അലക്സാണ്ടർ സൊകുറോവ് (ജനനം – 1951 ജൂൺ 14)

ജന്മദിന സ്മരണ

അലക്സാണ്ടർ സൊകുറോവ്

(ജനനം – 1951 ജൂൺ 14) Alexander Sokurov

ചരിത്രത്തെ സിനിമയുടെ പ്രധാനവിഷയമാക്കിയ സുപ്രസിദ്ധ റഷ്യൻ ചലച്ചിത്രകാരനാണ് അലക്സാണ്ടർ സൊകുറോവ്. സിനിമയിലൂടെയുള്ള കലാവിഷ്കാരത്തിന് സ്വന്തമായ ഒരു ശൈലി ഉണ്ടാക്കിയ സൊകുറോവിന്റെ സവിശേഷതകൾ വ്യക്തിപരതയും ഭാവതീവ്രതയുമാണ്.

റഷ്യൻ ഫെഡറേഷനിലെ ഇർകൂറ്റ്സ്ക് ഒബ്ലസ്റ്റിലുള്ള പൊദോർവികയിലാണ് അലക്സാണ്ടർ നികൊളേയിവിച് സൊകുറോവ് ജനിച്ചത്. പട്ടാളകുടുംബത്തിലായിരുന്നു ജനനം. നിഷ്നി നൊവ്ഗൊറോദ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ശേഷം ജെറസിമോവ് ഇൻസ്റ്റിറ്റ്യൂട് സിനിമാറ്റൊഗ്രഫി എന്ന വിഖ്യാതസ്ഥാപനത്തിൽ സിനിമാ പഠനത്തിന് ചേർന്നു. അവിടെ വച്ച് സുപ്രസിദ്ധ റഷ്യൻ ചലച്ചിത്രകാരൻ തർകോവ്സ്കിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തർകോവ്സ്കിയുടെ മിറർ എന്ന ചിത്രം അക്കാലത്ത് സൊകുറോവിനെ ഏറ്റവുമധികം ആകർഷിക്കുകയും എല്ലാ കാലത്തും അദ്ദേഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത ഒന്നായിരുന്നു.

അദ്ദേഹത്തിന്റെ ആദ്യകാലസിനിമകളെല്ലാം തന്നെ സോവിയറ്റ് ഭരണകൂടം നിരോധിച്ചിരുന്നു. ദ് ഡയലോഗ്സ് വിത് സോൾഷെനിറ്റ്സിൻ തുടങ്ങിയ ഡോക്യുമെന്ററികൾ അദ്ദേഹം ഇക്കാലയളവിൽ നിർമിച്ചതാണ്.1997ൽ സംവിധാനം ചെയ്ത മദർ ഏന്റ് സൺ എന്ന ചിത്രത്തോടെയാണ് സൊകുറോവ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടാനാരംഭിച്ചത്. അദ്ദേഹത്തിന്റെ നാല് സിനിമകൾ കാൻ ചലച്ചിത്രമേളയിൽ പ്രീമിയർ എന്ന നിലയിൽ പ്രദർശിപ്പിച്ചിരുന്നു.

മോൺഫുൾ അൺകൺസേൺ (1987), ദ് ലോൺലി വോയ്സ് ഒഫ് മേൻ (1987), ഡെയ്സ് ഒഫ് എക്ലിപ്സ് (1988), സേവ് ഏന്റ് പ്രൊടക്റ്റ് (1989), ദ് സെക്കന്റ് സർക്ൾ (1990), ദ് സ്റ്റോൺ (1992), വിസ്പറിങ് പേജസ് (1994), മൊളോക് (1999), ടോറസ് (2001), റഷ്യൻ ആർക് (2002), ഫാദർ ഏന്റ് സൺ (2003), ദ് സൺ (2005), അലക്സാണ്ട്ര (2007), ഫോസ്റ്റ് (2011), ഫ്രാങ്കൊഫോണിയ (2015), ദ് ലാഫ്റ്റർ എമിഡ് ടിയേഴ്സ് (2021) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനചലച്ചിത്രങ്ങൾ. ഇതിൽ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള റഷ്യൻ ആർക് എന്ന ചിത്രം ഒറ്റ ഷോട്ട് മാത്രമുള്ള സിനിമയാണ്.

