ഓർസൺ വെൽസ് (ജനനം – 1915 മെയ് 6)

ജന്മദിന സ്മരണ

ജന്മദിന സ്മരണ

ഓർസൺ വെൽസ് (ജനനം – 1915 മെയ് 6) Orson Welles

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലെല്ലാം വിഖ്യാതനായ പ്രമുഖ അമേരിക്കൻ ചലച്ചിത്രകാരനാണ് ഓ‍ർസൺ വെൽസ് എന്ന് പരക്കെ അറിയപ്പെട്ട ജോ‍ർജ് ഓർസൺ വെൽസ്. സിനിമയ്ക്ക് പുറമേ റേഡിയോ, നാടകം എന്നീ മേഖലകളിലും മികച്ച സംഭാവനകൾ നൽകിയിട്ടുള്ള ഒരു വ്യക്തിയാണദ്ദേഹം. അന്നുവരെ കണ്ട് പരിചയിച്ച രീതികളിൽ നിന്ന് വ്യത്യസ്തമായ പ്രമേയ പരിചരണവും ഛായാഗ്രഹണത്തിലെ നവംനവങ്ങളായ സാധ്യതകൾ തേടി കണ്ടെത്തിയതും ഒക്കെയാണ് അദ്ദേഹം ചലച്ചിത്രമേഖലയ്ക്ക് നൽകിയ സുപ്രധാന സംഭാവനകൾ.

വിസ്കോൻസിനിലെ കെനോസയിൽ റിച്ചാഡിന്റെയും ബിയാട്രീസിന്റെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. നന്നെ ചെറുപ്പത്തിൽ തന്നെ വിസ്കോൻസിന് അപ്പുറത്തെ വിശാലലോകത്തേക്ക് തുറന്നുവെച്ച ഒരു വാതിലായിരുന്നു വെൽസിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അച്ഛൻ. അമ്മ സംഗീതജ്ഞയായതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ പിയാനൊയും വയലിനും അഭ്യസിച്ചിരുന്നു. ബാല്യകാലം തൊട്ടുതന്നെ അഭിനയം, ചിത്രകല, എഴുത്ത് എന്നിവയിൽ അസാമാന്യപ്രതിഭയുണ്ടായിരുന്ന കുട്ടിയായിരുന്നു വെൽസ്. പക്ഷെ അച്ഛനും അമ്മയും വേ‍ർപിരിഞ്ഞത് ഓ‍ർസണിന്റെ ജീവിതത്തിലും ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. പതിമൂന്ന് വയസ്സകുമ്പോഴേക്ക് അച്ഛനും അമ്മയും മരിച്ചുപോയതിനെത്തുടർന്ന് കുടുംബസുഹൃത്തായ മൗറിസ് ബേൺസ്റ്റീനാണ് ഓർസണിന്റെ രക്ഷാകർതൃത്വം ഏറ്റെടുത്തത്. അദ്ദേഹമാണ് ഓർസണെ ഇല്ലിനോയിലെ വുഡ്സ്റ്റോകിലെ ടോഡ് സ്കൂൾ എന്ന പ്രശസ്തമായ വിദ്യാലയത്തിൽ ചേർത്തത്. അവിടെയാണ് വെൽസിലെ കലാകാരൻ വെളിച്ചത്തിലേക്ക് വന്നതും. ഇവിടെ ക്ലാസിക്കും ആധുനികവുമായ ഒട്ടേറെ നാടകങ്ങൾ അദ്ദേഹം സ്റ്റേജിൽ അവതരിപ്പിക്കുന്ന രീതി കണ്ട് അധ്യാപകരുൾപ്പെടെ ആശ്ചര്യപ്പെട്ടിരുന്നു. തുടർന്ന് ചിക്കാഗൊ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ അല്പകാലത്തെ പഠനത്തിന് ശേഷം അദ്ദേഹം ഡബ്ലിനിലേക്ക് പോയി. ഇവിടെ അബ്ബി തിയറ്ററിലും ഗേറ്റ് തിയറ്ററിലും അദ്ദേഹം കുറേക്കാലം അഭിനയിച്ചിരുന്നു.

1932ൽ അവിടെ നിന്ന് തിരിച്ച ഇദ്ദേഹം ലണ്ടനിലും ന്യൂ യോർക്കിലും തിയറ്റർ സംബന്ധിയായ പ്രവർത്തനങ്ങൾ ചെയ്യുവാൻ നോക്കിയെങ്കിലും സാധിക്കാതെ വന്നതിനെത്തുടർന്ന് മൊറോക്കോ, സ്പെയിൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുവാൻ പോയി. 1933ൽ അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം റോമിയോ ജൂലിയറ്റ്, കാൻഡിഡ തുടങ്ങിയ പ്രസിദ്ധനാടകങ്ങളിൽ വേഷമിട്ടു. ഇക്കാലത്ത് നാടകവും തിയറ്ററുമായി ബന്ധപ്പെട്ട് ധാരാളം പരീക്ഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. അതെല്ലാം വൻവിജയമാവുകയും ചെയ്തു. ഇതിനിടയിൽ 1934ന്റെ ആദ്യമാസങ്ങളിൽ റേഡിയോയിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. അക്കാലത്ത് എച്ച്.ജി. വെൽസിന്റെ ദ് വാർ ഒഫ് ദ് വേൾഡ്സ് എന്ന കൃതിയ അടിസ്ഥാനമാക്കി അദ്ദേഹം ചെയ്ത റേഡിയോ പരിപാടിയിൽ ന്യൂ ജഴ്സിയിൽ ചൊവ്വാ നിവാസികൾ അക്രമണം അഴിച്ചുവിടും എന്ന് പറഞ്ഞത് വലിയ പുകിലുകളുണ്ടാക്കിയിരുന്നു.

ഹോളിവുഡിന്റെ സുവർണകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട അ‍ഞ്ച് സ്റ്റുഡിയോകളിലൊന്നായ RKO പിക്ചേഴ്സ് 1939 ൽ ജോസഫ് കോൺറാഡിന്റെ ഹാർട് ഒഫ് ഡാർക്നസ് എന്ന നോവൽ ചലച്ചിത്രമാക്കുന്നതുമായി ബന്ധപ്പെട്ട് ഓർസൺ വെൽസുമായി കരാറിലേർപ്പെട്ടുവെങ്കിലും അത് നടന്നതേയില്ല. അതിനെത്തുടർന്നാണ് 1941ൽ സിറ്റിസൺ കേയ്ൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹെ‍ർമൻ ജെ. മങ്കീവിക്സുമായി ചേർന്ന് അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചാൾസ് ഫോസ്റ്റ‍ർ കെയ്ൻ ആയി അഭിനയിച്ചതും വെൽസ് തന്നെയായിരുന്നു. ഈ ചിത്രം സിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നും വെൽസിന്റെ മാസ്റ്റ‍ർപീസുമായിരുന്നു. ഈ ചിത്രത്തിന് ഒമ്പത് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡും ലഭിച്ചു. മറ്റനേകം അവാർഡുകളും ഈ ചിത്രം വാരിക്കൂട്ടുകയുണ്ടായി. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറ്റ്&സൊണ്ട് മാഗസിൻ ഓരോ പത്ത് വ‍ർഷം കൂടുമ്പോഴും ലോകത്തെ മികച്ച ചിത്രം കണ്ടെത്തുവാനായി നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ അടുപ്പിച്ച് അഞ്ച് തവണ ഒന്നാം സ്ഥാനത്തും പിന്നീട് ആദ്യ പത്ത് സ്ഥാനങ്ങൾക്കുള്ളിലും വന്നിട്ടുള്ള ചിത്രമാണ് ഇത്. ഡീപ് ഫോക്കസ് പോലെയുള്ള ക്യാമറാ സങ്കേതങ്ങൾ ആദ്യമായി മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുള്ള ചിത്രവും ഇതാണ്.

ദ് മാഗ്നിഫിഷന്റ് ആംബേഴ്സൺസ് (1942), ജോണി ഇൻ റ്റു ദ് ഫിയർ(1943), ദ് സ്ട്രേയ്ഞ്ചർ (1946), ദ് ലേഡി ഫ്രം ഷാങ്ഹായ് (1947),  മാക്ബെഥ് (1948), ഒഥല്ലൊ (1951), ദ് ടച് ഒഫ് ഈവ്ൾ (1958),  ദ് ട്രയൽ (1962), ചൈംസ് അറ്റ് മിഡ്നൈറ്റ് (1965) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകൾ. അദ്ദേഹം ഷൂട്ട് ചെയ്ത് വെച്ച ഫിലിം ഫുട്ടേജുകളിൽ നിന്ന് അദ്ദേഹത്തിന്റെ മരണാനന്തരം 1992ൽ ഡോൺ ക്വിസോട്ട് എന്ന സിനിമ നി‍‍ർമിച്ചിരുന്നു.

ലോകത്തിലെ എക്കാലത്തെയും മികച്ച സംവിധായകനെ കണ്ടെത്താനായി 2002ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ രണ്ട് തിരഞ്ഞെടുപ്പുകളിൽ മുന്നിൽ വന്നത് ഓർസൺ വെൽസിന്റെ പേരായിരുന്നു. കാൻ, വെനീസ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുരസ്കരിക്കപ്പെട്ടു എന്നതിനോടൊപ്പം തന്നെ ലോകത്തിലെ മഹത്തായ ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കാലിഫോർണിയയിലെ ലോസ് ഏഞ്ചലസിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് 1985 ഒക്ടോബർ 10ന് അദ്ദേഹം അന്തരിച്ചു.

(ഓർസൺ വെൽസിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ലഘുഡോക്യുമെന്ററി കാണാം.)

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *