരുന്നു. 1933ൽ റോമിലേക്കും അവിടെ നിന്ന് 1938ൽ ഫ്ലോറൻസിലേക്കും ഫെല്ലിനി താമസം മാറുകയുണ്ടായി. ഫ്ലോറൻസിൽ 420 എന്നു പേരായ ഒരു മാസികയ്ക്കുവേണ്ടി അദ്ദേഹം കാർട്ടൂണുകൾ വരയ്ക്കാനാരംഭിച്ചു.

1939ൽ വീണ്ടും റോമിലേക്കെത്തിയ ഫെല്ലിനി അവിടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയൽ വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും റേഡിയോയ്ക്കും സിനിമയ്ക്കും വേണ്ടി എഴുതുകയും ചെയ്തു. 1941ലാണ് സിനിമകൾക്കു വേണ്ടി തിരക്കഥകൾ രചിക്കുന്ന ജോലി അദ്ദേഹം സ്വീകരിച്ചത്. ഇക്കാലയളവിലാണ് ജൂലിയെറ്റ മാസിനിയെ പരിചയപ്പെടുന്നത്. പിൽക്കാലത്ത് ഫെല്ലിനിയുടെ ഭാര്യയാവുന്ന മാസിനിയാണ് ലാ സ്ട്രാഡയിലും നൈറ്റ്സ് ഒഫ് കബീരിയയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രണ്ടാം ലോകയുദ്ധത്തിനിടയിൽ റോം വിമോചിപ്പിക്കപ്പെട്ടപ്പോൾ, 1944ൽ, അമേരിക്കൻ പട്ടാളക്കാരുടെ കാരിക്കേചർ വരച്ചുകൊടുക്കുന്ന ഒരു സ്ഥാപനം ഫെല്ലിനി തുടങ്ങിയിരുന്നു. ഇവിടെവച്ചാണ് ഇറ്റാലിയൻ സിനിമയിലെ ഇതിഹാസമായി മാറിയ റോബർടൊ റോസല്ലിനി ഫെല്ലിനിയെ കാണുന്നതും പരിചയപ്പെടുന്നതും തുടർന്ന് ഇറ്റാലിയൻ നിയോറിയലിസം എന്ന പേരിൽ പിന്നീട് വിഖ്യാതമായ സിനിമാപ്രസ്ഥാനത്തിൽ ഫെല്ലിനി ഭാഗഭാക്കാവുന്നതും. റോസല്ലിനിയുടെ റോം ഓപ്പൺ സിറ്റി എന്ന പ്രശസ്ത സിനിമയുടെ തിരക്കഥാരചന നിർവഹിച്ച ഒരാൾ ഫെല്ലിനിയായിരുന്നു. റോസല്ലിനിയുടെ തന്നെ വിഖ്യാതങ്ങളായ പൈസാൻ, ദ് മിറാക്ൾ എന്നീ ചിത്രങ്ങളിലും ഫെല്ലിനി സഹകരിക്കുന്നുണ്ട്.

1950ൽ ആൽബെർടൊ ലാറ്റ്വാഡയുമായി ചേർന്ന് ചെയ്ത വെറൈറ്റി ലൈറ്റ്സ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭം. എന്നാൽ ഫെല്ലിനി ഒറ്റയ്ക്ക് സംവിധാനം ചെയ്ത ആദ്യചിത്രം 1952ൽ പുറത്തുവന്ന ദ് വൈറ്റ് ഷെയ്ഖ് ആണ്. തൊട്ടുപിറകേ 1953ൽ വന്ന  ഈ വിറ്റെല്ലോനി എന്ന ചിത്രം ആ വർഷത്തെ വെനീസ് മേളയിൽ സിൽവർ ലയൺ പുരസ്കാരം നേടുകയുണ്ടായി. 1950 മുതൽ 1965 വരെയുള്ള അദ്ദേഹത്തിന്റെ കാലഘട്ടം ലോകസിനിമയിലെ ഒട്ടേറെ ശ്രദ്ധേയങ്ങളായ ചിത്രങ്ങൾ സംവിധാനം ചെയ്ത കാലമായിരുന്നു.

ലവ് ഇൻ ദ് സിറ്റി (1953), ല സ്ട്രാഡ (1954), ഇൽ ബിദോനി (1955), നൈറ്റ്സ് ഒഫ് കബീരിയ (1957), ല ഡോൾസ് വിറ്റ (1960), ബൊക്കാച്ചിയൊ 70 (1962), 8 1/2 (1963), ജൂലിയറ്റ് ഒഫ് ദ് സ്പിരിറ്റ്സ് (1965), സ്പിരിറ്റ്സ് ഒഫ് ദ് ഡെഡ് (1968), ഫെല്ലിനി: എ ഡയറക്റ്റേഴ്സ് നോട്ബുക് (1969), സറ്റൈരികോൺ (1969), ഈ ക്ലൌൺസ് (1970), അമർകോഡ് (1972), സിറ്റ് ഒഫ് വിമൻ (1980), ഏന്റ് ദ് ഷിപ് സെയ്ൽസ് ഓൺ (1983), ജിഞ്ചർ ഏന്റ് ഫ്രെഡ് (1986), ഇന്റർവിസ്റ്റ (1987), ദ് വോയ്സ് ഒഫ് ദ് മൂൺ (1990) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ. ഇതിൽ പല ചിത്രങ്ങളുടെയും കഥ ഒരുക്കിയതും തിരക്കഥാരചനയിലെ പങ്കാളിയും ഫെല്ലിനി തന്നെയായിരുന്നു.

മാർസെലൊ മാസ്ട്രൊയാനി എന്ന നടനുമായി ഒട്ടേറെ സിനിമകളിൽ സഹകരിച്ചിരുന്ന ഫെല്ലിനിയുടെ പ്രിയപ്പെട്ട നടനായിരുന്നു മാസ്ട്രൊയാനി. ലോകസിനിമയിലെ ശ്രദ്ധേയമായ സംവിധായക-അഭിനേതൃ ജോടികളിലൊന്നായിരുന്നു അവർ.

റോമൻ കത്തോലിസിസവും ഫ്രോയിഡ് മുന്നോട്ടുവച്ച മനോവിശ്ലേഷണ രീതികളുമാണ് ഫെല്ലിനിയെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ചിരുന്ന രണ്ട് ഘടകങ്ങൾ. ഫ്രോയിഡിൽ നിന്ന് ക്രമേണ ഫെല്ലിനിയുടെ താൽപര്യം യുങ്ങിലേക്കെത്തുകയും മനോവിശ്ലേഷണത്തിൽ യുങ് മുന്നോട്ടുവച്ച പുതിയ രീതികളുമായി തന്റെ സിനിമകളെ കൂട്ടിയിണക്കാൻ ഫെല്ലിനി ശ്രമിക്കുകയും ചെയ്തിരുന്നു. റോമൻ കത്തോലിക പള്ളികൾ അതിന്റെ ഘടകങ്ങൾ, അവ മുന്നോട്ടുവച്ച നൈതികത, അതിന്റെ അധികാരബന്ധങ്ങൾ, റോമൻ കതോലിക പരിസരത്ത് പൊതുവെ പറയപ്പെടുന്ന അത്ഭുതപ്രവൃത്തികൾ, യുങ് മനസ്സിലാക്കിയ തരത്തിലുള്ള സ്വപ്നങ്ങൾ, ഭാവനകൾ എന്നീ പരിസരങ്ങളിലായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ സിനിമകൾ വികസിച്ചത്.

കലാകാരർക്ക് കാഴ്ചക്കാരുമായി ആത്മാർത്ഥവും നേരിട്ടുള്ളതുമായ ഒരു ബന്ധം സ്ഥാപിക്കുവാൻ ഒരു സിനിമ വഴി സാധിക്കും എന്ന നിലപാടായിരുന്നു ഫെല്ലിനിക്കുണ്ടായിരുന്നത്. ഒരു സുപ്രധാന കലാരൂപം എന്ന നിലയിൽ സിനിമ ചെയ്യുന്നത് കഥ പറയുന്നയാൾക്കും കാണുന്നയാൾക്കുമിടയിൽ നിഗൂഢമായ ഒരു ബന്ധം സ്ഥാപിക്കുക എന്ന കാര്യമാണ്. ഫെല്ലിനിയുടെ അഭിപ്രായത്തിൽ സംവിധായകന്റെ സ്വപ്നജീവിതത്തിൽ നിന്നാണ് അയാളുടെ സ്വന്തമായ കഥ പറയുന്നതിനുള്ള ദൃശ്യങ്ങൾ അയാൾ കണ്ടെത്തുന്നത്. മനോവികാരങ്ങളുടെയോ മാനസിക വിക്ഷോഭങ്ങളുടെയോ വിനിമയമാണ് അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ ഉന്നം വെയ്ക്കുന്നത്; അല്ലാതെ പ്രത്യയശാസ്ത്ര പ്രസ്താവനകൾ പടച്ചുവിടലല്ല. ഏതെങ്കിലും സുപ്രധാനമായ ഒര കാര്യം ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് പറയണമെങ്കിൽ പ്രത്യയശാസ്ത്രത്തിന്റെ കൈകടത്തൽ ഇല്ലാതെ തന്നെ അത് സാധിക്കും എന്ന് ആത്മാർത്ഥമായി വിശ്വസിച്ചിരുന്ന ഒരാളായിരുന്നു ഫെല്ലിനി. അതുകൊണ്ടുതന്നെ ഇങ്ങനെയൊന്ന് അസാധ്യമാണെന്ന് കരുതുന്ന ഒരു പുതുതലമുറ സിനിമാ നിരൂപകവൃന്ദത്തിന് മുന്നിൽ ഫെല്ലിനി കീറാമുട്ടിയായി തുടരുകയാണുണ്ടായത്.

“ഒരുപാട് കാരണങ്ങൾ കൊണ്ട് വ്യാപകമായി സ്വീകരിക്കപ്പെടുന്നുണ്ട് എന്നതുകൊണ്ടുതന്നെ, എന്റെ സിനിമകൾ തെറ്റിദ്ധരിക്കപ്പെടുന്നു എന്ന് ഞാൻ കരുതുന്നില്ല… പല തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നത്  സിനിമയുടെ വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ തെറ്റായ രീതിയിൽ മനസ്സിലാക്കിയതുകൊണ്ടാണെന്ന് പറയാനാവില്ല. എന്തായാലും, എന്റെ സിനിമകളിൽ ജീവിതത്തിൽ ഉള്ളതിലും കൂടുതലായ വസ്തുനിഷ്ഠയാഥാർത്ഥ്യമൊന്നും ഇല്ലതന്നെ” എന്ന അദ്ദേഹത്തിന്റെ വാചകങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ സാധൂകരിക്കുന്നു.

ഇംഗ്ലീഷ് ഭാഷയിൽ ഇന്ന് പ്രചുരപ്രചാരം നേടിയിട്ടുള്ള പാപരാറ്സിഞ് എന്ന വാക്ക് രൂപംകൊള്ളുന്നത് ലാ ഡോൾസ് വിറ്റ എന്ന ഫെല്ലിനി ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ പേരായ പാപരാസോവിൽ നിന്നാണ്. അത്രയേറെ സ്വാധീനം ലോകസിനിമയിൽ ഫെല്ലിനി ചിത്രങ്ങൾക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും സിനിമകളും സമകാലികരും പിൽക്കാലത്ത് പ്രശസ്തരായവരുമായ ഒട്ടേറെ ചലച്ചിത്രകാർക്ക് എക്കാലത്തെയും പ്രചേദനമായിരുന്നു. പല പ്രമുഖ സംവിധായകരും അവരുടെ പല ചിത്രങ്ങളിലും ഫെല്ലിനിയിൽ നിന്നുള്ള സൂചകങ്ങൾ നേരിട്ടുതന്നെ ഉപയോഗിച്ചിരുന്നു. ‘ഫെല്ലിനി ഓൺ ഫെല്ലിനി’ എന്ന അദ്ദേഹത്തിന്റെ പുസ്തകവും ഏറെ പ്രസിദ്ധമായതും ഒട്ടേറെ ചലച്ചിത്രപ്രവർത്തകരെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ളതുമായ ഒരു കൃതിയാണ്.

ലോകസിനിമയിലെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓസ്കാർ പുരസ്കാരമായിരുന്നു. 12 തവണ ഓസ്കാർ പുരസ്കാരങ്ങൾക്ക് നാമനിർദേശം ലഭിച്ചിരുന്ന അദ്ദേഹത്തിന് നാല് തവണ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചു. ഈ റെക്കോഡ് അക്കാദമി പുരസ്കാരചരിത്രത്തിൽ ഇന്നും ഭേദിക്കപ്പെടാത്ത ഒന്നാണ്. 1992ൽ സമഗ്രസംഭാവനയ്ക്കുള്ള ഓസ്കാർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. കാനിലെ വിഖ്യാതമായ പാം ദി ഓർ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കാനിലെയും വെനീസിലെയും സമഗ്രസംഭാവനപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു,

ഹൃദയാഘാതത്തെത്തുടർന്നുള്ള ചികിത്സയ്ക്കിടയിൽ 1993 ഒക്ടോബർ 31നാണ് ലോകസിനിമയിലെ ഇതിഹാസമായ ഫെഡറികൊ ഫെല്ലിനി അന്തരിച്ചത്.

(ഫെഡറികൊ ഫെല്ലിനിയുടെ ശ്രദ്ധേയമായ മൂന്നു സിനിമകള്‍ ഉള്‍പ്പെടുത്തി ഓപ്പണ്‍ ഫ്രെയിം സംഘടിപ്പിക്കുന്ന ഫെല്ലിനി ജന്മദിന ഓണ്‍ലൈന്‍ ചലച്ചിത്രമേള ഇന്ന് വൈകുന്നേരം ആറു മണിമുതല്‍ https://openframe.online/ എന്ന സൈറ്റില്‍ ആരംഭിക്കും. ഫെല്ലിനിയുടെ ല സ്ട്രാഡ, നൈറ്റ്സ് ഒഫ് കബീരിയ, ല ഡോൾസ് വിറ്റ എന്നീ സിനിമകള്‍ മലയാളം, ഇംഗ്ലീഷ് ഉപശീര്‍ഷകങ്ങളോടെ പ്രദര്‍ശിപ്പിക്കും)

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍


Write a Reply or Comment

Your email address will not be published. Required fields are marked *