മാർടിൻ സ്കോസെസി (1942 നവംബർ 17)

ജന്മദിന സ്മരണ

മാർടിൻ സ്കോസെസി (1942 നവംബർ 17) Martin Scorsese

കച്ചവടമാത്ര ഹോളിവുഡ് സിനിമാ പ്രസ്ഥാനത്തിൽ, പുതുഹോളിവുഡ് വഴി വെട്ടിത്തുറന്ന പ്രമുഖ സംവിധായകനാണ് മാർടിൻ സ്കോസെസി. വിൽപനയ്ക്കുതകുന്ന ഫോർമുലകളെ മാത്രം അവലംബിച്ച് നിർമിച്ച ഹോളിവുഡ് വാർപ്പുമാതൃകകൾക്ക് കനത്ത പ്രഹരമായി മാറുകയായിരുന്നു സ്കോസെസിയുടെ സിനിമകൾ. വ്യത്യസ്തമായ വിഷയങ്ങളിൽ, പതിവിൽ നിന്നും തീർത്തും വ്യത്യസ്തമായ ശൈലിയിൽ അദ്ദേഹം നിരന്തരം സിനിമകൾ സംവിധാനം ചെയ്തുകൊണ്ടേയിരുന്നു. സംവിധായൻ എന്നതിന് പുറമേ, നിർമാതാവ്, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു.

ന്യൂയോർക്കിലെ ഫ്ലഷിങ് എന്ന പ്രദേശത്താണ് സ്കോസെസി ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഇറ്റലിയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരുടെ പിൻതലമുറയായിരുന്നു എന്നതുകൊണ്ടുതന്നെ അത്തരത്തിൽ ഉള്ള ആളുകൾ തിങ്ങിപ്പാർക്കുന്ന ലിറ്റിൽ ഇറ്റലി എന്ന പ്രദേശത്തേക്ക് പിന്നീട് ആ കുടുംബം മാറിത്താമസിക്കുകയുണ്ടായി. കത്തോലിക്കാ വിശ്വാസിയായാണ് അദ്ദേഹത്തെ വളർത്തിയത്. ചെറുപ്പം തൊട്ടേ കടുത്ത ആസ്തമ രോഗിയായതു കൊണ്ട് കൂട്ടുകാർക്കൊപ്പം കളിച്ചുനടക്കാനോ അത്തരത്തിലുള്ള വിനോദങ്ങളിലൊന്നും ഇടപഴകുവാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് ചെറുപ്പത്തിൽ തന്നെ ഒരു വിനോദോപാധി എന്ന നിലയിൽ അച്ഛനമ്മമാർ അദ്ദേഹത്തെ തിയറ്ററിൽ കൊണ്ടുപോയി സിനിമ കാണിച്ചുകൊടുത്തിരുന്നു. ഇതായിരുന്നു സിനിമയോടുള്ള അതിയായ മോഹം മനസ്സിൽ പതിയുന്നതിനുള്ള ആദ്യകാല കാരണം.

വൈദികനാവുന്നതിനുള്ള പരിശീലനം നേടുന്നതിനായി 1956ൽ കതീഡ്രൽ കോളേജിൽ ചേർന്നു. ഇവിടത്തെ പഠനം പൂർത്തിയാക്കാൻ സാധിക്കാതെ ന്യൂയോർക് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കലാപഠനത്തിൽ ബിരുദാനന്തരബിരുദവും നേടി. ബിരുദ-ബിരുദാനന്തര വിദ്യാഭ്യാസത്തിന്റെ കാലഘട്ടമാണ് സിനിമ എടുക്കണമെന്ന ആഗ്രഹത്തിന് ശക്തി പകർന്നത്. ഇവിടത്തെ പ്രൊഫസറായ ഹെയ്ഗ് പി. മനൂഗിയനുമായി അദ്ദേഹം അടുക്കുകയും ജീവിതകാലം മുഴുവൻ നീളുന്ന ബന്ധത്തിലേക്ക് ഇത് നീളുകയും ചെയ്യുന്നു. അദ്ദേഹമായിരുന്നു സ്കോസെസിയുടെ ആദ്യ ഫീച്ചർ സിനിമയുടെ സഹനിർമാണ ചുമതല ഏറ്റെടുത്തത്. റെയ്ജിങ് ബുൾ എന്ന സ്കോസെസിയുടെ സുപ്രസിദ്ധ ചലച്ചിത്രം അദ്ദേഹം സമർപ്പിച്ചിരിക്കുന്നത് മനൂഗിയനാണ്.

