The Year My Parents Went on Vacation

ഭാഷ (Language) Portuguese
സംവിധാനം (Directed by) Cao Hamburger
പരിഭാഷ (Translation by) P PREMACHANDRAN
ജോണർ (Johner) SPORTS DRAMA

ദി ഇയർ മൈ പേരന്റ്സ് വെന്റ് ഓൺ വെക്കേഷൻ’
സംവിധാനം: കാവോ ഹാംബർഗർ
ബ്രസീല്‍/ 2008/ 110 മി

ബ്രസീലിൽ ക്രൂരമായ സൈനിക സ്വേച്ഛാധിപത്യം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന 1970 കാലം. രാജ്യം മുഴുവൻ മെക്സിക്കോയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ ആവേശത്തിലുമാണ്. പത്ത് വയസ്സുകാരനായ മൗറോ ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന കുട്ടിയാണ്. അവന്റെ മാതാപിതാക്കൾ പട്ടാള ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരായിരുന്നു. പോലീസിന്റെ പിടിയിലാകും എന്ന് മനസ്സിലാക്കിയ അവർ പെട്ടെന്നൊരു ദിവസം മൗറോയെയും കൂട്ടി സാവോ പോളോയിലേക്ക് വണ്ടി കയറുന്നു. തങ്ങൾ ഒരു ‘വെക്കേഷൻ’ പോവുകയാണെന്നും, ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് തിരിച്ചെത്താമെന്നും പറഞ്ഞ് അവർ അവനെ സാവോ പോളോയിലുള്ള മുത്തശ്ശന്റെ വീട്ടുപടിക്കൽ ഇറക്കി പെട്ടെന്ന് അപ്രത്യക്ഷരാകുന്നു. എന്നാല്‍ മൗറോയെ കാത്തിരുന്നത് ആകസ്മികമായ ഒട്ടേറെ സംഭവങ്ങളാണ്.

മാതാപിതാക്കൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന മൗറോയുടെ ഒറ്റപ്പെടലും പെലെയുടെ നേതൃത്വത്തിലുള്ള ബ്രസീലിന്റെ ലോകകപ്പ് വിജയങ്ങളും അവിടുത്തെ ജീവിതവുമെല്ലാം ഇഴചേര്‍ത്തുകൊണ്ടാണ് സിനിമ വികസിക്കുന്നത്. പട്ടാള ഭരണവും കാണാതാകലുകളും രാഷ്ട്രീയവുമൊന്നും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത ഒരു കുട്ടിയുടെ നിഷ്കളങ്കമായ കാഴ്ചയാണ് സിനിമ.

2008-ലെ ഓസ്കാർ അവാർഡിനായുള്ള ബ്രസീലിന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെടുകയും അവസാന ഒൻപത് ചിത്രങ്ങളില്‍ ഒന്നായി ഇടംപിടിക്കുകയും ചെയ്തു. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള ‘ഗോൾഡൻ ബെയർ’ അവാർഡിനായി ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു. സാവോ പോളോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ബ്രസീലിയൻ ചിത്രത്തിനുള്ള പുരസ്കാരവും ക്രിട്ടിക്സ് അവാർഡും ചിത്രം സ്വന്തമാക്കി.


Write a Reply or Comment