റോബര്‍ട്ടോ റോസല്ലിനി (ജനനം – 1906 മെയ് 8)

ജന്മദിന സ്മരണ

റോബെർടൊ റോസല്ലിനി

(ജനനം – 1906 മെയ് 8)

Roberto Rossellini

ഇറ്റാലിയൻ നിയോറിയലിസം എന്ന വിശ്വവിഖ്യാതമായ സിനിമാപ്രസ്ഥാനത്തിന് മികച്ച സംഭാവനകൾ നൽകിയ ചലച്ചിത്രകാരൻ എന്ന നിലയിൽ ലോകപ്രസിദ്ധനായ ഇറ്റാലിയൻ സംവിധായകനാണ് റോബെർടൊ റോസല്ലിനി. അദ്ദേഹത്തിന്റെ റോം ഓപൺ സിറ്റി എന്ന ചിത്രം ഇറ്റാലിയൻ നിയോറിയലിസ്റ്റ് പ്രസ്ഥാനത്തിലെ ക്ലാസിക് ആയി പരിഗണിക്കപ്പെടുന്ന ഒന്നാണ്.

ഇറ്റലിയിലെ റോമിലാണ് റോസല്ലിനി ജനിച്ചത്. ഫ്രാൻസിൽ നിന്ന് ഇറ്റലിയിലേക്ക് കുടിയേറിയ ഒരു കുടുംബാംഗമായ എലട്രോയുടെയും വാസ്തുകലാകാരനായ പെപ്പിനൊ റോസല്ലിനിയുടെയും മകനാണ്. റോമിലെ ആദ്യത്തെ തിയറ്റർ നിർമിച്ചയാളാണ് റോസല്ലിനിയുടെ അച്ഛൻ. അതുകൊണ്ടുതന്നെ ആ തിയറ്ററിൽ നിന്ന് സിനിമ കാണാൻ സൗജന്യ പാസ് അനുവദിച്ചുകിട്ടയിതുകൊണ്ട് വരുന്ന എല്ലാ സിനിമകളും കാണുക എന്നത് റോസല്ലിനിയുടെ ചെറുപ്പം മുതലുള്ള പ്രധാന വിനോദമായിരുന്നു. അച്ഛന്റെ മരണശേഷം സിനിമയുമായി ബന്ധപ്പെട്ട ചെറിയ ചെറിയ ജോലികൾ അദ്ദേഹം ചെയ്യാനാരംഭിച്ചു.

റോസല്ലിനിക്ക് 16 വയസ്സാകുമ്പോഴാണ് ഇറ്റലിയിൽ ബെനിറ്റൊ മുസോളിനിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം അധികാരത്തിൽ വരുന്നത്. ഇവർക്കുവേണ്ടിയുള്ള പ്രൊപഗാണ്ട സിനിമകൾ നിർമിച്ചുകൊണ്ടായിരുന്നു റോസല്ലിനിയുടെ സംവിധായകൻ എന്ന രീതിയിലുള്ള തുടക്കം. ദ് വൈറ്റ് ഷിപ് (1941), എ പൈലറ്റ് റിടേൺസ് (1942), ദ് മാൻ വിത് എ ക്രോസ് (1943) എന്നിവയായിരുന്നു ഇക്കാലത്ത് സംവിധാനം ചെയ്ത പ്രധാനചിത്രങ്ങൾ. സിനിമയിൽ പിൽക്കാലത്ത് ശ്രദ്ധേയരായ ഫെഡറിക്കൊ ഫെല്ലിനി തുടങ്ങിയ വ്യക്തികളുമായുള്ള സൗഹൃദം ആരംഭിച്ചതും ഇക്കാലത്ത് തന്നെയാണ്. ഇക്കാലത്ത് ചെയ്തിട്ടുള്ള സിനിമകളെക്കുറിച്ച് റോസല്ലിനി തന്നെ സംസാരിക്കാൻ ആഗ്രഹിച്ചിരുന്നില്ല.

ഫാഷിസ്റ്റ് ഭരണം അവസാനിച്ചതോടെ ഫാഷിസ്റ്റ് വിരുദ്ധചിത്രങ്ങളെടുക്കുക എന്നതായി അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങിനെയാണ് 1945ൽ റോം ഓപൺ സിറ്റി എന്ന വിഖ്യാതചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. രണ്ടാം ലോകയുദ്ധം ഉണ്ടാക്കിയ ദുരന്തങ്ങൾ വരച്ചുകാട്ടുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ പ്രശസ്തമായ യുദ്ധാനന്തരചിത്രത്രയത്തിലെ ആദ്യത്തേതായിരുന്നു. അതിനെത്തുടർന്നാണ് ഈ ത്രയത്തിലെ മറ്റ് രണ്ട് ചിത്രങ്ങളായ പൈസാൻ (1946), ജ‍ർമനി ഇയ‍ർ സീറോ (1947) എന്നീ ചിത്രങ്ങൾ പുറത്തുവന്നത്. ജർമനി ഇയർ സീറോ എന്ന ചിത്രത്തോടെ അദ്ദേഹത്തിന്റെ സിനിമാശൈലിയിൽ കാര്യമായ മാറ്റം വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രം തൊട്ടിങ്ങോട്ട് അദ്ദേഹത്തിനും സമകാലികരായ മാർക്സിസ്റ്റ് നിയൊ റിയലിസ്റ്റ് സൈദ്ധാന്തികർക്കും നിരൂപകർക്കും ഇടയിൽ നിരന്തരമായ വാഗ്വാദം നടന്നിരുന്നു.

1949ൽ ഇറങ്ങിയ സ്ട്രോംബൊളി എന്ന ചിത്രത്തിലാണ് പ്രമുഖ സ്വീഡിഷ് നടിയായ ഇൻഗ്രിഡ് ബെ‍ർഗ്മാനെ റോസല്ലിനി അഭിനയിപ്പിച്ചു തുടങ്ങിയത്. അവ‍ർ തമ്മിലുള്ള വിവാഹത്തിലേക്ക് നീണ്ട ഒരു ബന്ധത്തിലേക്കാണ് അതെത്തിയത്. ഈ ബന്ധം അക്കാലത്തെ വലിയ വിവാദങ്ങളിൽ ഒന്നായിരുന്നതുകൊണ്ടുതന്നെ ജനങ്ങൾ ചിത്രം കാണാൻ കൂട്ടാക്കാതിരുന്നതുകൊണ്ട് ഈ ചിത്രം കാര്യമായ സാമ്പത്തികവിജയം നേടിയില്ല.

ഇന്ത്യയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാനായി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു റോസല്ലിനിയെ ക്ഷണിക്കുകയും  അങ്ങിനെ 1957ൽ അദ്ദേഹം ഇന്ത്യയിലെത്തുകയും ചെയ്തു. ഇന്ത്യയിൽ വച്ച് അദ്ദേഹം ഡോക്യുമെന്ററി പൂർത്തിയാക്കിയെങ്കിലും സൊനാലി ദാസ്ഗുപ്ത എന്ന എഴുത്തുകാരിയുമായി ഉണ്ടായ ബന്ധം വൻവിവാദമായതിനെത്തുടർന്ന് നെഹ്റുവിന് റോസല്ലിനിയോട് ഇന്ത്യ വിട്ടുപോകാൻ പറയേണ്ടതായി വന്നു. എന്നാൽ റോസല്ലിനിയും സൊനാലിയും ഇന്ത്യയിൽ നിന്ന് ഒളിച്ചോടുകയാണുണ്ടായത്. 1973 വരെ റോസല്ലിനിയുടെ ഭാര്യയായി കൂടെയുണ്ടായിരുന്നത് സൊനാലിയായിരുന്നു. ഇന്ത്യയിൽ ഉണ്ടായിരുന്ന കാലയളവിൽ എടുത്ത ഇന്ത്യ – മാതൃഭൂമി എന്ന സിനിമ പുറത്തുവന്നത് 1959ലാണ്.

1963ൽ അദ്ദേഹം ഫീച്ചർ ചിത്രങ്ങെടുക്കുന്നത് നിർത്തുകയാണെന്നും ടെലിവിഷനു വേണ്ടിയുള്ല സാംസ്കാരിക ഡോക്യുമെന്ററികൾ മാത്രമേ ചെയ്യുന്നുള്ളൂവെന്നും പ്രഖ്യാപിക്കുകയുണ്ടായി. ദ് റൈസ് ഒഫ് ലൂയി XIV (1966), ആക്റ്റ്സ് ഒഫ് ദ് അപോസ്റ്റ്ൽസ് (1968), സോക്രട്ടീസ്  (1970), ഇന്റർവ്യൂ വിത് സാൽവദോർ അലെൻഡെ: പവർ ഏന്റ് റീസൺ  (1971), ബ്ലെയ്സ് പാസ്കൽ (1971), ദ് ഏജ് ഒഫ് ദ് മെഡീചി (1972), കാർടേഷ്യസ് (1973), റൈസ് യൂനിവേഴ്സിറ്റി 1973 (1973) എന്നിവ ഇക്കാലത്ത് അദ്ദേഹം ചെയ്ത സിനിമകളാണ്.

1974ൽ സംവിധാനം ചെയ്ത ഇയർ വൺ എന്ന സിനിമയിലൂടെയാണ് അദ്ദേഹം വീണ്ടും ഫീച്ചർസിനിമകളുടെ രംഗത്തേക്ക് തിരിച്ചെത്തിയത്. 1975ൽ സംവിധാനം ചെയ്ത ദ് മെസിയാ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ഫീച്ചർ സിനിമ.

ഹൃദയാഘാതത്തെത്തുടർന്ന് 1977 ജൂൺ 3ന് റോമിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്.

റോസല്ലിനി സിനിമകളെ പരിചയപ്പെടുത്തുന്ന ‘റോസല്ലിനി’ എന്ന ഡോക്യുമെന്ററി സൈറ്റിലെ പ്ലെയറില്‍ കാണാം.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *