റൊബേ‍ർ ബ്രെസ്സൊൻ (ജനനം – 1901 സെപ്റ്റംബർ 25)

ജന്മദിന സ്മരണ

റൊബേ‍ർ ബ്രെസ്സൊൻ (ജനനം – 1901 സെപ്റ്റംബർ 25) Robert Bresson

ഫ്രഞ്ച് സിനിമയിലെ അദ്വിതീയനായ ചലച്ചിത്രകാരനാണ് റൊബേർ ബ്രെസ്സൊൻ. നരേറ്റീവ് സിനിമകൾക്ക് സവിശേഷവും തന്റേത് മാത്രമായതുമായ ഒരു പുതിയ ശൈലി അദ്ദേഹമാണ് വെട്ടിത്തുറന്നത്. അദ്ദേഹത്തിന്റെ സിനിമകൾ ട്രാൻസൻഡെൻഡൽ സിനിമ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, അതിനൊക്കെ എത്രയോ അപ്പുറത്തേക്ക് സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകളെ എത്തിച്ച മഹാനായ ചലച്ചിത്രകാരൻ കൂടിയാണദ്ദേഹം. മിനിമൽ സിനിമകളുടെ ഒരു വക്താവ് കൂടിയായ അദ്ദേഹം സുദീർഘമായ സംവിധായകജീവിതകാലത്ത് വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിരുന്നുള്ളൂ. എങ്കിലും അവയോരോന്നും മാസ്റ്റർപീസുകൾ എന്ന രീതിയിൽ വിലയിരുത്താവുന്നതും, സിനിമാചരിത്രത്തിലെ നാഴിക്കക്കല്ലുകളായി അടയാളപ്പെടുത്താവുന്നയുമാണ്.

ഫ്രാൻസിലെ പി ദൊ ദൂമിലാണ് ബ്രെസ്സൊൻ ജനിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാലത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, ഹൈസ്കൂളിൽ ചിത്രകല അഭ്യസിച്ചിരുന്നു എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. പിന്നീട് വിവിധ ഭാഷകളും ദർശനവും അദ്ദേഹം പഠിച്ചിരുന്നു. ചിത്രകലയിലൂടെയാണ് അദ്ദേഹം കലാരംഗത്തേക്ക് പ്രവേശിച്ചത്. 1930 കളാകുമ്പോഴേക്കും അദ്ദേഹം ചിത്രകലയിലെ സർറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രണേതാവായി മാറിക്കഴിഞ്ഞിരുന്നു. 1932 ൽ അദ്ദേഹം എടുത്ത ലുനാർ ലാന്റ്സ്കേപ് എന്ന ഫോട്ടോ അദ്ദേഹത്തിന്റെ സർറിയലിസ്റ്റ് ഭാവുകത്വത്തിന് മികച്ച ഉദാഹരണമാണെന്ന് വിലയിരുത്തപ്പെടുന്നു.

1933ൽ അദ്ദേഹം Affaires publiques (പബ്ലിക് അഫെയേഴ്സ്) എന്ന ഹ്രസ്വചിത്രം സസംവിധാനം ചെയ്തു. തുടർന്നും സിനിമകൾ ചെയ്യുവാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിനുള്ള സാമ്പത്തികസ്രോതസ്സ് കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ ആഗ്രഹം നടന്നില്ല. എന്നാൽ അക്കാലത്ത് തന്നെ റെനെ ക്ലെയ്ർ ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകർക്ക് തിരക്കഥകൾ രചിച്ച് നൽകിയിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് പട്ടാളത്തിൽ ചേർന്നു. കുറേക്കാലം ജർമനിയുടെ യുദ്ധത്തടവുകാരനായി ജയിലിൽ ചെലവഴിച്ചിരുന്നു. ഒരു വർഷത്തോളം നീണ്ട ജയിൽവാസം കഴിഞ്ഞ് അദ്ദേഹം പാരീസിൽ തിരിച്ചെത്തിയപ്പോൾ ഫ്രഞ്ച് സിനിമാരംഗം കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു. അക്കാലത്താണ് അദ്ദേഹം തന്റെ ആദ്യ ഫീച്ചർ ചിത്രമായ Les Anges du péché (1943, Angels of Sin) സംവിധാനം ചെയ്തത്. പിന്നീട് അദ്ദേഹം ഒരു ചലച്ചിത്രസംവിധായകനായി മാറുകയായിരുന്നു.

The Ladies of the Bois de Boulogne (1945), Diary of a Country Priest (1951), A Man Escaped (1956), Pickpocket (1959), The Trial of Joan of Arc (1962), Au Hasard Balthazar (1966), Mouchette (1967), A Gentle Woman (1969), Four Nights of a Dreamer (1971), Lancelot du Lac (1974), The Devil Probably (1977), L’Argent (1983) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ.

1970കളിൽ ഫ്രഞ്ച് യുവാക്കളിൽ കാണപ്പെട്ട നിരാശാബോധത്തെക്കുറിച്ച് സംസാരിച്ച ദ് ഡെവിൾ പ്രോബബ്ളി എന്ന ചിത്രം യുവാക്കളിൽ ആത്മഹത്യാപ്രേരണ ഉണ്ടാക്കുന്നു എന്ന് ആരോപിച്ച് ഫ്രാൻസിൽ നിരോധിക്കുവാൻ തീരുമാനിച്ച ഒന്നായിരുന്നു. പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് അത് കാണുവാൻ പറ്റുമായിരുന്നില്ല. അമേരിക്കയിൽ പോലും തൊണ്ണൂറുകൾക്ക് ശേഷം മാത്രമാണ് ഈ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്.

സംവിധാനം ചെയ്യുന്ന സിനിമകളുടെ നിലവാരത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകൾക്കും തയ്യാറാകാത്ത ഒരു വ്യക്തിയായിരുന്നു ബ്രെസ്സൊൻ. നാല്പത് വ‍ർഷക്കാലം നീണ്ട തന്റെ ദീർഘമായ സിനിമാജീവിതത്തിൽ വെറും പതിമൂന്ന് സിനിമകൾ മാത്രമാണ് അദ്ദേഹം എടുത്തത്. അന്താരാഷ്ട്രതലത്തിൽ തന്നെ സിനിമയിൽ വേറിട്ടുനിൽക്കുന്ന ഒരു സ്ഥാനം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിനുണ്ടായിരുന്ന ഒരുതരം ശുദ്ധസിനിമാ സൗന്ദര്യബോധം പലപ്പോഴും അദ്ദേഹത്തെ മുഖ്യധാരയ്ക്ക് പുറത്തുതന്നെ നിർത്തി. അദ്ദേഹത്തിന്റെ തന്നെ സമകാലികരായ പല ആർട് സിനിമാക്കാരും തങ്ങളുടെ സിനിമകൾക്ക് വേണ്ടി വഹിച്ചിരുന്ന ധാരാളിത്തം, അദ്ദേഹം കണ്ട ഭാവം പോലും നടിച്ചിരുന്നില്ല. താരപദവിയിലുള്ളവരെ സ്വന്തം സിനിമകളിൽ അദ്ദേഹം വളരെ അപൂ‍ർവമായേ ഉപയോഗിച്ചുള്ളൂ. തിയറ്ററിന്റെ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം സിനിമയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെ അപ്പാടെ ഒഴിവാക്കണമെന്ന നിർബന്ധബുദ്ധി ബ്രെസ്സൊനുണ്ടായിരുന്നു. അതിനുവേണ്ടി അദ്ദേഹം സ്വന്തം സിനിമകളിൽ പ്രൊഫഷണൽ നടീ നടന്മാരെ വേണ്ടെന്നുവച്ചു; സംഭാഷണങ്ങൾ തീരെ ചുരുക്കി. ഫിലിം ഫെസ്റ്റിവെലുകളിലെ കാഴ്ചക്കാരെയും നിരൂപകരെയും പോലും ഒരുപോലെ ഭിന്നാഭിപ്രായങ്ങൾ പറയുവാൻ പ്രേരിപ്പിച്ചിരുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. പ്രമുഖ അമേരിക്കൻ എഴുത്തുകാരിയും ദാർശനികയും സംവിധായകയുമായ സൂസൻ സൊന്റാഗ് അദ്ദേഹത്തെക്കുറിച്ചെഴുതിയ പ്രബന്ധങ്ങളിൽ ഒരിടത്ത് ഇങ്ങനെ പറയുന്നു:

“വളരെ ചുരുക്കം പേർക്ക് ആസ്വദിക്കുവാൻ മാത്രമായി സിനിമയെടുക്കുന്ന സംവിധായകൻ എന്ന ഒരു അടയാളം അദ്ദേഹത്തിന് ചാർത്തിക്കൊടുത്തതുകൊണ്ടു തന്നെ, ബുന്വേൽ, ബെർഗ്മാൻ, ഫെല്ലിനി തുടങ്ങിയവരേക്കാളൊക്കെ ഉന്നതസ്ഥാനീയനായിരുന്നിട്ടുകൂടി അവർക്ക് കിട്ടിക്കൊണ്ടിരുന്ന തരത്തിൽ വൻതോതിലുള്ള ആർട് ഹൗസ് പ്രേക്ഷകപിന്തുണയൊന്നും ബ്രെസ്സൊന് ഒരിക്കലും കിട്ടിയിരുന്നില്ല.”

ബ്രെസ്സൊന്റെ സിനിമകൾ പലപ്പോഴും അതീതലോകത്തിന്റെ (transcendental) സിനിമകളായി വിലയിരുത്തപ്പെട്ടിരുന്നു. ആത്മീയതയും അതീതലോകവും അനുഭവിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേതെന്ന് കാണക്കാക്കപ്പെടുന്നു. ചുരുങ്ങിയ മാ‍ർഗങ്ങളിലൂടെ നിര്‍മ്മിച്ചവയായിരുന്നുവെങ്കിലും അസാമാന്യമായ ആഴവും ശക്തിയും മാനവികതയും ഉണ്ടായിരുന്നവയാരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. അവ കാണുന്ന പ്രേക്ഷകരിൽ, ഈ ഭൗതികലോകത്തിനപ്പുറം ഉള്ള ഒരു അതീതലോകമണ്ഡലത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു ബോധം സൃഷ്ടിക്കപ്പെടും എന്നാണ്  വിഖ്യാത ചലച്ചിത്രകാരനായ പോൾ ഷ്രെയ്ഡർ തന്റെ Transcendental Style in Film: Bresson, Ozu, Dreyer എന്ന പുസ്തകത്തിൽ പറയുന്നത്.

1975ൽ പ്രസിദ്ധീകരിച്ച ബ്രെസ്സൊന്റെ നോട്സ് ഒൺ ദ് സിനിമോറ്റൊഗ്രാഫ‍ർ എന്ന കൃതി സിനിമാ സിദ്ധാന്തം, നിരൂപണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശ്രദ്ധേയങ്ങളായ കൃതികളിലൊന്നാണ്. പ്രശസ്തമായ ഫ്രഞ്ച് നവതരംഗ സിനിമാപ്രസ്ഥാനത്തിന്റെ രൂപീകരണത്തെയടക്കം സ്വാധീനിച്ച വിഖ്യാതനായ ഒരു ചലച്ചിത്രകാരന്റെ അനുഭവങ്ങളിലൂടെ സിനിമയെക്കുറിച്ചുള്ള ആധികാരികമായ വിലയിരുത്തലുകൾ അടങ്ങിയ കൃതി കൂടിയാണിത്.

2012ൽ സൈറ്റ് & സൗണ്ട് മാഗസിന്റെ ക്രിടിക്സ് പോളിൽ ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളവയിൽ വച്ച് ഏറ്റവും മികച്ച 250 സിനിമകൾ തിരഞ്ഞെടുത്തപ്പോൾ ആ ലിസ്റ്റിൽ ഇടംപിടിച്ചവയിൽ ഏറ്റവും കൂടുതൽ എണ്ണം സിനിമകൾ ബ്രെസ്സൊൻ സംവിധാനം ചെയ്തവയായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ഏഴ് ചിത്രങ്ങളാണ് ഈ ലിസ്റ്റിൽ ഇടംപിടിച്ചത്. അവയിൽ തന്നെ എ മാൻ എസ്കേപ്ഡ്, പിക്പോകറ്റ്, ഓ ഹസാഡ് ബാൽഥസാർ എന്നിവ ആ ലിസ്റ്റിലെ ആദ്യ നൂറിനുള്ളിൽ പെട്ടിരുന്നു.

കാൻ, ബെ‍ർലിൻ, വെനീസ് ഉൾപ്പെടെയുള്ള വിഖ്യാതചലച്ചിത്രമേളകളിലെല്ലാം അദ്ദേഹത്തിന്റെ സിനിമകൾ പുരസ്കരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ഒട്ടെറെ മറ്റ് അന്താരാഷ്ട്ര പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

“ദസ്തയേവ്സ്കിയാണ് റഷ്യൻ നോവൽ എന്നു പറയാവുന്നതുപോലെ, മൊസാർട് ആണ് ജർമൻ സംഗീതം എന്നു പറയാവുന്നതുപോലെ അദ്ദേഹമാണ് ഫ്രഞ്ച് സിനിമ” എന്ന് ബ്രെസ്സൊനെക്കുറിച്ച് പറഞ്ഞത് മറ്റൊരു വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരനായ ഴാങ് ലുക് ഗൊദാർദ് ആണ്.

വാ‍ർദ്ധക്യസഹജമായ അസുഖങ്ങളെത്തുട‍ർന്ന് 1999 ഡിസംബർ18ന് തന്റെ തൊണ്ണൂറ്റിയെട്ടാം വയസ്സിൽ പാരീസിലെ തന്റെ വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

 

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍

ബ്രെസ്സൊന്റെ വിഖ്യാതമായ രണ്ടു സിനിമകള്‍ കാണാം
Mouchette | 1967 | Robert Bresson

https://youtu.be/lJBMz4QQBUs

Four Night of A Dreamer(Robert Bresson,1971)

https://youtu.be/660eG1orMSU


Write a Reply or Comment

Your email address will not be published. Required fields are marked *