കവിത പോലെയുള്ള ദൃശ്യബിംബങ്ങൾ, ആത്മീയതയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ, ഗഹനമായ വിഷയങ്ങൾ, നീണ്ട ടേക്കുകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സിനിമകളുടെ പൊതുസവിശേഷതകളാണ്. പലപ്പോഴും നമുക്ക് തീരെ പിടിതരാതെ പോകും എന്നു തോന്നിക്കുവയാണ് ഈ സിനിമകളുടെയെല്ലാം വിഷയങ്ങൾ. എന്നാൽ അതിലേക്ക് കൃത്യമായി കടക്കുവാൻ സാധിച്ചാൽ അത് പ്രേക്ഷകർക്ക് പകർന്നുനൽകുന്നത് ശക്തമായതും അതിശയിപ്പിക്കുന്നതുമായ ദൃശ്യഭാഷാപ്രയോഗങ്ങളാണ്. തർകോവ്സ്കി തന്നെയായിരുന്നു സിനിമയിൽ അദ്ദേഹത്തിന് മാതൃകയായിരുന്നത്. അദ്ദേഹം ചെയ്തത് പോലെയുള്ള നീണ്ട ടേക്കുകളും ഷോട്ടുകളും അതിലും നീട്ടി എടുക്കുകയായിരുന്നു സൊകുറൊവ് ചെയ്തത്. ആധുനിക ലോകത്തിന്റെ വേഗത സിനിമാനിർമാണരീതികളിലേക്കും കടന്നുവന്നപ്പോൾ അതിനെ അതേപടി സ്വീകരിക്കുകവാൻ സൊകുറോവ് തയ്യാറായില്ല. മറിച്ച് ഇത്തരത്തിലുള്ള വേഗതയുടെ സംസ്കാരത്തോടുള്ള ഒരു പ്രതിരോധമാക്കി തന്റെ സിനിമകളെ അദ്ദേഹം മാറ്റുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ വളരെ പതിഞ്ഞ താളത്തിലായിരിക്കും സൊകുറോവിന്റെ സിനിമകൾ നീങ്ങുന്നത്. സാവധാനതയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ ബദൽസിനിമാസങ്കല്പം മുന്നോട്ടുനീങ്ങിയത്. സോവിയറ്റ് യൂനിയന്റെ പതനത്തിന് അപ്പുറം ഇപ്പുറം എന്നിങ്ങനെ രണ്ട് ധാരകളായി സൊകുറോവിന്റെ സിനിമകളെ തിരിക്കാവുന്നതാണ്.

വിഖ്യാതമായ ഒട്ടേറെ ലോകപുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഫോസ്റ്റ് എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്കാരം ലഭിച്ചു. ലൊകാർണൊ, ബെർലിൻ, മോസ്കൊ ചലച്ചിത്രമേളകളിലും കാനുൾപ്പെടെയുള്ള മറ്റനേകം മേളകിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2017ൽ നടന്ന ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകി സൊകുറോവിനെ ആദരിച്ചിട്ടുണ്ട്.

“റഷ്യക്കാർ നല്ല ഭരണകർത്താക്കളല്ല; അവർ നല്ല രാഷ്ട്രതന്ത്രജ്ഞരാണെന്നം പറയാൻ വയ്യ. പക്ഷെ ഞങ്ങൾ നല്ല സിനിമാസംവിധായകരാണ്, നല്ല എഞ്ചിനീയർമാരും ശാസ്ത്രജ്ഞരുമാണ്… പൊതുവിൽ ഞങ്ങൾ ചലച്ചിത്രാഭിമുഖ്യമുള്ളവരാണ്” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന മറ്റെന്തിലുമപ്പുറം റഷ്യൻ സിനിമയുടെയും ശാസ്ത്രസാങ്കേതികമേഖലയുടെയും പ്രാധാന്യത്തെ എടുത്തുകാണിക്കുന്ന ഒന്നാണ്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍


Write a Reply or Comment

Your email address will not be published. Required fields are marked *