ജ്യുസെപ്പെ ടൊർണടോറെ (ജനനം – 1956 മെയ് 27)

ജന്മദിന സ്മരണ

ജ്യുസെപ്പെ ടൊർണടോറെ (ജനനം – 1956 മെയ് 27) Giuseppe Tornatore

ഇറ്റാലിയൻ പുതുസംവിധായകരിൽ വിസ്മയമായി മാറിയ ചലച്ചിത്രകാരനാണ് ജ്യുസെപ്പെ ടൊർണടോറെ. തിരക്കഥാകൃത്ത് കൂടിയായ അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും സംസാരിക്കുന്നത് ലോകത്തിൽ സ്വന്തം ഇടം തിരിച്ചറിയാനുള്ള മനുഷ്യരുടെ ശ്രമങ്ങളെക്കുറിച്ചാണ്. അത് മിക്കപ്പോഴും വൈകാരികവും ഗൃഹാതുരത മുറ്റി നിൽക്കുന്നവയുമായിരിക്കും. സ്വന്തം ജന്മനാടായ സിസിലിയിലെ മനുഷ്യജീവിതത്തിന്റെ കഥയാണ് അദ്ദേഹം മിക്ക സിനിമകളിലും ചിത്രീകരിച്ചത്.

ഇറ്റലിയിലെ സിസിലിയുള്ള പാലെർമൊയുടെ പ്രാന്തപ്രദേശത്താണ് ടൊർണടോറെ ജനിച്ചത്. വളരെ ചെറുപ്പം തൊട്ടേ ഫോട്ടാഗ്രഫിയിൽ താൽപര്യമുണ്ടായിരുന്നു ടൊർണടോറെ പതിനാറ് വയസ്സാകുമ്പോഴേക്കും അഭിനയത്തിലും നാടകത്തിലും സജീവമാകുവാനാരംഭിച്ചു. ലൂയിഗി പിരാന്റെലോയുടെയും ദി ഫിലിപ്പൊയുടെയും നാടകങ്ങൾ അക്കാലത്ത് അദ്ദേഹം സ്റ്റേജിൽ അവതരിപ്പിച്ചിരുന്നു.

കുറച്ച്കാലം ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്ത അദ്ദേഹം 1982ൽ ദ് എത്നിക് മൈനോറിറ്റീസ് ഒഫ് സിസിലി എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് കടക്കുന്നത്. 1979 മുതൽ 1985 വരെ അദ്ദേഹം ഇറ്റലിയുടെ ദേശീയ പ്രക്ഷേപണ നിലയമായ RAI (Radiotelevisione italiana)ക്കുവേണ്ടി ജോലി ചെയ്തു. 1986ലാണ് ആദ്യ ഫീച്ചർ സിനിമയായ ദ് പ്രൊഫസർ സംവിധാനം ചെയ്തത്.

സിനേമ പാരഡൈസൊ (Nuovo Cinema Paradiso, 1988), എവരിബഡി ഈസ് ഫൈൻ (Stanno tutti bene, 1990), എസ്പെഷ്യലി ഓൺ സൺഡെ (segment “Il cane blu”, 1991), എ പ്യുവ്ർ ഫോർമാലിറ്റി (Una pura formalità, 1994), ദ് സ്റ്റാർ മേക്കർ (L’uomo delle stele, 1995), ദ് ലെജന്റ് ഒഫ് 1900 (La leggenda del pianista sull’oceano, 1998), മലീന (Malèna, 2000), ദ് അൺനോൺ വുമൺ (La sconosciuta, 2006), ബാരിയ (Baarìa, 2009), ദ് ബെസ്റ്റ് ഓഫർ, (La migliore offerta, 2013), ദ് കറസ്പോണ്ടൻസ് (La corrispondenza, 2016) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് സുപ്രധാന ചിത്രങ്ങൾ.

സിനേമ പാരഡൈസൊ എന്ന ചിത്രമാണ് അദ്ദേഹത്തെ ലോകത്തെ മികച്ച സംവിധായകരിൽ ഒരാൾ എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനാക്കിയത്. ഈ ചിത്രത്തിന് 1990ൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരവും ലഭിക്കുകയുണ്ടായി. കാനിലെ ജൂറി പുരസ്കാരവും, ഗോൾഡൻ ഗ്ലോബ് പുരസ്കാരവും അടക്കം ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി.

എന്നിയോ മോറിക്കോൺ എന്ന കംപോസറുമായി അദ്ദേഹത്തിന് മികച്ച ആത്മബന്ധമാണുള്ളത്. ടൊർണാടോറെയുടെ പതിമൂന്ന് സിനികൾക്ക് സംഗീതസംവിധാനം നിർവഹിച്ചത് മോറിക്കോൺ ആയിരുന്നു.

സിസിലിക്കാർ തന്നെ ചർച്ച ചെയ്യാൻ മടിച്ചിരുന്ന ഫാഷിസവും രണ്ടാംലോകയുദ്ധവും പോലെയുള്ള ചരിത്രപരവും സാമൂഹികവുമായ പ്രശ്നങ്ങളെ സധൈര്യം കൈകാര്യം ചെയ്തു എന്നിടത്താണ് ടൊർണാടോറെയിലെ സാമൂഹികാവബോധമുള്ള രാഷ്ട്രീയ ചലച്ചിത്രകാരനെ നമ്മൾ തിരിച്ചറിയേണ്ടുന്നത്.

“ഒരു കഥ നിങ്ങളെ പിടികൂടിക്കഴിഞ്ഞാൽ നിങ്ങൾ അതിനോട് തികഞ്ഞ സത്യസന്ധത പുലർത്തേണ്ടതുണ്ട്. ഈ ജോലിയിൽ പഠിക്കുക എന്ന പ്രക്രിയ ഒരിക്കലും അവസാനിപ്പിക്കാൻ കഴിയില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്. സിനിമയുണ്ടാക്കുക എന്നത് അങ്ങേയറ്റത്തെ ഒതുക്കത്തോടെയും അതേസമയം  കടുത്ത നിശ്ചയദാർഢ്യത്തോടെയും ചെയ്യേണ്ട പ്രവൃത്തിയാണെന്ന ബോധ്യവും എനിക്കുണ്ട്. എനിക്കപ്പുറവുമിപ്പുറവുമുള്ള ഏതെങ്കിലുമൊരു വ്യക്തിയുടെയോ, സംഭവത്തിന്റെയോ, വസ്തുവിന്റെയോ ആഖ്യാനപരമോ വിവരണാത്മകമോ ആയ സാധ്യതകൾ എന്നെ എല്ലായ്പ്പോഴും ആകർഷിച്ചുകൊണ്ടേയിരിക്കുന്നു… തെരുവുകളിലൂടെ നടക്കുമ്പോൾ എനിക്കറിയാത്ത ആയിരക്കണക്കിന് കഥകളുടെ മേലെ ചവിട്ടിക്കൊണ്ടാണ് ഞാൻ നടക്കുന്നതെന്ന ബോധ്യം എനിക്കുണ്ട്. അത് ഞാനറിയുകയാണെങ്കിൽ വർഷങ്ങളോളം അതിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുക എന്നതായിരിക്കും എന്റെ പ്രചോദനം. കാരണം നിങ്ങളുടെ ഓരോ കാലടികളിലും കഥകളുണ്ട്.” എന്ന് ടൊർണടോറെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

ജ്യുസെപ്പെ ടൊർണടോറെ തന്റെ സിനിമകളെ ക്കുറിച്ച് സംസാരിക്കുന്നത് കാണാം. GIUSEPPE TORNATORE — EVERY FILM MY FIRST FILM

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *