ഭാഷ (Language) | Persian | |
സംവിധാനം (Directed by) | Nazar Brothers | |
പരിഭാഷ (Translation by) | P Premachandran | |
ജോണർ (Johner) | Drama |
ഗാസ മോൺ അമോർ
ടർസാൻ നാസർ, അറബ് നാസർ
2020 / പലസ്തീൻ / 87 മി
ഗാസ മോൺ അമോർ എന്നാൽ ‘ഗാസ, എന്റെ പ്രണയമേ’ എന്നാണർത്ഥം. ഒരേ സമയം ഗാസയോടുള്ള പ്രണയവും ഗാസയിൽ നടക്കുന്ന ഒരു പ്രണയവുമാണത്. പ്രണയിക്കപ്പെടുന്നത് വിവാഹമോചിതയായ ഒരു മകളുള്ള മധ്യവയസ്സു പിന്നിട്ട സിഹാമാണ്. പ്രണയിക്കുന്നതാകട്ടെ അറുപതുകാരനായ ഇസ നാസറും. ഒരു ടെക്‌സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്തും വസ്ത്രങ്ങൾ തുന്നിയുമാണ് സിഹാം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്നത്. ഹമാസിന് നിയന്ത്രണമുള്ള ഗാസയെ ശ്വാസം മുട്ടിക്കുന്ന ഇസ്രായേലിന്റെ നയങ്ങൾ ഈ ദുരിതങ്ങളുടെ പശ്ചാത്തലമാണ്. സമ്പാദ്യങ്ങൾ മുഴുവനും ഇടനിലക്കാർക്ക് നൽകിയും ജീവൻ പണയം വെച്ചും ഗാസയിൽ നിന്ന് രക്ഷപ്പെടാൻ പലരും ശ്രമിക്കുമ്പോഴും ഇസ ഗാസയെ പ്രണയിക്കുന്നു; അതിലുപരി നിശ്ശബ്ദമായി സിഹാമിനെയും. ഒന്നാന്തരം മീൻപിടുത്തക്കാരനായ ഇസയുടെ വലയിൽ കടലിൽ നിന്ന് ഒരു ശിൽപ്പം കുടുങ്ങുന്നതോടെ അയാൾ അതുവരെയില്ലാത്ത പ്രശ്നങ്ങളെ നേരിടാൻ പോവുകയാണ്.
2020 ലെ വെനീസ്, ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം ടൊറൻ്റോയിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്കാരം തേടിയിരുന്നു. 93-ാമത് അക്കാദമി പുരസ്കാരത്തിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പലസ്തീനിയൻ എൻട്രിയായിരുന്നു ‘ഗാസ മോൺ അമോർ’. നാസർ സഹോദരങ്ങൾ ഈ ചിത്രത്തിനു മുൻപ് സംവിധാനം ചെയ്ത ‘ഡീഗ്രേഡ് ‘ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ശ്രദ്ധേയ സിനിമകളിൽ ഒന്നായിരുന്നു.
മലയാളം ഉപശീർഷകം തയ്യാറാക്കിയത്:
പി പ്രേമചന്ദ്രൻ