പഠനകാലത്ത് ധാരാളം ഹ്രസ്വചിത്രങ്ങൾ നിർമിച്ചിരുന്നു. അമേരിക്കയുടെ വിയറ്റ്നാം യുദ്ധകാലത്തെ നടപടികളെ നിശിതമായി വിമർശിക്കുന്ന ദ് ബിഗ് ഷേവ് (1967) ആണ് അവയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. പഠനം കഴിഞ്ഞ ഉടൻ തന്നെ ആദ്യ ഫീച്ചർ സിനിമ പുറത്തുവന്നു. ഐ കോൾ ഫസ്റ്റ് എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം നൽകിയ പേരെങ്കിലും പിന്നീട് ഹു ഈസ് ദാറ്റ് നോക്കിങ് അറ്റ് മൈ ഡോർ എന്ന് മാറ്റി. ഈ പേരിലാണ് ചിത്രം പ്രസിദ്ധമായത്. 1967ൽ പുറത്തുവന്ന ഈ ചിത്രം ആ വർഷത്തെ ചിക്കാഗോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും വൻതോതിൽ പ്രേക്ഷകശ്രദ്ധയും നിരൂപകശ്രദ്ധയും നേടുകയും ചെയ്തു. ചലച്ചിത്രരംഗത്ത് പിന്നീടങ്ങോട്ട് സ്കോസെസി യുഗം എന്ന് വിശേഷിപ്പിക്കാവുന്ന സവിശേഷകാലം ആരംഭിക്കുന്നത് ഇവിടെ നിന്നായിരുന്നു.

ബോക്സ്കാർ ബെർത (1972), മീൻ സ്ട്രീറ്റ്സ് (1973), ആലീസ് ഡസ്ന്റ് ല്യിവ് ഹിയർ എനിമോർ (1974), ടാക്സി ഡ്രൈവർ (1976), ന്യൂ യോർക്, ന്യൂ യോർക് (1977), റേജിങ് ബുൾ (1980), ദ് കിങ് ഒഫ് കോമഡി (1982), ദ് ലാസ്റ്റ് ടെംപ്റ്റേഷൻ ഒഫ് ക്രൈസ്റ്റ് (1988), ഗുഡ്ഫെലാസ് (1990),  ദ് ഏജ് ഒഫ് ഇന്നസെൻസ് (1993), കാസിനൊ (1995), കുന്ദുൻ (1997), ബ്രിങിങ് ഔട് ദ് ഡെഡ് (1999), ഗാങ്സ് ഒഫ് ന്യൂ യോർക് (2002), ദ് ഏവിയേറ്റർ (2004), ദ് ഡിപാർടഡ് (2006), ഷട്ടർ ഐലന്റ് (2010), ഹ്യൂഗൊ (2011), ദ് വുൾഫ് ഒഫ് ദ് വാൾസ്ട്രീറ്റ് (2013), സൈലൻസ് (2016), ദ് ഐറിഷ് മേൻ (2019) എന്നിവയാണ് അദ്ദേഹത്തിന്റെ സുപ്രധാന ഫീച്ചർ സിനിമകൾ.

ഇറ്റാലിയനമേരിക്കൻ (1974), ദ് ലാസ്റ്റ് വാൾട്സ് (1978), എ പേഴ്സണൽ ജേണി വിഥ് മാർടിൻ സ്കോസെസി (1995), മൈ വോയെജ് റ്റു ഇറ്റലി (1999), നൊ ഡയരക്ഷൻ ഹോം: ബോബ് ഡൈലൻ (2005), ഷൈൻ എ ലൈറ്റ് (2008), ജോർജ് ഹാരിസൺ: ലിവിങ് ഇൻ ദ് മെറ്റീരിയൽ വേൾഡ് (2011), ദ് 50 ഇയർ ആർഗ്യുമെന്റ് (2014) എന്നിവ അദ്ദേഹം സംവിധാനം ചെയ്ത സുപ്രധാന ഡോക്യുമെന്ററികളിൽ ചിലതാണ്. ഇതിന് പുറമേ നിരവധി ഹ്രസ്വചിത്രങ്ങളും ടെലിവിഷനു വേണ്ടിയുള്ള സിനിമകളും പരസ്യചിത്രങ്ങളും മ്യൂസിക് വീഡിയോകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഇറ്റാലിയൻ നിയോറിയലിസ്റ്റ് പ്രസ്ഥാനം അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. സത്യജിത് റോയി, ഇങ്മർ ബർഗ്മാൻ, മൈക്കലാഞ്ജലൊ അന്റോണിയോണി, ഫെഡറിക്കൊ ഫെല്ലിനി എന്നിവരാണ് തന്നെ ഏറ്റവുമേറെ സ്വാധീനിച്ച സംവിധായകരായി അദ്ദേഹം വിശേഷിപ്പിക്കുന്നത്. സത്യജിത് റോയിയുടെയും മറ്റും ചിത്രങ്ങൾ വിദേശപ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും അത്തരം ചിത്രങ്ങളുടെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുന്നതിനും നിരന്തരം ശ്രമിച്ചിരുന്ന ഒരു സംവിധായകൻ കൂടിയാണദ്ദേഹം.

സാങ്കേതികപ്രവർത്തകരിൽ കുറേപ്പേരെ അദ്ദേഹം പതിവായി കൂടെ നിർത്താറുണ്ട്. നടന്മാരിൽ റോബർട് ഡിനീറൊ, ലിയൊനാർഡൊ ഡി കാപ്രിയൊ, ഹാർവെ കെയ്റ്റൽ എന്നിവരും ഛായാഗ്രാഹകരിൽ മൈക്കൽ ബാൽഹോസ്, റോബർട് റിച്ചാർഡ്സൺ, മൈക്കിൾ ചാപ്മാൻ, റോഡ്രിഗൊ പ്രിയെത്തൊ എഡിറ്ററായ തെൽമ ഷൂൺമേക്കർ എന്നിവരും ഒക്കെ നിരന്തരസഹപ്രവർത്തകർക്കുള്ള ഉദാഹരണങ്ങളാണ്. ഇവരിൽ മിക്കയാളുകൾക്കും അവരവരുടെ മേഖലയിൽ ഓസ്കാർ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ സ്കോസെസി ചിത്രങ്ങളിലൂടെ ലഭിച്ചിട്ടുമുണ്ട്.

ഇറ്റാലിയൻ-അമേരിക്കൻ സ്വത്വബോധം, പാപം-പാപമോചനം എന്നിവയെക്കുറിച്ചുള്ള കത്തോലിക്കാ പ്രമാണങ്ങൾ, വിശ്വാസം, പൌരുഷം, നിഷേധവാദങ്ങൾ, കുറ്റം, വിഭാഗീയതകൾ തുടങ്ങിയ ആശയങ്ങളെ അധികരിച്ചായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ ഏറെയും.

അകിര കുറൊസാവയുടെ വിഖ്യാതചിത്രമായ ഡ്രീംസിൽ, ക്രോസ് എന്ന ഭാഗത്ത് വിൻസെന്റ് വാൻഗോഗായി അഭിനയിക്കുന്നത് മാർടിൻ സ്കോസെസിയാണ്. ഒട്ടേറെ സിനിമകളിൽ അദ്ദേഹം ചെറുതും വലുതുമായ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒട്ടേറെ ചിത്രങ്ങളുടെ നിർമാണവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

1950ന് മുമ്പ് പുറത്തുവന്നിട്ടുള്ള ലോകത്തിലെ ശ്രദ്ധേയങ്ങളായ ഒട്ടുമിക്ക സിനിമകളുടെയും പ്രിന്റുകൾ വീണ്ടെടുക്കാനാവാത്ത വിധം നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവാണ് സ്കോസെസിയെ ദ് ഫിലിം ഫൌണ്ടേഷൻ എന്ന പ്രസ്ഥാനം രൂപീകരിക്കുവാൻ പ്രേരിപ്പിച്ചത്. 1990ൽ രൂപീകൃതമായ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം ഒട്ടേറെ മികച്ച സിനിമകൾ റിസ്റ്റോർ ചെയ്ത് പ്രദർശിപ്പിക്കുന്ന പ്രവർത്തനം നിരന്തരമായി ഏറ്റെടുത്ത് നടത്തിവരികയാണ്. വുഡി അലൻ, റോബർട് ആൾട്മാൻ, ഫ്രാൻസിസ് ഫോഡ് കൊപ്പോള, ക്ലിന്റ് ഈസ്റ്റ്വുഡ്, സ്റ്റാൻലി ക്യുബ്രിക് തുടങ്ങി നിരവധി പ്രമുഖ സംവിധായകരുടെ സഹകരണത്തോടെയാണ് ഈ പ്രസ്ഥാനം ഇന്ന് പ്രവർത്തിക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമാസംബന്ധിയായ അവാർഡുകൾ മിക്കതും അദ്ദേഹത്തെ തേടിയെത്തയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി 20 ഓസ്കാർ പുരസ്കാരങ്ങളും 23 BAFTA പുരസ്കാരങ്ങളും 11 ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍


3 Comments
 1. Valsarajan

  November 17, 2021 at 2:09 pm

  A very good introduction useful, apt and attracting a new comer 😊

  Reply
 2. Santhosh Aechikkanam

  November 18, 2021 at 10:19 am

  Good

  Reply
 3. Rajan cheruvat

  November 18, 2021 at 7:47 pm

  very interesting,

  Reply

Write a Reply or Comment

Your email address will not be published. Required fields are marked *